തിരുവനന്തപുരം : വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുകയും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസന്വേഷണം സിബിഐക്ക് വിടണമെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സിബിഐക്ക് വിട്ടുകൊണ്ട് വിജ്ഞാപനം ഇറക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വാളയാര്‍ കേസില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും ഒരുക്കമാണെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാനും അന്വേഷണം ഒതുക്കി തീര്‍ക്കാനും പൊലീസുകാര്‍ കൂട്ടു നിന്നുവെന്നും, അതിനാല്‍ പൊലീസിനെതിരായ കേസ് അന്വേഷണം അവര്‍ തന്നെ നടത്തിയാല്‍ ഫലം കാണില്ലെന്നും കുട്ടികളുടെ അമ്മ അഭിപ്രായപ്പെട്ടിരുന്നു.
കേസന്വേഷണം സിബിഐക്ക് വിടണമെന്ന് വാളയാര്‍ ആക്ഷന്‍ കൗണ്‍സിലും ആവശ്യം ഉന്നയിച്ചിരുന്നു. വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പൊലീസിനും പ്രോസിക്യൂട്ടര്‍മാര്‍ക്കും പോക്‌സോ കോടതി ജഡ്ജിക്കും നേരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്‌സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു.
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി മാര്‍ച്ച് മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates