അന്‍വര്‍ ഇബ്രാഹിം, കാന്തപുരം എപി അബൂബക്കര്‍  
Kerala

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് മര്‍കസില്‍ ഉജ്ജ്വല വരവേല്‍പ്പ്, കാന്തപുരവുമായി കൂടിക്കാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കാന്‍ കാരന്തൂര്‍ മര്‍കസില്‍ എത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിന് ഉജ്ജ്വല സ്വീകരണം. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്.

വൈകുന്നേരം 5:40 ഓടെ മര്‍കസില്‍ എത്തിയ മലേഷ്യന്‍ പ്രധാനമന്ത്രിയെ മര്‍കസ് വര്‍ക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സെക്രട്ടറി സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ശേഷം കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മര്‍കസും മലേഷ്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധങ്ങള്‍, വിദ്യാഭ്യാസ-സാംസ്‌കാരിക-വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കൂടിക്കാഴ്ചയില്‍ ഇരുവരും പങ്കുവെച്ചു.

മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വീകരണ സംഗമത്തില്‍ കൈമാറി. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി മലേഷ്യന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങള്‍ക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ കയ്യെഴുത്ത് പ്രതി കാന്തപുരം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

സ്വീകരണ സംഗമത്തിന് ശേഷം മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വ്യവസായ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച അത്താഴ വിരുന്നിലും അന്‍വര്‍ ഇബ്റാഹീം പങ്കെടുത്തു. 9:30 ഓടെ കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മടവൂര്‍ സിഎം വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയിലും സ്വീകരണ സംഗമത്തിലും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലികുട്ടി, കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, റസാഖ് മാസ്റ്റര്‍ എംഎല്‍എ, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, എപി അബ്ദുല്‍ കരീം ഹാജി ചാലിയം തുടങ്ങിയ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു.

ഇത് രണ്ടാം തവണയാണ് അന്‍വര്‍ ഇബ്റാഹീം ഗ്രാന്‍ഡ് മുഫ്തിയെ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മര്‍കസ് സന്ദര്‍ശനം. 2023ല്‍ മതപണ്ഡിതര്‍ക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്‌റ പുരസ്‌കാരം മലേഷ്യന്‍ സര്‍ക്കാര്‍ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യന്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 2023, 2024, 2025 വര്‍ഷങ്ങളില്‍ ക്വാലാലംപൂരില്‍ ഗ്രാന്‍ഡ് മുഫ്തിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Anwar Ibrahim receives a grand welcome at Markaz; holds a special meeting with Kanthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ന് 'ഇരുട്ടത് ഇരിക്കേണ്ട'; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല

കൂടുതല്‍ റിട്ടേണ്‍ നേടാം, സേവിങ്‌സ് അക്കൗണ്ടിനെ ഇങ്ങനെ മാറ്റാം; കിടിലന്‍ ബാങ്ക് ഫീച്ചര്‍

20 വര്‍ഷം കൊണ്ട് കോടീശ്വരനാകാം; 5000 രൂപയുടെ എസ്‌ഐപി സ്ട്രാറ്റജി

32 പന്തില്‍ 82 റണ്‍സ്, വെടിക്കെട്ട് 'അഭിഷേകം'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ല; വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് വാദം തള്ളി ബി അശോക്