കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകന്‍ മുഹമ്മദ് റിയാസ് പാര്‍ട്ടിയില്‍ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകര്‍ക്കുന്നതെന്നും അന്‍വര്‍ ഫറോക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
റിയാസ് വലിയ വിജയപ്രതീക്ഷ പുലര്‍ത്തുമ്പോഴും, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തെ തകര്‍ക്കുന്നത് മുഹമ്മദ് റിയാസിന്റെ പാര്‍ട്ടിയിലെ അപ്രമാദിത്വമാണെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തെ മുഴുവന്‍ ഹൈജാക്ക് ചെയ്ത്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ മാത്രമുള്ള ഒരു സംവിധാനമായി പാര്‍ട്ടിയെ മാറ്റാന്‍ റിയാസ് ശ്രമിച്ചുവെന്നും ഇതിന് പാര്‍ട്ടി സെക്രട്ടറി വളം വെച്ചു കൊടുത്തു എന്നും അന്‍വര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ കുടുംബാധിപത്യം കാരണം അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടെന്നും ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതനത്തിന്റെ പാതയിലാണെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.
പിണറായിയും ജനങ്ങളും തമ്മിലാണ് തെരഞ്ഞെടുപ്പ്. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. ബേപ്പൂരില്‍ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി-സിപിഎം ഡീല്‍ പൊളിഞ്ഞുവെന്ന് പറഞ്ഞ അന്‍വര്‍ കേരളത്തിലെ ബിജെപി ലീഡര്‍ഷിപ്പ് പിണറായിക്ക് കഞ്ഞി വെച്ചു കൊടുത്തുവെന്നും വിമര്‍ശിച്ചു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഹമ്മദ് റിയാസ്
അതിനിടെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ മന്ത്രി മുഹമ്മദ് റിയാസ് തള്ളിക്കളഞ്ഞു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടില്ല എന്നതിന് ബേപ്പൂര്‍ തെളിവാകും. കോഴിക്കോട് എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോള്‍ അറിയാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
'2021ല്‍ ഞാന്‍ ബേപ്പൂരില്‍ തോല്‍ക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍. എന്നാല്‍ റെക്കോഡ് വോട്ടില്‍ ഞാന്‍ ജയിച്ചില്ലേ. പൊതുവെ എല്‍ഡിഎഫിന് അനുകൂലമാണ്. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണം തുടരും. കോഴിക്കോട് ഇടതുപക്ഷത്തിന് അനുകൂലമാണ്. കേരളത്തില്‍ 50 ശതമാനത്തിലധികം മുസ്‌ലിം വോട്ടര്‍മാരുള്ള മണ്ഡലമാണ് ബേപ്പൂര്‍. ആ ബേപ്പൂര്‍ മണ്ഡലത്തില്‍ 2021ല്‍ 82000 വോട്ട് നേടി വിജയിച്ച ഞാന്‍ ഉറപ്പിച്ച് പറയുകയാണ് ഇത്തവണ സര്‍വകാല റെക്കോര്‍ഡ് വോട്ട് നേടി എല്‍ഡിഎഫ് ജയിക്കും. ബാക്കി നാലിന് വോട്ടെണ്ണുമ്പോള്‍ പറയാം. മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട സംസ്ഥാന സര്‍ക്കാരുകളില്‍ മുന്നിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍'- റിയാസ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates