തിരുവനന്തപുരം: കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി, പൊന്നോണക്കാലത്തിന്റെ പ്രതീക്ഷകളുമായി പൊന്നിന്‍ ചിങ്ങം പിറന്നു. ചിങ്ങപ്പുലരി മലയാളിയുടെ മനസ്സില്‍ ഓണത്തിന്റെ പൂവിളികള്‍ കൂടിയാണ് ഉണര്‍ത്തുന്നത്. പൂക്കളമിട്ടും സദ്യയൊരുക്കിയും തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
മലയാള കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങം. അതുകൊണ്ടു തന്നെ പ്രത്യാശയുടെ പുതുവര്‍ഷപ്പിറവി കൂടിയാണ് ഓരോ മലയാളിക്കും ചിങ്ങപ്പുലരി. എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും, കാര്‍ഷിക സമൃദ്ധിയുടെയും പ്രതീക്ഷകളെ വരവേല്‍ക്കുന്നു. മഴക്കോളു മാറി മണ്ണും പ്രകൃതിയും പൊന്‍കതിരുകളും പൂക്കളും കൊണ്ട് ഓണത്തെ മാടി വിളിക്കുന്നു.
കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നു. മണ്ണില്‍ വിത്തെറിഞ്ഞവന്റെ മനസ്സില്‍ സന്തോഷത്തിന്റെ പുതുനാമ്പുകള്‍ വിരിയുന്ന കാലം കൂടിയാണ്. സംസ്ഥാന കര്‍ഷക ദിനാചരണവും കര്‍ഷക അവാര്‍ഡ് ദാനവും ഇന്ന് കൊച്ചി കളമശ്ശേരിയില്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍, കൃഷിമന്ത്രി ടി സിദ്ദിഖ് അധ്യക്ഷനാകും. കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായി കര്‍ഷക അവാര്‍ഡുകളും വിതരണം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates