ഹൈക്കോടതി 
Kerala

'ഫ്‌ലാറ്റ് പൊളിക്കല്‍ ഉത്തരവില്‍ അവ്യക്തതയും ആശങ്കയും', കോടതിയെ സമീപിക്കാനൊരുങ്ങി ആര്‍മി ടവേഴ്‌സ് ഉടമകള്‍

നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് കഴിഞ്ഞ ദിവസം അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ 'ബി', 'സി' ടവറുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ ഉത്തരവിട്ടത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈറ്റില സില്‍വര്‍സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സ് പൊളിച്ചു പുതിയതു നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫ്‌ലാറ്റ് ഉടമകള്‍. ഉത്തരവില്‍ അവ്യക്തതയുണ്ടെന്നാണ് ഫ്‌ലാറ്റ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്.

തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന വിധത്തിലല്ല പ്രശ്‌നപരിഹാരമുണ്ടാകുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് കഴിഞ്ഞ ദിവസം അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ 'ബി', 'സി' ടവറുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ നിര്‍മാണ പിഴവിന് ഉത്തരവാദികളായ ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനെ (എഡബ്ല്യുഎച്ച്ഒ) ഇക്കാര്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പകരം കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നു. കൊച്ചിയില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സൈനികര്‍ക്കും വിരമിച്ചവര്‍ക്കുമായി എഡബ്ല്യുഎച്ച്ഒ നിര്‍മിച്ച് 2018ലാണ് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ താമസക്കാര്‍ക്ക് കൈമാറിയത്. എന്നാല്‍ 208 ഫ്‌ലാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ബി,സി ടവറുകളുടെ നിര്‍മാണ പിഴവുകള്‍ വൈകാതെ തന്നെ പുറത്തു വരികയും ഫ്‌ലാറ്റ് ഉടമകള്‍ കോടതിയെ സമീപിക്കുകയുമായിരുന്നു. താമസക്കാരെ എത്രയും വേഗം ഒഴിപ്പിക്കുന്നതിനും ടവറുകള്‍ പൊളിച്ച് പുതിയത് നിര്‍മിക്കുന്നതിനും ജില്ലാ കലക്ടര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു സമിതി രൂപീകരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം.

175 കോടി രൂപ കൈമാറാന്‍ മാത്രമാണ് എഡബ്ല്യുഎച്ച്ഒയോട് പറഞ്ഞിരിക്കുന്നതെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പണം കൊണ്ട് ഇവ പൊളിക്കാനും നിര്‍മിക്കാനും സാധിക്കില്ല. പുതിയ ഫ്‌ലാറ്റുകള്‍ നിര്‍മിച്ച് കൈമാറുമ്പോള്‍ തങ്ങളില്‍ നിന്ന് കൂടുതല്‍ തുക ആവശ്യമെങ്കില്‍ ഈടാക്കാമെന്നതും അംഗീകരിക്കാന്‍ പറ്റില്ലെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പറയുന്നു.

വാടക ഇനത്തില്‍ തുക നല്‍കുന്നതിലും കോടതി പറഞ്ഞതില്‍ വ്യക്തതക്കുറവുണ്ടെന്നും ഫ്‌ലാറ്റ് ഉടമകള്‍ പറഞ്ഞു. 208 ഫ്‌ലാറ്റുകള്‍ ഉള്ളതില്‍ 42 എണ്ണത്തില്‍ മാത്രമേ ഇപ്പോള്‍ താമസക്കാരുള്ളൂ. ബാക്കിയുള്ളവര്‍ നേരത്തെ ഒഴിഞ്ഞതാണ്. അപ്പോള്‍ അവര്‍ക്ക് വാടക ഇനത്തില്‍ തുക ലഭിക്കില്ലേ എന്നും ഉടമകള്‍ ചോദിക്കുന്നു. ഫ്‌ലാറ്റുകള്‍ ലഭിച്ചശേഷം ഒട്ടേറെ വീടുകളുടെ ഉള്‍ഭാഗത്ത് നിര്‍മാണങ്ങളും മറ്റും നടത്തിയിരുന്നു. ഇവയില്‍ പലതും എടുത്തുമാറ്റാന്‍ കഴിയാത്തതാണ്. ഈ നഷ്ടത്തിന് ആര് പരിഹാരം കാണുമെന്ന് ഫ്‌ലാറ്റ് ഉടമകള്‍ ചോദിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുന്ന കാര്യങ്ങളും ആലോചനയിലുണ്ടെന്നാണ് ചന്ദര്‍കുഞ്ച് റസിഡന്‍സ് വെല്‍ഫയര്‍ മെയിന്റനന്‍സ് സൊസൈറ്റി ജോ.സെക്രട്ടറി സജി തോമസ്, ഫ്‌ലാറ്റ് ഉടമകളും വിരമിച്ച സൈനികരുമായ വി.വി.കൃഷ്ണന്‍, സ്മിത റാണി, ജോര്‍ജ് ആന്റണി, ആനീ ജോസ് എന്നിവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT