പി കെ ഫിറോസ് (PK Firos) ഫെയ്സ്ബുക്ക്
Kerala

'സഹോദരന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം, എന്റെ രാഷ്ട്രീയത്തെ എപ്പോഴും പരിഹസിക്കുന്ന വ്യക്തി'; പി കെ ഫിറോസ്

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍ പി കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ സഹോദരന്‍ പി കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഹോദരന് വേണ്ടി താനോ തന്റെ കുടുംബമോ ഇടപെടില്ലെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് തന്റെ രാഷ്ട്രീയത്തോട് യാതൊരു യോജിപ്പും ഇല്ല. എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് പരിശോധിച്ചാല്‍ അത് ബോധ്യമാകും. എന്റെ രാഷ്ട്രീയ വേറെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം വേറെയാണ്. അങ്ങനെയൊക്കയാവാല്ലോ കുടുംബത്തില്‍. അദ്ദേഹത്തിനെതിരെ വന്നിട്ടുള്ള മറ്റൊരു ആരോപണം. മയക്കുമരുന്ന് കേസില്‍ പിടിയിലായ റിയാസ് തൊടുകയിലിന്റെ മൊബൈലിലേക്ക് സഹോദരന്റെ മെസേജ് വന്നു എന്നാണ് പൊലീസ് പറയുന്നത്. റിയാസ് തൊടുകയിലാണ് ലഹരി ഇടപാട് നടത്തുന്നത് എന്നും പൊലീസ് പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഇന്നലെ റിയാസ് തൊടുകയിലിനെ പൊലീസ് വിട്ടയച്ചത്? റിയാസ് തൊടുകയില്‍ ഏത് പാര്‍ട്ടിക്കാരനാണ്? അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും അദ്ദേഹം സിപിഎം പ്രവര്‍ത്തകനാണ് എന്ന്. സിപിഎം പ്രവര്‍ത്തകനായ റിയാസ് തൊടുകയില്‍ ആണ് ലഹരി ഇടപാട് നടത്തിയത് എന്ന് പൊലീസ് പറയുന്നു. ഇന്നലെ തന്നെ അദ്ദേഹത്തെ വിട്ടയക്കുന്നു. അദ്ദേഹത്തെ വിട്ടയക്കാന്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അടക്കമാണ് അദ്ദേഹത്തെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്നത്. അദ്ദേഹവുമായി എന്റെ സഹോദരന്‍ വാട്‌സ്ആപ്പ് ചാറ്റ് നടത്തി എന്നതാണ് പൊലീസിന്റെ ആക്ഷേപം. എന്നാല്‍ എന്റെ സഹോദരനെ കാണാന്‍ വേണ്ടിയോ അദ്ദേഹത്തെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുവരാനോ ഒരു ലീഗ് പ്രവര്‍ത്തകനും പോയിട്ടില്ല. നിങ്ങള്‍ക്ക് അന്വേഷിക്കാം. ഞാനും കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിസരത്തേയ്ക്ക് പോയിട്ടില്ല. അദ്ദേഹം ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ കിട്ടണം. അതിനകത്ത് ഒരു വിധത്തിലുള്ള ഇടപെടലും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'- പി കെ ഫിറോസ് പറഞ്ഞു.

'പൊലീസ് പറയുന്ന രീതിയില്‍ സമൂഹത്തിന് വിപത്തായ ലഹരി ഇടപാടില്‍ എന്റെ സഹോദരന് ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നതാണ് എന്റെ നിലപാട്. കാരണം ഇതിനെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന സംഘടനയിലെ അംഗമാണ് ഞാന്‍. കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ ഈ വിഷയത്തില്‍ രംഗത്തുവന്നതിന്റെ താത്പര്യം മലയാളികള്‍ക്ക് മനസിലാവും. അധികാരത്തിന്റെ കൂട്ടുപിടിച്ച് അത്തരം ആളുകള്‍ നടത്തുന്ന നെറികേടുകള്‍ക്കെതിരെ വീണ്ടും സംസാരിക്കും. സഹോദരനുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തട്ടെ. സഹോദരന്‍ കുറ്റകാരനാണെങ്കില്‍ മാതൃകാപരമായ ശിക്ഷ നല്‍കണം. അതില്‍ രാഷ്ട്രീയപരമായോ വ്യക്തിപരമായോ യാതൊരുവിധ ഇടപെടലും നടത്തില്ല'- പി കെ ഫിറോസ് വ്യക്തമാക്കി.

ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ഇന്നലെ ജുബൈര്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജുബൈര്‍ അറസ്റ്റിലായതിനു പിന്നാലെ സഹോദരന്‍ പി കെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചിരുന്നു. പി കെ ഫിറോസിന്റെ പങ്കും അന്വേഷിക്കണം. പി കെ ജുജൈറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുന്‍പ് പല കേസുകളിലും പി കെ ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവര്‍ത്തിക്കുമോ എന്നും ധാര്‍മികത തന്നെയാണ് ഇവിടെയും ചര്‍ച്ചയാവുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.

brother arrested for assaulting police officer; PK Firos reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT