പിണറായി വിജയൻ  ഫെയ്സ്ബുക്ക്
Kerala

'മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്'

ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റേയും അനശ്വര പ്രതീകമാണ് ക്രിസ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല, മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ് എന്നും മുഖ്യമന്ത്രി ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്. അതിനെ ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്.

കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം. അവരെ ചെറുക്കാനും ഈ നാടിന്റെ യഥാര്‍ത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റേയും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേര്‍ത്തു നിര്‍ത്തിയ യേശു അനീതികള്‍ക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്. പിണറായി വിജയന്‍ കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മതങ്ങള്‍ മനുഷ്യരെ വേര്‍തിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടില്‍ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോര്‍ത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തില്‍ ലോകത്തിനു മുന്നില്‍ എക്കാലവും ഒരു മാതൃകയാണ്.

എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മള്‍ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളില്‍ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങള്‍ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിര്‍ത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്.

അതിനെ ദുര്‍ബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വര്‍ഗീയശക്തികള്‍ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിയ ചില ആക്രമണങ്ങള്‍ ആ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിനും മലയാളികള്‍ക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ നമുക്ക് സാധിക്കണം.

അവരെ ചെറുക്കാനും ഈ നാടിന്റെ യഥാര്‍ത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാല്‍ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റേയും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേര്‍ത്തു നിര്‍ത്തിയ യേശു അനീതികള്‍ക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയര്‍ത്തുകയാണ് ചെയ്തത്.

യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യര്‍ക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവര്‍ത്തനം ചെയ്യുന്ന വര്‍ഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിര്‍ത്താം. എല്ലാവര്‍ക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ക്രിസ്മസ് ആശംസകള്‍ നേരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT