തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് പകരം പൊലീസ് ബറ്റാലിയന്‍ ചുമതല എഡിജിപി എസ് ശ്രീജിത്തിന് നല്‍കി. അജിത് കുമാര്‍ മൂന്നു തവണകളിലായി 23 ദിവസത്തെ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്തെ എഡിജിപി ശ്രീജിത്തിന് പകരം ചുമതല നല്‍കിയത്. അധിക ചുമതല എത്രകാലത്തേക്കാണ് എന്ന് വ്യക്തമാക്കാതെയാണ് ഉത്തരവ്.
ഈ മാസം 18 വരെയാണ് അജിത് കുമാര്‍ അവധിയില്‍ പ്രവേശിച്ചിട്ടുള്ളത്. അജിത് കുമാര്‍ അവധി കഴിഞ്ഞ് എത്തുമ്പോള്‍ ചുമതല തിരികെ നല്‍കുമോയെന്നതില്‍ വ്യക്തതയില്ല. അതേസമയം, പാര്‍ട്ടി സമ്മേളനങ്ങളില്‍ താഴേതലങ്ങളില്‍ ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീജിത്തിന് ചുമതല നല്‍കിയതെന്നും വിലയിരുത്തലുണ്ട്.
എഡിജിപി അജിത് കുമാറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിച്ച വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കൂടുതല്‍ വ്യക്തത തേടി വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് മടക്കിയിരുന്നു. ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിലും അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അജിത് കുമാറിനെ ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ സംരക്ഷിക്കുകയാണെന്ന് സിപിഎം സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates