തൊടുപുഴ: പൊലീസിനെ വെട്ടിച്ച് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ വ്യത്യസ്ത കേസുകളിലെ പ്രതികൾ ഒടുവിൽ വലയിൽ. പീഡനം, കഞ്ചാവ് കേസുകളിൽ പ്രതികളായ ഇവർ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. കൊട്ടാരക്കര മാമ്പുഴ സ്വദേശി സരസ്വതി മന്ദിരത്തിൽ സേതുകുമാർ, നെടുംകണ്ടം പച്ചടി പാലയ്ക്കാപറമ്പിൽ സുകു എന്നിവരെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടി നെടുംകണ്ടം പൊലീസിൽ ഏൽപ്പിച്ചത്.
ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മുംബൈയിൽ എത്തിച്ചു പീഡിപ്പിയ്ക്കുകയും 17,500 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയാണ് സേതുകുമാർ. 2000 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് നെടുംകണ്ടം പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. ഷോർണ്ണൂർ പരുത്തിപ്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
1991 നവംബറിൽ ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി ആയാണ് സുകു അറസ്റ്റിലായത്. ഇയാളും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. വയനാട് കൽപറ്റയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പിടികിട്ടാപുള്ളികളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരും പിടിയിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates