Pinarayi Vijayan 
Kerala

ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം, ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ മറക്കരുത്: മുഖ്യമന്ത്രി

'ഉപരിതലത്തിലെ ആഘോഷങ്ങളിൽ മതിമയങ്ങിയാല്‍ ആന്തര തലത്തിലെ നീറ്റല്‍ അറിയാതെ പോകും'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി  പിണറായി വിജയന്‍. സ്വാതന്ത്യം നേടിയിട്ട് എട്ടു പതിറ്റാണ്ടിലേക്ക് കടക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗം അടക്കം പല മേഖലകളിലും നമുക്ക് വളരെ മുന്നേറാനായിട്ടുണ്ട്. പല രംഗത്തും നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ആ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ മറ്റു തലങ്ങളെക്കുറിച്ച് വിസ്മരിച്ചുകൂടായെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന  സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമഗ്രവും പൂര്‍ണവും പുരോഗമനോന്മുഖവുമായി രാഷ്ട്രത്തെ മാറ്റുകയെന്ന സ്വപ്‌നം സഫലമായോ എന്നു കൂടി ചിന്തിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വരും പതിറ്റാണ്ടുകളെ എങ്ങനെ സമീപിക്കാമെന്ന ആലോചനകള്‍ക്ക് തെളിച്ചം കിട്ടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ ത്യാഗം സഹിച്ചവരും, സ്വാതന്ത്ര്യസമരത്തില്‍ കൊടിയ പീഡനമേറ്റുവാങ്ങി ജീവച്ഛവമായി തീര്‍ന്നവര്‍ക്കും ഇന്ത്യയെക്കുറിച്ച് സ്വപ്‌നമുണ്ടായിരുന്നു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായിത്തീര്‍ന്നോയെന്ന് ചിന്തിക്കേണ്ടതുണ്ട്.

ദാരിദ്ര്യമില്ലാത്ത, പട്ടിണി മരണമില്ലാത്ത, ബാലവേലയില്ലാത്ത, ജാതിവിവേചനം ഇല്ലാത്ത, മതവിദ്വേഷമില്ലാത്ത, ജീവിതായോധനത്തിനുള്ള ഉപാധികള്‍ നിഷേധിക്കപ്പെടാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അത് യാഥാര്‍ത്ഥ്യമാക്കാന്‍ പുനരര്‍പ്പണം ചെയ്യുകയയെന്നുള്ളതാണ് ഈ സ്വാതന്ത്ര്യദിനാഘോഷവേളയില്‍ കരണീയമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജി തന്നെയാണ് അതിന് മികച്ച മാതൃകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നഗരങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മതിമയങ്ങാതെ, അതിലൊന്നും പങ്കെടുക്കാതെ അതിന്റെ മറുപുറമായ ഇരുളടഞ്ഞ ചേരികളില്‍ അവരില്‍ ഒരാളായി കഴിയാന്‍ നടന്നുപോയ മഹാത്മാഗാന്ധി. ഉപരിതലത്തിലെ ആഘോഷങ്ങളിൽ മതിമയങ്ങിയാല്‍ ആന്തര തലത്തിലെ നീറ്റല്‍ അറിയാതെ പോകുമെന്ന സന്ദേശമാണ് മഹാതാമജിയുടെ പ്രവൃത്തി. അതിലെ മനുഷ്യസ്‌നേഹപരവും ദേശാഭിമാനപരവുമായ സന്ദേശം ഏറ്റെടുക്കാന്‍ കഴിയുന്ന ഘട്ടമാണിത്. ചെറിയ കാലയളവൊഴികെ ജനാധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് നിസ്സാരകാര്യമല്ല. അതേസമയം, ജനാധിപത്യത്തിന് പകരം മതാധിപത്യമെന്ന മുറവിളികള്‍ ശക്തമാകുന്നതും നമ്മള്‍ കണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്ക് പുറമേ നിന്ന് സാമ്രാജ്യത്വ ഭീഷണി ഉയരുന്ന ഘട്ടത്തില്‍ തന്നെ, ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോകുന്ന വിപല്‍ക്കരമായ ഭീഷണികള്‍ അകമേ നിന്നും ഉയരുന്നുണ്ട്. വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞും, മതം പറഞ്ഞും, ഇന്ത്യയെന്ന വികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തി വരുന്നു. ഇതിനെതിരെ എല്ലാ വേര്‍തിരിവുകള്‍ക്കും അപ്പുറം ഒറ്റ മനസ്സായി ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനാമൂല്യങ്ങള്‍ നടപ്പാക്കാനുള്ളതാണ്. അല്ലാതെ ചര്‍ച്ചയ്ക്ക് വെക്കാനുള്ളതല്ല. ആ ഭരണഘടനാ മൂല്യങ്ങള്‍ക്കായി നമ്മെത്തന്നെ പുനരര്‍പ്പണം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Chief Minister Pinarayi Vijayan says that there is an attempt to destroy India on the basis of caste and religion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT