ഹൈക്കോടതി ഫയല്‍
Kerala

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്.

Author : Sujith

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അതിജീവിതയുടെ ഹര്‍ജി നാളെ മൂന്നാമത്തെ ജഡ്ജി പരിഗണിക്കും. ജസ്റ്റിസ് സിഎസ് ഡയസിന്റെ ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. നേരത്തെ രണ്ട് ജസ്റ്റിസുമാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരാണ് പിന്മാറിയത്.

മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത പുനരന്വേഷണ ഹര്‍ജി നല്‍കിയത്. മുന്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയമായ പുനരന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ആയിരുന്ന ലീന റഷീദ്, ജില്ലാ കോടതിയിലെ ബഞ്ച് ക്ലര്‍ക്ക് മഹേഷ് മോഹന്‍, വിചാരണ കോടതി ശിരസ്തദാര്‍ താജുദീന്‍ എന്നിവര്‍ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചെന്നായിരുന്നു മുന്‍പത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ അന്വേഷണം കാര്യക്ഷമമായല്ല നടന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ പറയുന്നു.

തന്റെ സ്വകാര്യത ലംഘിച്ചവര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടായില്ല. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷകര്‍ തയ്യാറായില്ല. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളോ മറ്റ് ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസിന്റെയോ മറ്റ് സ്വതന്ത്ര ഏജന്‍സികളുടെയോ നേതൃത്വത്തില്‍ വിശദമായ ശാസ്ത്രീയ അന്വേഷണം വേണം. ദൃശ്യങ്ങള്‍ കണ്ട മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടു എന്ന ജീവനക്കാരുടെ മൊഴികള്‍ അതേപടി വിശ്വസിച്ച അന്വേഷകര്‍ ആ ഫോണുകള്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചില്ല. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അഞ്ചു മാസത്തോളം ജില്ലാ കോടതി സീനിയര്‍ ക്ലര്‍ക്കിന്റെ കൈവശം അനധികൃതമായി ഇരുന്നിട്ടും തുടരന്വേഷണം നടത്തിയില്ല. അന്വേഷണ നടപടികളില്‍ നിന്ന് തന്നെ ബോധപൂര്‍വം അകറ്റി നിര്‍ത്തി. തനിക്ക് മൊഴിപ്പകര്‍പ്പുകള്‍ നല്‍കിയില്ലെന്നും അതിജീവിത ആരോപിക്കുന്നു.

2017 ഫെബ്രുവരിയിലാണ് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും. നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെ നാലു പേരെ വെറുതെ വിട്ടിരുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആദ്യ 6 പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനു പിന്നാലെയാണ് മെമ്മറി കാര്‍ഡ് വിഷയത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Actress Assault Case: High Court to Consider Survivor’s Plea for Fresh Probe into Memory Card Tampering Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മഴ'യിൽ അഫ്​ഗാൻ 'ഷോക്ക്'! 349 റണ്‍സ് തൂക്കിയിട്ടും ഇന്ത്യ എ തോറ്റു

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേര്‍; കെ മുരളീധരന്റെ 'എരണംകെട്ടവന്‍' ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT