പാലക്കാട്: അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതക കേസിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതി തൂങ്ങി മരിച്ചു. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മണ്ണാർക്കാട് സ്പെഷൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണ സംഘം ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മാസം മുൻപ് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഹൈക്കോടതി മറ്റു എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് സ്പെഷൽ കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18ലേക്കു മാറ്റിയിരുന്നു. കൊല്ലപ്പെട്ട രാം നാരായൺ ഭാഗേലിന്റെ ഭാര്യയെ അന്ന് ഹാജരാക്കാനും മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ഉത്തരവിട്ടിട്ടുണ്ട്.
ഇരയുടെ ബന്ധുക്കൾക്ക് പറയാനുള്ളതു കേൾക്കാതെയാണ് വിചാരണക്കോടതി ജാമ്യം നൽകിയതെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ ആകെ ഒൻപതു പ്രതികളുണ്ട്. കഴിഞ്ഞ ഡിസംബർ 17-നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates