

നടൻ വിശാലും നടി സായ് ധൻസികയും തമ്മിൽ വിവാഹിതരാകുന്നുവെന്ന വാർത്ത ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞുവെങ്കിലും വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
എന്തുകൊണ്ടാണ് തങ്ങളുടെ വിവാഹം വൈകുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടി ഇപ്പോൾ. യോഗി ഡാ ആണ് സായ് ധൻസികയുടെ ഇനി പുറത്തുവരാനുള്ള ചിത്രം. ഫെബ്രുവരി ആറിന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ച് നടി മനസ് തുറന്നത്.
"നടികർ സംഘത്തിന്റെ ബിൽഡിങ് പണി പൂർത്തിയായ ശേഷമാകും വിവാഹം. അതിനാൽ വിവാഹ തീയതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യൻ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ ?"- ധൻസിക പറഞ്ഞു.
തങ്ങൾക്കിടയിലെ പ്രായവ്യത്യാസത്തെക്കുറിച്ചും നടി മനസു തുറന്നു. "പത്ത് വയസ് പ്രായ വ്യത്യാസം എന്നതൊന്നും വലിയ കാര്യമല്ല. ഞാൻ പക്വതയുള്ള ഒരാളാണ്. എനിക്ക് വേണ്ടതും പക്വതയുള്ള ഒരു പങ്കാളിയെയാണ്. അതിനാൽ തന്നെ പ്രായ വ്യത്യാസത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. അണ്ടർസ്റ്റാന്റിങും സ്നേഹവും ഉണ്ടായാൽ മതി. അത് ഞങ്ങൾക്കിടയിലുണ്ട്.
വിശാൽ ജീവിതത്തിൽ വന്ന ശേഷം എന്നിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്".- സായ് ധൻസിക കൂട്ടിച്ചേർത്തു. 'യോഗി ഡാ'യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. സായ് ധൻസികയും വിശാലും തമ്മിൽ ഏറെ നാളായി സൗഹൃദത്തിൽ ആയിരുന്നു. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക.
ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം 'സോളോ'യിലൂടെ മലയാളത്തിലും സായ് ധൻസിക എത്തിയിരുന്നു. സുന്ദർ സി സിനിമയായ പുരുഷൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിശാൽ ചിത്രം. തമന്ന, യോഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates