കണ്ണൂര്‍: ആരെയും വഴി തടയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഴി തയുന്നു എന്ന പ്രചാരണം ഒരു കൂട്ടര്‍ അഴിച്ചുവിടുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ തെറ്റിദ്ധാരണപരത്തുകയാണ്. സംസ്ഥനത്ത് കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലം ഉണ്ടാവില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ശക്തികള്‍ ഇതൊക്കെ ആലോചിക്കുന്നുണ്ടാകാം. പക്ഷെ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല. ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ വ്യത്യസ്തമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കൊടുമ്പിരിക്കൊണ്ട മറ്റൊരുപ്രചാരണം നമ്മുടെ സമൂഹത്തെ വലിയരീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നത് പ്രത്യേകതരത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നാണ്. എല്ലാവരും മാസ്‌ക് ധരിക്കുന്ന കാലമാണ്. കറുത്ത മാസ്‌ക് പറ്റില്ല. കറുത്ത വസ്ത്രം പറ്റില്ല എന്നാണ് ചിലര്‍ പറയുന്നത്. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്'- പിണറായി പറഞ്ഞു.
'എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് നമ്മുടെ ചില ശക്തികള്‍ നിക്ഷിപ്തതാത്്പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നത് നാം മനസിലാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് കറുത്ത ഷര്‍ട്ടും കറുത്തമാസ്‌കും പാടില്ല എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തു എന്ന പ്രചാരണം ഉണ്ടായിരിക്കുന്നത്. ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം കേരളത്തില്‍ ഒരു ഇടത് സര്‍ക്കാരാണ് ഉള്ളത്. ഇന്ന് കാണുന്ന പ്രത്യേകതയിലേക്ക് കേരളത്തെ എത്തിച്ചത് ഇടതുപക്ഷമാണെന്ന് ആരും സമ്മതിക്കുന്നതാണ്. അത്തരത്തില്‍ ഒരുഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഒരു പ്രത്യേക വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിക്കില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് ഒരുപാട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആക്കൂട്ടത്തില്‍ ഇത് കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്'- പിണറായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates