കൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ തോല്‍വിക്ക് കാരണം പിണറായി വിജയന്‍ മാത്രമല്ലെന്ന് എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ആസാദ്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി പാര്‍ട്ടിയില്‍ ഗൂഢവഴികള്‍ വെട്ടി നവലിബറല്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളെ വിളയിച്ചെടുക്കുന്നതില്‍ വലിയ പങ്ക് ബേബിയുടേതും ഐസക്കിന്റേതുമാണ്. വര്‍ഗരാഷ്ട്രീയത്തിന്റെ നേതാക്കളെയും പിന്തുടര്‍ച്ചക്കാരെയും പിറകില്‍ വന്നേക്കാവുന്ന സകലരെയും തുടര്‍ച്ചയായി വെട്ടിനിരത്തി പിണറായി ഫാന്‍സ് കമ്പനിയായി പാര്‍ട്ടിയെ മാറ്റുന്നതില്‍ കൂട്ടുചേര്‍ന്നവരാണ് ഇപ്പോള്‍ പിണറായിയെ വെട്ടി തെറ്റു തിരുത്താന്‍ ഒരുങ്ങുന്നതെന്ന് ആസാദ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
'പിണറായി വിജയനില്‍ ഏറെ കുറ്റങ്ങളോ ദോഷങ്ങളോ ആരോപിക്കുന്നവര്‍പോലും ഒരു കാര്യം സമ്മതിക്കും. ദേഷ്യമായാലും വെറുപ്പായാലും അത് മുഖത്തും പെരുമാറ്റത്തിലും പ്രകടിപ്പിക്കാതിരിക്കാന്‍ വിജയന് സാധിക്കില്ല. എന്നാല്‍ എം എ ബേബിയും തോമസ് ഐസക്കുമൊന്നും അങ്ങനെയല്ല. അവര്‍ ചിരിക്കും. മയത്തില്‍ സംസാരിക്കും. വെറുപ്പും ദേഷ്യവുമെല്ലാം ഒളിച്ചുവെച്ച് പെരുമാറും. ഒളിയജണ്ടകളുടെ നായകരാണവര്‍'- കുറിപ്പില്‍ പറയുന്നു.
'ബേബിയും ഐസക്കുമൊക്കെ നട്ടുവളര്‍ത്തിയ നവലിബറല്‍ നാലാംലോക കുഞ്ഞുങ്ങളാണ് ഇന്നത്തെ ന്യായീകരണ വക്താക്കള്‍. അവരുടെ ശാഠ്യവും അട്ടഹാസവും വിവരക്കേടും മാത്രം മതി പാര്‍ട്ടി ചെന്നെത്തി നില്‍ക്കുന്ന പതനത്തിന്റെ ആഴമറിയാന്‍. തെറ്റായ രാഷ്ട്രീയവഴി തിരുത്തി വര്‍ഗരാഷ്ട്രീയത്തിന്റെ സമകാലിക ദൗത്യം ഏറ്റെടുക്കുകയാണെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനിന്നേക്കുമെന്ന് ആസാദ് കുറിപ്പില്‍ പറയുന്നു.
ആസാദിന്റെ കുറിപ്പ്
പിണറായി വിജയനിൽ ഏറെ കുറ്റങ്ങളോ ദോഷങ്ങളോ ആരോപിക്കുന്നവർപോലും ഒരു കാര്യം സമ്മതിക്കും. ദേഷ്യമായാലും വെറുപ്പായാലും അത് മുഖത്തും പെരുമാറ്റത്തിലും പ്രകടിപ്പിക്കാതിരിക്കാൻ വിജയന് സാധിക്കില്ല. എന്നാൽ എം എ ബേബിയും തോമസ് ഐസക്കുമൊന്നും അങ്ങനെയല്ല. അവർ ചിരിക്കും. മയത്തിൽ സംസാരിക്കും. വെറുപ്പും ദേഷ്യവുമെല്ലാം ഒളിച്ചുവെച്ച് പെരുമാറും. ഒളിയജണ്ടകളുടെ നായകരാണവർ.
കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി പാർട്ടിയിൽ ഗൂഢവഴികൾ വെട്ടി നവലിബറൽ രാഷ്ട്രീയ താൽപ്പര്യങ്ങളെ വിളയിച്ചെടുക്കുന്നതിൽ വലിയ പങ്ക് ബേബിയുടേതും ഐസക്കിന്റേതുമാണ്. ആ വഴി തുറന്നുകിട്ടിയപ്പോൾ അത് വെട്ടിത്തെളിച്ചവരെ കടന്നു മുന്നേറി പിണറായി വിജയൻ. ഇപ്പോൾ തെറ്റെല്ലാം പിണറായി വിജയനിൽ മാത്രം ആരോപിച്ച് മേൽപ്പരപ്പിൽ ഒരു തെറ്റു തിരുത്തൽ നടത്താമെന്ന് വ്യതിയാനങ്ങളുടെ നായകർ വ്യാമോഹിക്കുന്നു!
തൊണ്ണൂറുകളുടെ തുടക്കത്തിൽ നടന്ന ഗുഢാലോചനകളുടെ ചിത്രം നാലാംലോക ചർച്ചകളുടെ കാലത്ത് വെളിപ്പെട്ടതാണ്. വർഗരാഷ്ട്രീയമാണ് കേരളവികസനത്തിന്റെ തടസ്സമെന്ന് പാട്രിക് ഹെല്ലറിനോടൊപ്പം പ്രഖ്യാപിച്ചാണ് ഐസക് ആരംഭിച്ചത്. ഇ എം എസ്സിനെയും ഞങ്ങൾ വരുതിയിലാക്കിയെന്ന് ഒരു നേതാവ് വിദേശത്തുപോയി പങ്കാളിത്ത സെമിനാറിൽ പറഞ്ഞതും ഓർക്കണം.
വർഗരാഷ്ട്രീയത്തിന്റെ നേതാക്കളെയും പിന്തുടർച്ചക്കാരെയും പിറകിൽ വന്നേക്കാവുന്ന സകലരെയും തുടർച്ചയായി വെട്ടിനിരത്തി പിണറായി ഫാൻസ് കമ്പനിയായി പാർട്ടിയെ മാറ്റുന്നതിൽ കൂട്ടുചേർന്നവരാണ് ഇപ്പോൾ പിണറായിയെ വെട്ടി തെറ്റു തിരുത്താൻ ഒരുങ്ങുന്നത് എന്നത് തമാശയാണ്. പിണറായി വിജയൻ പോയാലും ആ ജനുസ്സിൽ പെട്ടവർ മാത്രമുള്ള പാർട്ടിയിൽ വിശേഷിച്ചൊന്നും നടക്കാനില്ല. പകരം തെറ്റായ രാഷ്ട്രീയവഴി തിരുത്തി വർഗരാഷ്ട്രീയത്തിന്റെ സമകാലിക ദൗത്യം ഏറ്റെടുക്കുകയാണെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി നിലനിന്നേക്കും.
കഴിഞ്ഞ പത്തുവർഷം കേരളത്തിൽ നിലനിന്നത് കമ്യൂണിസ്റ്റ്പാർട്ടി നേതൃത്വത്തിലുള്ള ഒരു ഭരണ സംസ്കാരമാണെന്ന് പിണറായിയുഗത്തിൽ പിറന്ന പുത്തൻകൂറ്റുകാർക്ക് മാത്രമേ പറയാനാവൂ. ബേബിയും ഐസക്കുമൊക്കെ നട്ടുവളർത്തിയ നവലിബറൽ നാലാംലോക കുഞ്ഞുങ്ങളാണ് ഇന്നത്തെ ന്യായീകരണ വക്താക്കൾ. അവരുടെ ശാഠ്യവും അട്ടഹാസവും വിവരക്കേടും മാത്രം മതി പാർട്ടി ചെന്നെത്തി നിൽക്കുന്ന പതനത്തിന്റെ ആഴമറിയാൻ.
1996ലെ തെറ്റു തിരുത്തൽ പ്രമേയവും കൺട്രോൾകമ്മീഷൻ രൂപീകരണകാലത്തെ നിശ്ചയവും കശക്കിയെറിഞ്ഞ പാർട്ടി നേതൃത്വത്തിന് തെറ്റുതിരുത്തലിൽ എന്ത് ആത്മാർത്ഥതയാണ് ഉണ്ടാവുക? പതിനാലാം പാർട്ടി കോൺഗ്രസ്സിന്റെ ദീർഘവീക്ഷണമാണ് ആ രണ്ട് തിരുത്തലുകളുടെയും വാസ്തവഹേതു. അത് രണ്ടും അട്ടിമറിച്ചതോടെ ആ സമ്മേളനം ഭയന്നതാണ് സംഭവിച്ചത്. പാർട്ടി അതിന്റെ നേതൃത്വമോ നേതാവോ ആയി ചുരുങ്ങുക എന്ന അപകടം. ഇനി അതിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു വിഗ്രഹത്തെ ഉണ്ടാക്കുകയാണോ വേണ്ടത്? അതോ പതിനാലാം പാർട്ടി കോൺഗ്രസ്സും കൽക്കത്തയിലെ ആഗോള കമ്യൂണിസ്റ്റ് സമ്മേളനവും മുന്നോട്ടുവെച്ച കാഴ്ച്ചപ്പാടും തെറ്റുതിരുത്തൽ തീരുമാനങ്ങളും ആത്മാർത്ഥമായി നടപ്പാക്കാനാവുമോ? അതാണ് സി പി ഐ എം എന്ന പാർട്ടി നേരിടുന്ന ചോദ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates