Dileep 
Kerala

'അത് ശരിയെങ്കില്‍ ജ്യൂഡീഷ്യറിക്ക് തീരാക്കളങ്കം, അഡ്വ. അജകുമാര്‍ എന്നോടും പറഞ്ഞിരുന്നു സഹികെടുന്ന സ്ഥിതിയുണ്ടായെന്ന്'

നടിയെ ആക്രമിച്ച കേസിലെ വിധി വരുന്നതിന് ദിവസങ്ങള്‍ മുന്‍പ് പ്രസ്തുത വിധിയെ പരാമര്‍ശിച്ച് ഒരു കത്ത് പുറത്തുവന്നിരുന്നു. ഈ കത്തിലെ പരാമര്‍ശങ്ങള്‍ പോലെ കൃത്യമായിരുന്നു ഡിസംബര്‍ എട്ടിന് പുറത്തുവന്ന വിചാരണ കോടതി വിധി

സമകാലിക മലയാളം ഡെസ്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി വിധിയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യമെന്ന് സി കെ ഗുപ്തന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിശദമായ കുറിപ്പിലാണ് കേസിന്റെ വിചാരണയെ കുറിച്ചും, തുടര്‍ നടപടികളെ കുറിച്ചും ഗുപ്തന്‍ പരാമര്‍ശിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ വിധി വരുന്നതിന് ദിവസങ്ങള്‍ മുന്‍പ് പ്രസ്തുത വിധിയെ പരാമര്‍ശിച്ച് ഒരു കത്ത് പുറത്തുവന്നിരുന്നു. ഈ കത്തിലെ പരാമര്‍ശങ്ങള്‍ പോലെ കൃത്യമായിരുന്നു ഡിസംബര്‍ എട്ടിന് പുറത്തുവന്ന വിചാരണ കോടതി വിധി. കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് മുഖേന ഈ കത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയിട്ടുണ്ട്. കത്തിനെ സുവോമോട്ടോ കേസ്സായി പരിഗണിച്ച്, ജ്യുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കണം എന്നാണ് ഗുപ്തന്റെ ആവശ്യം.

അതിജീവിതയുടെ കേസില്‍ സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും കക്ഷിചേരാന്‍ അവസരം നല്‍കി കഴിയുമെങ്കില്‍ ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയിലുള്ള പ്രത്യേക ബെഞ്ചില്‍, എല്ലാവശങ്ങളും പരിഗണിച്ച് കേസ് കേള്‍ക്കണം. മുഴുവന്‍ തെളിവുകളും, സാക്ഷിമൊഴികളും വിചാരണക്കോടതിയുടെ പരിഗണനയിലെത്തിയോ എന്നിവയും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

രണ്ട് പ്രോസ്സിക്യൂട്ടര്‍മാര്‍ക്ക് ഈ കേസ്സില്‍ രാജിവെക്കേണ്ടിവന്നു. സഹികെട്ടാണെന്ന് രാജിവെച്ച പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കേരളത്തിലെ പ്രസിദ്ധവക്കീലായ അഡ്വ . വി അജയകുമാര്‍ ഈ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി. പലപ്രാവശ്യം സഹികെടാന്‍ ആവുന്ന സ്ഥിതിയുണ്ടായെന്ന് അജകുമാറും പറഞ്ഞിരുന്നെന്നും ഗുപ്തൻ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

അതിജീവിതക്കൊപ്പം

നടി ആക്രമിക്കപ്പെട്ട കേസ്സില്‍ 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗ്ഗീസ്സിന്റെ കോടതിയില്‍ സമര്‍പ്പിച്ചത്. 2017 ഫെബ്രവരി 17നാണ് നടി ആക്രമിക്കപ്പെട്ടത് . ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പെന്‍ഡ്രൈവില്‍ പകര്‍ത്തപ്പെട്ടു. ഇത് ക്വൊട്ടേഷനാണ് എന്നു പറഞ്ഞാണ് നടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ആ തുകയേക്കാള്‍ കൂടുതല്‍ താന്‍ തരാം , തന്നെ വെറുതെ വിടൂ എന്നു യാചിച്ചു പറഞ്ഞപ്പോള്‍ കൊട്ടേഷന്‍ തന്നവരെ വഞ്ചിക്കാനാവില്ല എന്നു പറഞ്ഞു. 2020 ജനുവരി 30 നാണ് കേസ്സില്‍ വിചാരണയാരംഭിച്ചത്. 727 ദിവസമാണ് കോടതി കേസ്സ് പരിഗണിച്ചത്. 261 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 833 രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. 142 തൊണ്ടിമുതല്‍ ഹാജരാക്കി . സാക്ഷിവിസ്താരത്തിന് 438 ദിവസം എടുത്തു. മറ്റു നടപടികള്‍ങ്ങക്കായി 294 ദിവസമെടുത്തു. ചലച്ചിത്രതാരങ്ങളെ അടക്കം വിസ്തരിച്ചു. 28 സാക്ഷികള്‍ കൂറുമാറി.

സ്തുത്യര്‍ഹമായാണ് ഈ കേസ്സു നടത്തിയത് . പ്രോസിക്യൂഷന്‍ പരാജയപ്പെട്ടോ എന്ന് ഈ കേസ്സ് മേല്‌ക്കോടതിയില്‍ അപ്പീല്‍ പോകുമ്പോള്‍, വിധിവരുമ്പോള്‍, വ്യക്തമാവും. ഞാന്‍ സസൂക്ഷ്മം പ്രോസിക്യൂഷന്റെ വാദമുഖങ്ങള്‍ നോക്കിയിരുന്നു. രണ്ട് പ്രോസ്സിക്യൂട്ടര്‍മാര്‍ക്ക് ഈ കേസ്സില്‍ രാജിവെക്കേണ്ടിവന്നു. എന്തു കൊണ്ട്? സഹികെട്ടാണെന്ന് രാജിവെച്ച പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. എങ്ങനെഅവര്‍ക്ക് സഹികെട്ടു? ആരാണ് സഹിക്കാനാവാത്തവിധത്തില്‍ ആ പ്രോസിക്യൂട്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയത്? ആക്രമിക്കപ്പെട്ട നടിക്കും പലപ്പോഴും സഹികെട്ടോ? അവര്‍ക്കും കോടതിയില്‍ നിന്ന് ഇറങ്ങി ഓടേണ്ടിവന്നതെന്തു കൊണ്ട്?

അവസാനം എന്റെ കൂടി പ്രേരണ കൊണ്ടാണ് കേരളത്തിലെ പ്രസിദ്ധവക്കീലായ അഡ്വ . വി അജയകുമാര്‍ ഈ കേസ്സില്‍ സ്‌പേഷ്യല്‍ പ്രോസിക്യൂട്ടറായത് . എന്റെ വീട്ടില്‍ അഡ്വ. വി അജകുമാറും ഭാഗ്യലക്ഷ്മിയും അഞ്ജുവും ചേര്‍ന്ന് ഈ കേസ്സിനെപ്പറ്റി വിശദമായി ചര്‍ച്ചചെയ്തു. അഡ്വ. വി അജകുമാര്‍ എന്നോടും പറഞ്ഞിരുന്നു തനിക്കും പലപ്രാവശ്യം സഹികെടാന്‍ ആവുന്ന സ്ഥിതിയുണ്ടായെന്ന്. പ്രോസിക്യൂഷനേക്കാള്‍ ശക്തരായവര്‍ പ്രതികളോടൊപ്പമായിരുന്നോ? അങ്ങനെയും കേട്ടിരുന്നു. ചിലതൊക്കെ ഞാനും കണ്ടു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി അജകുമാറിനെ സഹായിച്ചു.

ഈ കേസ്സിന് എന്താണ് സംഭവിച്ചത്?

ജ്യുഡീഷ്യറിയുടെ സത്‌പേരിന് കളങ്കമുണ്ടാവത്തക്ക വിധത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചോ ? പ്രവര്‍ത്തിച്ചു. ഡിസംബര്‍ രണ്ടിന്, ഡിസംബര്‍ എട്ടാംതിയതി പുറപ്പെടുവിക്കാന്‍ പോകുന്ന ഈ കേസ്സിന്റെ വിധിയെപ്പറ്റി 'ഒരു പൗരന്‍ ' എഴുതിയ കത്തു കണ്ടു. ഈ കത്ത് കേരള ബാര്‍കൗണ്‍സില്‍ പ്രസിഡണ്ട് ഒരു കവറിങ് ലെറ്റര്‍ മുഖേന കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്സിന്റെ ശ്രദ്ധയില്‍ പെടുത്തിയ രീതിയിലായിരുന്നു എനിക്ക് ലഭിച്ച മെസ്സേജ് . ഡിസംബര്‍ 8 ന് പുറപ്പെടുവിക്കാന്‍ പോകുന്ന വിധി ഈ രീതിയിലാവും എന്ന് ' ഒരു പൗരന്റെ ' കത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. വരവണ്ണം വ്യത്യാസമില്ലാതെ അങ്ങനെയാണ് സംഭവിച്ചത്. ഇത് ശെരിയാണെങ്കില്‍ ജ്യൂഡീഷ്യറിക്ക് തീരാക്കളങ്കമാണ് സംഭവിച്ചിരിക്കുന്നത് . ആറു പതിറ്റാണ്ട് ജ്യുഡീഷ്യറിയില്‍ വിശ്വാസം പുലര്‍ത്തിയിരുന്ന ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്.

കേരള ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ , ----എം എസ്സ് മേനോന്‍, പി ടി രാമന്‍നായര്‍ , വരദാചാരി , --- എന്നിവരുടെ കോടതികളില്‍, കോടതിയുടെ പുറത്തു നിന്ന് കേസ്സു കേള്‍ക്കുന്ന മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു അന്നു ഞാന്‍ . പിന്നീട് ബാംഗംഗാധരമാരാര്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി വന്നു. തൈക്കാട് സുബ്രഹ്മണ്യ അയ്യര്‍, ഈശ്വരയ്യര്‍ , ടി സി എന്‍ മേനോന്‍, സുബ്രഹ്മണ്യന്‍ പോറ്റി , നാരായണന്‍ പോറ്റി തുടങ്ങിയര്‍ കേസ്സുകള്‍ വാദിക്കുന്നത് കേട്ടു. വളരെക്കാലത്തിനുശേഷം എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ത്ഥിയായി.

എല്‍ എല്‍ . ബി, പാസ്സായി . എല്‍ എല്‍ . എം പൂര്‍ത്തിയാക്കി. രാഷ്ട്രീയമായിവ്യക്തമായ കാഴ്ചപ്പാടും നിലപാടുമുണ്ടെങ്കിലും ജ്യുഡീഷ്യറിയെ അത്യധികം സ്‌നേഹിച്ചു ; ബഹുമാനിച്ചു. ആ ജ്യുഡീഷ്യറിയുടെ കര്‍മ്മോന്മുഖത , സത്യസന്ധത, വിശ്വാസ്യത എന്നിവ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സങ്കടം തോന്നുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ്സ് തനിക്കു ലഭിച്ച, കേരള ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പ്രസിഡണ്ട് അയച്ച, കത്ത് സുവോമോട്ടോ കേസ്സായി പരിഗണിച്ച്, ജ്യുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുക്കണം. അതോടൊപ്പം അതിജീവിതയുടെ കേസ്സ് സര്‍ക്കാരിനും അതിജീവിതയ്ക്കും മറ്റാര്‍ക്കെങ്കിലും കേസ്സില്‍ കക്ഷിചേരാനുണ്ടെങ്കില്‍ അവര്‍ക്കും അവസരം കൊടുത്ത് , കഴിയുമെങ്കില്‍ ചീഫ് ജസ്റ്റീസ്സിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചില്‍ , എല്ലാവശങ്ങളും പരിഗണിച്ച് , പ്രത്യേക ബഞ്ചില്‍ ഈ കേസ്സുകേള്‍ക്കണം. മുഴുവന്‍ തെളിവുകളും , സാക്ഷിമൊഴികളും വിചാരണക്കോടതിയുടെ പരിഗണനയിലെത്തിയോ തുടങ്ങിയവയൊക്കെ പരിഗണിക്കപ്പെടണം. അതുവരെ, ഞാന്‍ ഈ കേസ്സിലുണ്ടായവിധിയെപ്പറ്റി, അതിന്റെ മെറിറ്റിനെപ്പറ്റി, ഒരക്ഷരം പറയാനുദ്ദേശിക്കുന്നില്ല.ആ വിധിന്യായം അപഗ്രഥിക്കാനുദ്ദേശിക്കുന്നില്ല. എനിക്ക് പറയാനുള്ളത് പലതും സമൂഹം പറഞ്ഞു കഴിഞ്ഞു. ആ നിലയ്ക്ക് ഇപ്പോള്‍ നിശ്ശബ്ദത പാലിക്കുകയാവും നന്ന്.

TRIVANDRUM

TUESDAY

December 9,2025

തിരുവനന്തപുരം

ചൊവ്വാഴ്ച

വൃശ്ചികം ,23,1201

സികെ ഗുപ്തന്‍

CK Guptan says that the High Court's intervention is necessary in the face of widespread criticism against the trial court's verdict in the actress attack case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി; വടക്കൻ കേരളം പോളിങ് ബൂത്തിലേക്ക്

രണ്ടാംഘട്ട വിധിയെഴുത്ത് തുടങ്ങി, രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിലേക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ; പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ഡിജിറ്റല്‍, കെടിയു വിസി നിയമനം സുപ്രീംകോടതി നടത്തുമോ ?, ഇന്നറിയാം; അയയാതെ ഗവര്‍ണറും മുഖ്യമന്ത്രിയും

SCROLL FOR NEXT