ആലപ്പുഴ: നാലുവയസുകാരിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നാടാകെ തിരഞ്ഞ് നാട്ടുകാരും പൊലീസും. ഇന്ന് രാവിലെ പത്ത്് മണിമുതലാണ് കുട്ടിയെ കാണുന്നില്ലെന്ന വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചത്. ഇതോടെ പൊലീസ് ജാഗ്രതയോടെ അന്വേഷണം ആരംഭിച്ചു. റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്പി ജയ്‌ദേവ് ഉള്‍പ്പടെയുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി. മുഴുവന്‍ എയ്ഡ് പോസ്റ്റുകളിലും നാലു വയസ്സുകാരിയെ തിരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ കാണാതായെന്ന വാട്‌സാപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ വൈറലായതോടെ നാട്ടുകാരും തിരച്ചിലിനിറങ്ങി. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങി എല്ലായിടത്തും അന്വേഷണം, പരിശോധന
ആശങ്കകളുടെ മണിക്കൂറുകള്‍ക്കു വിരാമമായത് 11 മണിക്ക് അലമാരയുടെ മറവില്‍ നിന്ന് ഉറക്കം മതിയാക്കി കുട്ടി എഴുന്നേറ്റു വന്നതോടെ. രാവിലെ ഒമ്പതര വരെ കട്ടിലില്‍ കിടന്നുറങ്ങിയ കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയി അലമാരയുടെ മറവില്‍ കിടന്നതെന്നു വീട്ടുകാര്‍ ആരും കണ്ടില്ലത്രെ.
9.40നാണ് ഉറങ്ങിക്കിടന്നിടത്തു കുട്ടിയെ കാണാനില്ലെന്നു തിരിച്ചറിയുന്നത്. ഇതോടെ കുഞ്ഞിനെ നോക്കുന്ന ബന്ധു ആകെ കുഴങ്ങി. കുഞ്ഞിന്റെ അമ്മയോടും അച്ഛനോടും ഇനി എന്തു മറുപടി പറയുമെന്നറിയാതെ അവര്‍ അങ്കലാപ്പിലായെന്നു മാത്രമല്ല, കരയാനും തുടങ്ങി. കുഞ്ഞിന്റെ അമ്മയ്ക്കു ജോലിയുള്ളതിനാല്‍ രണ്ടാം മാസം മുതല്‍ കുഞ്ഞിന്റെ ഒരു ബന്ധുവാണു നോക്കി വളര്‍ത്തുന്നത്. വീട്ടുകാരും പരിസരവാസികളും വീടും പരിസരവും മുഴുവന്‍ പരിശോധിച്ചു. എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
പത്തുമണി വരെ തിരഞ്ഞിട്ടും കാണാതായതോടെ പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചു. ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. ഉടനെ വിവരം ജില്ലാ ആസ്ഥാനത്തെത്തി. എസ്പി ഉള്‍പ്പടെയുള്ളവര്‍ കുഞ്ഞിനെ കണ്ടുപിടിക്കാന്‍ രംഗത്തിറങ്ങി. അതിനിടെ
കുഞ്ഞ് ഉറക്കം മതിയാക്കി എഴുന്നേറ്റു വരുന്നതു കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. ഉറങ്ങിക്കിടന്ന സ്ഥലം കുഞ്ഞ് കാണിച്ചു കൊടുത്തു. കുട്ടി വീട്ടില്‍ തന്നെയുണ്ടെന്ന് അറിഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്. മുഴുവന്‍ വാട്‌സാപ് ഗ്രൂപ്പുകളിലും കുഞ്ഞിനെ കണ്ടെത്തിയ വിവരം കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates