കോഴിക്കോട്: കേരള സാഹിത്യ അക്കാദമി ഹാളിന് മണ്‍മറഞ്ഞ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ പേരിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരനും അക്കാദമി ഉപാധ്യക്ഷനുമായ അശോകന്‍ ചരുവില്‍. വിവാദം ദുഃഖകരമാണെന്നും ആ മഹാപ്രതിഭയോടുള്ള അനാദരവാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
'കലയിലും സാഹിത്യത്തിലും വലിയ സംഭാവനകള്‍ ചെയ്ത മഹാപ്രതിഭകളായ ഒരുപാട് സ്ത്രീകള്‍ നമ്മുടെ അഭിമാനമായി ഉണ്ട്. അവര്‍ക്കാര്‍ക്കും ഉചിതമായ സ്മാരകങ്ങള്‍ ഇല്ല എന്നത് ചിന്തിക്കുമ്പോള്‍ നടുക്കമുണ്ടാക്കുന്ന സംഗതിയാണ്. അക്കാദമിയിലെ മറ്റ് ഹാളുകള്‍ വൈലോപ്പിള്ളി, ചങ്ങമ്പുഴ, ബഷീര്‍ എന്നിവരുടെ സ്മാരകമായി നില്‍ക്കെ സ്മാരകമല്ലാതെ ബാക്കിയുള്ള ഓഡിറ്റോറിയത്തിന് ഏതെങ്കിലും ഒരെഴുത്തുകാരിയുടെ പേരുനല്‍കണം എന്ന ഒരാവശ്യം ഇതുവരെ ഉയര്‍ത്തിയില്ല എന്നത് നമ്മള്‍ ഓരോരുത്തരും കുറ്റബോധത്തോടെ ഓര്‍ക്കണം. ആദ്യമായി അതുയര്‍ന്നത് മറ്റൊരു മഹാപ്രതിഭയോട് അനാദരവ് പുലര്‍ത്തിക്കൊണ്ടായി എന്നത് പറയാതിരിക്കാനാവില്ലെന്നും' അശോകന്‍ ചരുവില്‍ വിമര്‍ശിച്ചു.
ഹാളിന് എം.ടിയുടെ പേരിടുന്നത് സംബന്ധിച്ച എഴുത്തുകാരി തനൂജ ഭട്ടതിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഹാളിന് എം.ടിയുടെ പേരിടുന്നതില്‍ സന്തോഷമെന്നും എന്നാല്‍ ആദരിക്കപ്പെടേണ്ട ഒരു എഴുത്തുകാരിയെ അക്കാദമി ഓര്‍ക്കേണ്ടതുണ്ട് എന്നുമാണ് കഴിഞ്ഞദിവസം തനൂജ ഭട്ടതിരി പറഞ്ഞത്. അക്കാദമിയും സാഹിത്യലോകവും എഴുത്തുകാരികളും വായനക്കാരും മറക്കാന്‍ പാടില്ലാത്ത പേരാണ് ലളിതാംബിക അന്തര്‍ജനം. ലളിതാംബിക അന്തര്‍ജനത്തെ സ്നേഹാദരങ്ങളോടെ സ്മരിക്കേണ്ടത് എല്ലാ മലയാളികളുടേയും കടമയാണെന്നും തനൂജ പറഞ്ഞിരുന്നു.
അശോകന്‍ ചരുവിലിന്റെ പോസ്റ്റ്
എം.ടി. സ്മാരക ആഡിറ്റോറിയം: വിവാദങ്ങള്‍ ദുഃഖകരം.
കേരള സാഹിത്യ അക്കാദമിയുടെ ആഡിറ്റോറിയത്തിന് അടുത്ത കാലത്ത് അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ പേരുനല്‍കാനുള്ള തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും ദുഃഖകരമാണ്.
കലയിലും സാഹിത്യത്തിലും വലിയ സംഭാവനകള്‍ ചെയ്ത മഹാപ്രതിഭകളായ ഒരുപാട് സ്ത്രീകള്‍ നമ്മുടെ അഭിമാനമായി ഉണ്ട്. അവര്‍ക്കാര്‍ക്കും ഉചിതമായ സ്മാരകങ്ങള്‍ ഇല്ല എന്നത് ചിന്തിക്കുമ്പോള്‍ നടുക്കമുണ്ടാക്കുന്ന സംഗതിയാണ്. അക്കാദമിയിലെ മറ്റ് ഹാളുകള്‍ വൈലോപ്പിള്ളി, ചങ്ങമ്പുഴ, ബഷീര്‍ എന്നിവരുടെ സ്മാരകമായി നില്‍ക്കെ സ്മാരകമല്ലാതെ ബാക്കിയുള്ള ആഡിറ്റോറിയത്തിന് ഏതെങ്കിലും ഒരെഴുത്തുകാരിയുടെ പേരുനല്‍കണം എന്ന ഒരാവശ്യം ഇതുവരെ ഉയര്‍ത്തിയില്ല എന്നത് നമ്മള്‍ ഓരോരുത്തരും കുറ്റബോധത്തോടെ ഓര്‍ക്കണം. ആദ്യമായി അതുയര്‍ന്നത് മറ്റൊരു മഹാപ്രതിഭയോട് അനാദരവ് പുലര്‍ത്തിക്കൊണ്ടായി എന്നത് പറയാതിരിക്കാനാവില്ല.
ഓഡിറ്റോറിയത്തിന് എം.ടി.യെ മാറ്റി മണ്‍മറഞ്ഞ വനിതാഎഴുത്തുകാരുടെ പേരു നല്‍കണം എന്നാരംഭിച്ച ചര്‍ച്ച പലവഴികളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. മഹാകവി കുമാരനാശാന്റെ പേരാണ് നല്‍കേണ്ടതെന്ന് ചിലര്‍ വാദിക്കുന്നു. കമലസുരയ്യ, സുകുമാര്‍ അഴിക്കോട്, കോവിലന്‍, സി.അയ്യപ്പന്‍ തുടങ്ങിയവരുടെ പേരും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. അക്കാദമിഹാളിന് എഴുത്തുകാരുടെ പേരു നല്‍കാന്‍ പാടില്ല എന്നും ചിലര്‍ പറയുന്നു. എം.ടി.ക്ക് പ്രത്യേകമായ സ്മാരകമാണ് വേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. ചിലര്‍ എം.ടി.സാഹിത്യത്തെ വിമര്‍ശിക്കാനുള്ള ഒരവസരമായി ഈ ചര്‍ച്ചയെ ഉപയോഗിക്കുന്നു. അക്കാദമിയുടെ മണ്‍മറഞ്ഞ മുന്‍പ്രസിഡണ്ടുമാരും മഹാപ്രതിഭകളുമായ ജി, കുറ്റിപ്പുഴ, അന്തര്‍ജ്ജനം, ഉറൂബ്, തകഴി, ദേവ്, പൊന്‍കുന്നം വര്‍ക്കി, ഗുപ്തന്‍ നായര്‍, എന്‍.പി., പി.വത്സല, യൂസഫലി കേച്ചേരി എന്നിവര്‍ക്കും അക്കാദമിയില്‍ സ്മാരകമില്ല. ഇതെല്ലാം വസ്തുതയാണെങ്കിലും ഇപ്പോള്‍ ശരിയായ സന്ദര്‍ഭത്തിലല്ല അവ ഉന്നയിക്കപ്പെടുന്നത് എന്ന് ഞാന്‍ കരുതുന്നു.
ഓഡിറ്റോറിയത്തിന് എം.ടി.യുടെ പേരു നല്‍കാന്‍ അക്കാദമി തീരുമാനമെടുത്തത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. എം.ടി. നമ്മെ വിട്ടുപോയ സന്ദര്‍ഭം. ആ വിവരം അന്നു തന്നെ പുറത്തുവന്നിരുന്നു. (എം.ടി.യുടെ ബന്ധുക്കളുടെ അനുവാദത്തിന് അപേക്ഷിച്ച് കാത്തിരുന്നതു കൊണ്ടാണ് തീരുമാനം നടപ്പാക്കാന്‍ വൈകിയത്.) പ്രിയപ്പെട്ടവര്‍ വിട്ടുപോകുന്ന സന്ദര്‍ഭത്തില്‍ അവരെക്കുറിച്ച് വൈകാരികമായി നമ്മള്‍ ചിന്തിക്കും. ഒരു പൂവോ പൂഷ്പചക്രമോ അര്‍പ്പിച്ച്, അല്ലെങ്കില്‍ ഒരനുസ്മരണ ലേഖനം എഴുതി, എഫ്.ബി.യില്‍ ആദരാഞ്ജലിയര്‍പ്പിച്ച്, ആദരസമ്മേളനം നടത്തി, അനുശോചനപ്രമേയം പാസ്സാക്കി, ഒരു മിനിറ്റ് മൗനമാചരിച്ച്, പത്രമാസികകളാണെങ്കില്‍ പ്രത്യേക പതിപ്പിറക്കി എല്ലാവരും മനുഷ്യസാധ്യമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നു. എം.ടി.യുടെ കൃതികളെക്കുറിച്ച് പ്രത്യേക ലക്കം ഇറക്കുന്ന മാസികയോട് നിങ്ങള്‍ തകഴിയെ മറന്നുവോ എന്ന് ആ സന്ദര്‍ഭത്തില്‍ ആരും ചോദിക്കാറില്ല. എന്നാല്‍ തകഴിയെ ആരെങ്കിലും മറന്നിട്ടുണ്ടെങ്കില്‍ അത് വേറിട്ട് ചോദിക്കുകയും വേണം. വേര്‍പാടുകള്‍ക്ക് മുന്നിലെങ്കിലും നമ്മള്‍ ഔചിത്യം പുലര്‍ത്തേണ്ടതുണ്ട്.
നമ്മുടെ ഭാഷക്കും സംസ്‌കാരത്തിനും വലിയ സംഭാവനകള്‍ ചെയ്ത എല്ലാ എഴുത്തുകാര്‍ക്കും ഉചിതമായ സ്മാരകങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തില്‍ യുറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പിന്തുടരാവുന്നതാണ്. തുഞ്ചത്ത് എഴുത്തച്ഛനു ശേഷം മലയാളഭാഷ കണ്ട ഏറ്റവും മഹാനായ കവി കുമാരനാശാന് സാംസ്‌കാരികതലസ്ഥാനത്ത് ഒരു സ്മാരകമില്ല എന്നത് ദുഃഖകരമാണ്.
അപ്പന്‍ തമ്പുരാന്‍, കമലസുരയ്യ, സുകുമാര്‍ അഴിക്കോട്, വി.കെ.എന്‍., കുഞ്ഞുണ്ണി മാസ്റ്റര്‍ എന്നിവരുടെ സ്മാരകങ്ങള്‍ അവരുടെ ജന്മ /താമസസ്ഥലങ്ങളില്‍ അക്കാദമി നിര്‍മ്മിച്ചു പരിപാലിക്കുന്നുണ്ട്.
Ashokan Charuvil's Facebook post on Kerala Sahitya Akademi Hall naming controversy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates