ആര്‍എസ്എസ് നയം നടപ്പിലാക്കാന്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുന്നു; എംവി ഗോവിന്ദന്‍

വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആര്‍എസ്എസ് നയമാണ്. ഇത് രാജ്യം അംഗീകരിച്ചതല്ല
MV Govindan
MV Govindan
Edited By:
Updated on
1 min read

തിരുവനന്തപുരം: സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേമാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ ആര്‍എസ്എസ് വിധേയത്വമാണ് വ്യക്തമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് ആര്‍എസ്എസ് മനസ്സിന്റെ പ്രതിഫലനമാണ്. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആര്‍എസ്എസ് നയമാണ്. ഇത് രാജ്യം അംഗീകരിച്ചതല്ല. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതിനും മതേതര സ്വഭാവം നിലനിര്‍ത്താനുമായിരുന്നു ഇൗ തീരുമാനം. വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ ഈ നിര്‍ദ്ദേശവുമായി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നല്‍കിയ കത്ത് മതനിരപേക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നതാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ദേശീയ ഗാനത്തെ അവഗണിച്ചുകൊണ്ടാണ് വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കാന്‍ ഉത്തരവിട്ടത്. കേന്ദ്രം വന്ദേമാതരം ആലപിക്കണമെന്നാണ് ഉത്തരവിട്ടതെങ്കില്‍ കേരള ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിര്‍ബന്ധിക്കുന്നു. ആര്‍എസ്എസ് നയം നടപ്പിലാക്കാന്‍ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുകയാണ്.

പ്രൈമറി സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ ക്വിസ് മത്സരത്തില്‍ ഹിന്ദുത്വവാദി വി ഡി സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയത് കേരളത്തെ കാവിവല്‍ക്കരിക്കുവാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്രസമരസേനാനി ആര് എന്ന ചോദ്യത്തിനാണ് സവര്‍ക്കറെ ഉത്തരമായി നല്‍കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്ക് നിരവധി തവണ മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ സവര്‍ക്കര്‍ ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രീയ ധാരയുടെ ഭാഗമായിരുന്നു. വി ഡി സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേ മാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സര്‍ക്കാരിന്റെ ആര്‍എസ്എസ് പ്രീണനത്തിന്റെ ഭാഗമാണ്. ഇതിനെതിരെ എല്ലാ മതനിരപേക്ഷവാദികളും മുന്നോട്ടുവരണമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com