തിരുവനന്തപുരം: കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗ്രൂപ്പ് പോരിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാര്‍ട്ടിക്കാര്യങ്ങളില്‍ താന്‍ ഇവിടെ വന്ന് മറുപടി പറയുന്നത് ശരിയായ രീതിയല്ല. സൈബര്‍ ആക്രമണം ഉമ്മന്‍ചാണ്ടിക്കെതിരെയല്ല, ആര്‍ക്കെതിരെയായാലും നല്ലതല്ല. താനും നിരന്തരമായി സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന ആളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബര്‍ ആക്രമണം വരുന്നത് ഒരു കേന്ദ്രത്തില്‍ നിന്നാണെന്നും അത് എവിടെ നിന്നാണെന്നുള്ളത് താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നുരണ്ട് ചാനലുകള്‍ ഉണ്ട് രാവിലെ മുതല്‍ ഉച്ചവരെ തനിക്കെതിരെ ഇല്ലാത്ത കഥകള്‍ പറയുകയാണ്. ഉച്ചയോടെ അത് അവസാനിക്കും. ചിലപ്പോള്‍ അത് ചില മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുക്കും. ഇന്നലെ തന്നെ തനിക്കെതിരെ എത്ര തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. മാധ്യമങ്ങള്‍ ആദ്യം അത് സ്വയം പരിശോധിക്കൂ. ആദ്യമൊക്കെ മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുന്നത് കാണുമ്പോള്‍ വലിയ പ്രയാസമായിരുന്നു. ഇപ്പോള്‍ അത് ആസ്വദിക്കാന്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വരുന്ന കാര്യങ്ങള്‍ക്കൊന്നും താന്‍ മറുപടി പറയേണ്ടതില്ല. അവിടെ പലതരം മനുഷ്യരല്ലേ ഉള്ളത്. എന്റെ പേരില്‍ തന്നെ പല കാര്‍ഡുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഒന്ന ക്ഷേമ പെന്‍ഷന്‍ നിര്‍ത്തുന്നു, മറ്റൊന്നു ഉമ്മന്‍ചാണ്ടിയെ കണ്ണീര്‍ കുടിപ്പിച്ചത് താനെന്ന് ചാണ്ടി ഉമ്മന്‍ പറയുന്നത്, മൂന്നാമത്തേത് മാവേലി തമ്പുരാനോട് ഉപമിക്കുന്ന തന്റെ ചിത്രം. ഇതൊക്കെ ചില മാധ്യമങ്ങളുടെ കാര്‍ഡ് ആയാണ് പ്രചരിക്കുന്നത്. ഇതിനെതിരെ ആദ്യം മാധ്യമങ്ങള്‍ തന്നെ പരാതി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates