nilambur by election: ആര്യാടന്‍ ഷൗക്കത്ത് 
Kerala

നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് ; വിജയിയെ ബിജെപി തീരുമാനിക്കുമോ?

കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ പേരിലാണ് നേതൃത്വം ഇപ്പോൾ എത്തിനിൽക്കുന്നത്. മറ്റ് അട്ടിമറിയൊന്നും സംഭവിക്കുന്നില്ലെങ്കില്‍ ‌കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിന്റെ പേര് പ്രഖ്യാപിക്കും.

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാവി ബിജെപി തിരുമാനിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഇന്ന് ഉറ്റ് നോക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനര്‍ത്ഥിയെ കോണ്‍ഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനിവേണ്ടതുള്ളൂവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. സിപിഎം സ്ഥാനാർത്ഥി ചര്‍ച്ചകളിലേക്ക് കടക്കുകയും ചെയ്തുവെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കാളിയാവണമോന്ന ചര്‍ച്ചയാണ് ബിജെിപിയില്‍ കൊടുമ്പിരികൊള്ളുന്നത്.

എല്‍ഡിഎഫിനും യുഡിഎഫിനും തെരഞ്ഞെടുപ്പ് അടിച്ചേലപ്പിക്കപെട്ടന്ന അഭിപ്രായമാണുള്ളതെങ്കിലും ഭരണപക്ഷവും മുഖ്യ പ്രതിപക്ഷവും എന്ന നിലയില്‍ നിലമ്പൂരിൽ മത്സരവും വിജയവും അനിവാര്യമാണ്. എന്നാല്‍ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളില്‍ നിന്ന് ഭിന്നമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലം എന്ന അഭിപ്രായമാണ് ബിജെപി നേതൃത്വത്തിന്.

'തൃക്കാക്കര, പുതുപള്ളി മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് വഴിതെളിച്ചത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായി എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലും. എന്നാല്‍ ഒരു ആവശ്യവും ഇല്ലാതെ ഒരാള്‍ വ്യക്തിപരമായി എടുത്ത തീരുമാനത്തിന്റെ ഫലമായാണ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം തികച്ചില്ലാത്ത സമയത്ത് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപെടുന്നത്,' ബിജെപിയുടെ ഒരു സംസ്ഥാന നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വം ഈ വിഷയം വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് എന്‍ഡിഎ ഘടകക്ഷികളുമായും ചര്‍ച്ച നടത്തിയശേഷം ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാവും മല്‍സരിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.. ബി്‌ജെപിയുടെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് പ്രകടനം 2021 ല്‍ ഒട്ടും ആശാവഹമായിരുന്നില്ല. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടികെ അശോക് കുമാറിന് 8595 വോട്ട് (4.96 ശതമാനം) മാത്രമാണ് ലഭിച്ചത്. 2016 ല്‍ ബിഡിജെഎസിന് സീറ്റ് നല്‍കിയപ്പോള്‍ 12284 വോട്ട് ലഭിച്ചു. 2011 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി മല്‍സരിച്ചപ്പോള്‍ വോട്ട് 4425 മാത്രമായിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്ന തീപാറുന്ന മല്‍സരത്തില്‍ ബിജെ.പി വിട്ടു നിന്നാല്‍ അത് ആര്‍ക്ക് ഗുണകരമായാലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാവും തുടക്കമിടുക.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാവുമെന്ന വിലയിരുത്തലില്‍ പാര്‍ട്ടിയോ ഘടകക്ഷികളോ മല്‍സരിക്കാനാവും സാധ്യതയെന്നും നേതാക്കള്‍ പറയുന്നു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതിൽ നിന്നും വിട്ടുനിൽക്കുന്നതും മത്സരിക്കുന്നതും ബി ജെ പിയെ സംബന്ധിച്ച് നൂൽപ്പാലത്തിലൂടെയുള്ള നടത്തമാണ്. വോട്ടുകുറഞ്ഞാൽ ബി ജെ പിക്കുള്ളിലെ കലഹം കൂടും,വോട്ടു കൂടിയാൽ രാജീവ് ചന്ദ്രശേഖറിന് അടുത്തുവരുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നയിക്കാൻ ആവേശം പകരം. വിട്ടു നിന്നാൽ ഇരുമുന്നണികളിൽ നിന്നും ഒത്തുകളി ആരോപണം വരും.

തിങ്കളാഴ്ച രാവിലെ എറണാകുളത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ മറ്റ് ഭാരവാഹികള്‍ എന്നിവര്‍ യോഗം ചേരും. അതിന് ശേഷം ഒറ്റ പേര് മാത്രമാകും എ ഐ സി സിക്ക് നൽകുക. ഉച്ചയോടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനാണ് പേരിലാണ് നേതൃത്വം ഇപ്പോൾ എത്തിനിൽക്കുന്നത്. മറ്റ് അട്ടിമിറയൊന്നും സംഭവിക്കുന്നില്ലെങ്കില്‍ ‌കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിന്റെ പേര് പ്രഖ്യാപിക്കും. ജില്ലാ കോണ്‍ഗ്രസ് പ്രസഡിന്റ് വിഎസ് ജോയിയുടെ പേരാണ് ഷൗക്കത്തിനൊപ്പം പരിഗണനയിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് പുറത്തുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ കൈവിടുന്നത് വലിയ തിരിച്ചടിക്ക് കാരണമാവുമെന്ന യുഡി്എഫ് നേതാക്കള്‍ കണക്കുകൂട്ടുന്നു. മാത്രമല്ല, പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ രാജിവെച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് രാഹുല്‍ മാങ്കൂട്ടത്തലിനെ ആയിരുന്നു. അടുത്ത ഉപതെരഞ്ഞെടുപ്പിലും മുസ്‌ലീം പ്രാതിനിധ്യം ഒഴിവാക്കി ഒരു ഇതരമതസ്ഥന് സീറ്റ് നല്‍കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നും നേതൃത്വത്തില്‍ അഭിപ്രായമുണ്ട്. ജോയിയുടെ പേരിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും അന്‍വറുമാണെന്ന ആക്ഷേപം നിലമ്പൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

മുനമ്പം വിഷയത്തിന്റെ പശ്ചാതലത്തില്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ജോയിക്ക് സ്ഥാനർത്ഥിത്വം നല്‍കുന്നതും ബുദ്ധിയല്ലെന്ന അഭിപ്രായവും ചില നേതാക്കള്‍ക്കുണ്ട്. കെഎസ്‌യു നേതൃസ്ഥാനത്ത് നിന്ന് നേരിട്ട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ജോയിക്ക് ഇനിയും അവസരമുണ്ടെന്ന നിലപാടാണ് പല നേതാക്കള്‍ക്കും. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ജയം ഇരു മുന്നണികള്‍ക്കും അനിവാര്യമാണ്.

സിപിഎം സ്വതന്ത്രനായിരുന്ന പിവി അന്‍വറിന്റെ മുന്നണി കൂറുമാറ്റം ഉറപ്പായിരുന്ന എല്‍ഡിഎഫ് ഈ ഉപതെരഞ്ഞെടുപ്പിലും സ്വതന്ത്രനെ നിര്‍ത്തിയതുള്ള പരീക്ഷണത്തിന് മുതിരുമോന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ് ക്യാമ്പിലെ നീക്കം സിപിഎം സസൂക്ഷമം വീക്ഷിക്കുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടന്ന സിപിഎം രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. എല്ലാ സാധ്യതകളും സിപിഎം ആലോചിക്കും. നിലമ്പൂരിൽ വിജയിച്ചാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ലഭിക്കുന്ന ഗുണത്തെ കുറിച്ച് സി.പി.എമ്മിന് നല്ല ബോധ്യമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

SCROLL FOR NEXT