തലശേരി: കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ (കെഎസ്‌യു) സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കല്‍ കെ ഡി ദേവസ്യ (87) അന്തരിച്ചു. സംസ്‌ക്കാര ശുശ്രൂഷകള്‍ ഞായറാഴ്ച്ച രാവിലെ 10.45ന് തലശേരി കോടതിക്ക് സമീപമുള്ള വീട്ടില്‍ നടക്കും. തുടര്‍ന്ന് തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.
മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, വിഎം സുധീരന്‍ തുടങ്ങിയവര്‍ക്കൊപ്പം കെഎസ്‌യു സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ദേവസ്യ നിയമരംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു. 1991 മുതല്‍ 1996വരെ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചു. 1982 മുതല്‍ 1987വരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി കൊലപാതക കേസുകളിലും പ്രോസിക്യൂഷന്‍ ചുമതല വഹിച്ചു.
പേരാവൂര്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി നേതാവായി പൊതുപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം കോഴിക്കോട് ദേവഗിരി കോളേജ് ചെയര്‍മാനും എറണാകുളം ഗവണ്‍മെന്റ് ലോ കോളേജ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിമോചന സമരകാലത്ത് വിദ്യാര്‍ഥി വിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം തേവര മുരളി സമരത്തിന്റെ കണ്‍വീനര്‍ ആയിരുന്നു. കെപിസിസി അംഗം, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, ആറളം ഫാം തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, തലശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പരേതരായ കൈതയ്ക്കല്‍ ദേവസ്യയുടെയും കൈപ്പനാനിക്കല്‍ ത്രേസ്യയുടെയും മകനാണ്. ഭാര്യ കിളിയന്ത്ര നടയ്ക്കല്‍ റോസമ്മ. മകന്‍ ഡി കെ ബ്രിജേഷ് കര്‍ണാടകയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയര്‍മാനും കേരളത്തിന്റെ ചുമതലയുള്ള ഭാരവാഹിയുമാണ്. മറ്റ് മക്കള്‍: മഹേഷ് ഡി കെ (ബിസിനസ്, ദുബായ്), സ്മിത ഡി കെ (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ദുബായ്) അഡ്വ. അനില്‍ ഡി കെ (തലശ്ശേരി), വിനീത ഡി കെ (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, യു കെ). മുന്‍മുഖ്യമന്ത്രി എ കെ ആന്റണി അനുശോചനം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates