കണ്ണൂര്‍: പൊലീസ് കസ്റ്റഡിയിലും സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി. കടലില്‍ കാണാതായവരെ കിട്ടിയോ? എന്നായിരുന്നു അര്‍ജുന്‍ ആയങ്കി ചോദിച്ചത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അര്‍ജുന്റെ വിമര്‍ശനം. സ്‌റ്റേഷനില്‍ സ്വാഭാവികമായി പത്രവായനയില്‍ മുഴുകുകയാണ് അര്‍ജുന്‍ ചെയ്തത്.
അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നും, അറസ്റ്റു ചെയ്യാന്‍ സാധിച്ചത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്നും കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ ശനിയാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കണ്ണൂര്‍ പനങ്കാവിലാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയത്.
കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയ്ക്ക് പിടി വീണത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫ്‌ലാറ്റ് വളഞ്ഞ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ പിടികൂടുന്നത്. അപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ പ്രധാന വഴികളും രഹസ്യമായി ബന്തവസ്സ് ആക്കിയശേഷമായിരുന്നു പൊലീസിന്റെ ഓപ്പറേഷന്‍. പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അര്‍ജുന്‍ ആയങ്കി പിന്നിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
ഡിഐജി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സാഹസികമായി അർജുൻ ആയങ്കിയെ പിടികൂടിയത്. പൊലീസിൽ നിന്നും രഹസ്യങ്ങൾ ചോരാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തിയിരുന്നു. അർജുൻ ആയങ്കിയ്ക്ക് ഒളിയിടം ഒരുക്കിയവരും സഹായം നൽകിയവരും ഉൾപ്പെടെ കൂടുതൽ പേരിലേക്ക് അന്വേഷണം നീളും. ഒളിവിലിലിരുന്നുകൊണ്ട് തന്നെ പിടിക്കാനായി പൊലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും വെല്ലുവിളിച്ചിരുന്ന അർജുൻ ആയങ്കിക്കെതിരെ മൂന്ന് കേസുകളാണുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates