തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തില്‍ കൂടുതല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പ്രവന്റീവ് ഓഫീസര്‍മാരായ എം മാനുവല്‍, ലാലു തങ്കച്ചന്‍, പ്രവീണ്‍ ശിവാനന്ദ്, ടി സന്തോഷ്, കെ ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ എഎസ് വിശാഖ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മാസപ്പടി വാങ്ങിയ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാറിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അശോക് കുമാര്‍ മാസപ്പടി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മാസപ്പടിയില്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
ബാര്‍ ഉടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്താശയുടേയും തെളിവുകള്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു നേരിട്ട് കണ്ടെത്തുകയായിരുന്നു. ബാറുകള്‍ നേരത്തെ തുറന്ന്, വൈകി അടയ്ക്കാന്‍ മൗനാനുവാദം നല്‍കി. തന്റെ അനുമതിയില്ലാതെ ബാറുകളില്‍ പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് അശോക് കുമാര്‍ നിര്‍ദേശം നല്‍കി. ബാറുകളെ സഹായിച്ചതിന് ബാര്‍ ഉടമകള്‍ അശോക് കുമാറിന് മാസപ്പടിയായി തുക സമ്മാനം നല്‍കി.
കോട്ടയം മേഖലയിലെ 27 ബാറുടമകള്‍ അശോക് കുമാറുമായി നടത്തിയ പണമിടപാടിന്റെ രേഖകള്‍ എക്‌സൈസ് കമ്മീഷണര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യൂണിഫോം ഇല്ലാതെ അശോക് കുമാര്‍ ബാറിലെത്തി കൈക്കൂലി വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ചിരുന്നു. മാസപ്പടിയായി ലഭിക്കുന്ന തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ തെളിവുകളും ലഭിച്ചു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി എം ലിജു നിര്‍ദേശം നല്‍കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates