കണ്ണൂര്‍: വന്യമൃഗ ശല്യം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മാത്രം കഴിയില്ലെന്ന് തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി. വന്യമൃഗ ശല്യത്തിനെതിരെ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഇരിട്ടിയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് മാത്രം വിചാരിച്ചാല്‍ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാനാവില്ല. അതുകൊണ്ടുതന്നെ സംസ്ഥാനമാകെ ഈ പ്രതിസന്ധി തീരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ആറളം ഫാം വിഷയത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും ആന മതില്‍ നിര്‍മ്മാണത്തില്‍ കേരള സര്‍ക്കാര്‍ കൃത്യവിലോപം നടത്തിയെന്നും ആര്‍ച്ച്ബിഷപ്പ് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ളയാളാണ്. മുഖ്യമന്ത്രി തീരുമാനിച്ചാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കും. വനം മന്ത്രിയോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. വനപാലകരോട് അവരുടെ ജോലി ചെയ്യാന്‍ പറയണം.അല്ലാതെ അടുക്കളയിലുള്ള ഇറച്ചികള്‍ തേടി പോകുകയല്ല വേണ്ടത്. ആറളം ഫാം സന്ദര്‍ശിക്കുന്നതില്‍ നിന്നും തടയാന്‍ തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് മാര്‍ ജോസഫ് പാംപ്‌ളാനി പറഞ്ഞു. എന്നാല്‍ അതു കൊണ്ടൊന്നും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഇടപെടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നിയമങ്ങളാണ് ഇന്നുള്ളത്. വന്യ മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ള ഇരകള്‍ മാത്രമായാണ് ആദിവാസികളെയും കുടിയേറ്റക്കാരെയും സര്‍ക്കാര്‍ കാണുന്നത്. മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമം നടക്കുകയാണ്. ഇതിനായി വന്യമൃഗങ്ങളെ നിര്‍ബാധം ഇറക്കിവിടുകയാണ്.കാര്‍ബണ്‍ ഫണ്ട് കൈ പറ്റുന്നതിനാണ് ഈ നീക്കം. വനസംരക്ഷണമാണ് വനപാലകരുടെ ചുമതല കുടിയേറ്റക്കാരുടെ അടുക്കളയില്‍ കയറി ചട്ടി പൊക്കി നോക്കലല്ല. കര്‍ഷകരുടെ ഭൂമിയില്‍ കയറി ഒരൊറ്റ ഒരാളെയും മര്‍ദ്ദിക്കാനോ കസ്റ്റഡിയില്‍ എടുക്കാനോ കുടിയേറ്റ ജനത അനുവദിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates