'ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത പീഡനം, ആ നടുക്കം ഇപ്പോഴുമുണ്ടെനിക്ക്'; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒ പറയുന്നു

ആക്രമിക്കപ്പെട്ട നടി നേരിട്ട ക്രൂരത ആദ്യമായി പകര്‍ത്തിയെഴുതുക എന്ന നിയോഗമായിരുന്നു രാധാമണിക്ക് ഉണ്ടായിരുന്നത്
P K Radhamani
P K Radhamani
Updated on
2 min read

കൊച്ചി: 'ഒരു സുപ്രധാനമായ കേസുണ്ട്, നിങ്ങള്‍ എത്രയും പെട്ടെന്ന് എത്തണം'. 2017 ഫെബ്രുവരി 17 ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ വനിത എസ്എച്ച് ഒ രാധാമണിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അന്നത്തെ കൊച്ചി കമ്മീഷണര്‍ എം പി ദിനേഷിന്റേതായിരുന്നു ആ കോള്‍. ഇതുപ്രകാരം സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തുമ്പോള്‍ രാധാമണിക്ക് അറിയില്ലായിരുന്നു താന്‍ ഇടപെടാന്‍ പോകുന്ന കേസിന്റെ വ്യാപ്തി.

P K Radhamani
ക്രിമിനല്‍ ഗൂഢാലോചനയിലടക്കം തെളിവില്ല; റദ്ദാക്കിയത് ദിലീപിനെതിരെയുള്ള 10 കുറ്റങ്ങള്‍

ആലുവയിലെ ചെറിയ വീട്ടില്‍ കുടുംബത്തോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന രാധാമണിക്കും നടിയെ ആക്രമിച്ച കേസിലെ വിധി ദിനം അത്രത്തോളം പ്രധാനമായിരുന്നു. ആക്രമിക്കപ്പെട്ട നടി നേരിട്ട ക്രൂരത ആദ്യമായി പകര്‍ത്തിയെഴുതുക എന്ന നിയോഗമായിരുന്നു രാധാമണിക്ക് ഉണ്ടായിരുന്നത്. രാധാമണി രേഖപ്പെടുത്തിയ ഇരയുടെ മൊഴി എട്ട് വര്‍ഷത്തോളം നീണ്ട നിയമ വഴികളില്‍ അത്രത്തോളം നിര്‍ണായകമായിരുന്നു. എന്നാല്‍ അന്ന് ആ പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ കേട്ടപ്പോഴുണ്ടായ ആഘാതം ഇന്നും തന്നെ പിന്തുടരുന്നു എന്നാണ് വിധി ദിനത്തിലും രാധാമണിക്ക് പറയാനുള്ളത്.

P K Radhamani
'ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല, അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ'

കാക്കനാട് പടമുകളിലെ ലാലിന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ നിരവധി വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നു. അവിടെ ആദ്യം കണ്ട പരിചിത മുഖം ഇപ്പോഴത്തെ നിയമന്ത്രി പി രാജീവിന്റേതായിരുന്നു. നിങ്ങള്‍ വീട്ടിനകത്തേക്കു ചെല്ലു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ കമ്മീഷണര്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു. 'പെണ്‍കുട്ടി ഇരിക്കുന്ന മുറിയില്‍ കയറിയപ്പോള്‍, അവള്‍ വളരെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഉടന്‍ നടപടി ക്രമങ്ങളിലേക്ക് കടന്നില്ല. അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, കുറച്ച് സമയം അവള്‍ക്കൊപ്പമിരുന്നു. അവള്‍ ശാന്തയാകുന്നതുവരെ കാത്തിരുന്നു. അവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, ആ രാത്രിയില്‍ ഞാന്‍ കേട്ടത്, ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു. ഞാന്‍ വളരെയധികം നടുങ്ങിപ്പോയി,' രാധാമണി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

P K Radhamani
'അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു'; ദിലീപ് നിയമ നടപടിക്ക്

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന ഉള്‍പ്പെടെ കേസിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ എല്ലാം രാധാമണി ഇരയോടൊപ്പം ഉണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിക്കുന്നത് വരെ അത് തുടര്‍ന്നു. തന്റെ സര്‍വീസ് കാലയളവിലെ പ്രധാന ഘട്ടമായാണ് കേസിന്റെ വിചാരണ കാലയളവിലെ രാധാമണി കാണുന്നത്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തെ ഒരിക്കല്‍ കൂടി നേരിടാന്‍ ഒരിക്കലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാധാമണി പറയുന്നു.

''പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രാരംഭ നടപടികളില്‍ പങ്കെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥ എന്ന നിലയില്‍, നാലോ അഞ്ചോ ദിവസത്തെ ക്രോസ് വിസ്താരത്തിന് വിധേയയാകേണ്ടി വന്നു. ഇരയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍ പിള്ള പോലും ആരോപിച്ചു. എന്നെപ്പോലുള്ള ഒരു ഉദ്യോഗസ്ഥയ്ക്ക് വലിയ ആഘാതമായിരുന്നു ആ വിചാരണ. അപ്പോള്‍ അതിക്രമം നേരിട്ട പെണ്‍കുട്ടി നേരിട്ട അനുഭവം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല'' രാധാമണി പറഞ്ഞു. സര്‍വീസ് കാലയളവില്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന അഭിമാനം എന്നും തനിക്കുണ്ട്. ഇതിനെല്ലാം അപ്പുറത്താണ് ഇരയുടെ ഇച്ഛാശക്തി. അവള്‍ ധൈര്യത്തോടെ ഉറച്ചു നിന്നു. അതില്‍ അവരെ അഭിനന്ദിക്കുന്നു. അവളുടെ കുടുംബവും സുഹൃത്തുക്കളും അവളുടെ തിരിച്ചുവരവിന് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും രാധാമണി പറയുന്നു.

Summary

2017 Kerala actor abduction case experience of P K Radhamani former police officer who first recorded statement of victim.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com