സിനിമാറ്റിക് ഡാൻസ് നിരോധിക്കേണ്ട ഒന്നാണെന്ന് സൂര്യ കൃഷ്ണമൂർത്തി. സിനിമാറ്റിക് ഡാൻസ് ഒപിയം പോലെ, അല്ലെങ്കിൽ കഞ്ചാവോ കള്ളോ പോലെ അത്രയും വൃത്തികെട്ട സാധനമാണ്. ഒരു തലമുറയെ തന്നെ ദുഷിപ്പിക്കുന്ന ഒന്നാണ് സിനിമാറ്റിക് ഡാൻസെന്നും സൂര്യ കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മുഹമ്മദ് ബഷീർ എന്നൊരു വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ റൂമിൽ ചെന്ന് ഞാൻ വിശദീകരിച്ചു കൊടുത്തു. സ്കൂളുകളിൽ അത് നിരോധിക്കണമെന്നും അല്ലെങ്കിൽ ന്യൂഡിറ്റി എന്നത് ഒരു കലയായി മാറുമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പെണ്ണുങ്ങളെ ആ രീതിയിൽ വിൽക്കാനുള്ള ശ്രമമുണ്ടാകുമെന്ന് ഞാൻ അന്ന് പറഞ്ഞു.
ഞാൻ അവിടെയിരിക്കുമ്പോൾ തന്നെ അദ്ദേഹം സ്കൂളുകളിൽ സിനിമാറ്റിക് ഡാൻസ് നിരോധിക്കണമെന്ന ഉത്തരവിറക്കി. ആ ഉത്തരവ് ഇപ്പോഴും നിലവിലുണ്ടെങ്കിലും അത്തരം സംഭവങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു." - സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു.
"ഓണത്തിനൊക്കെ ചെയ്യുന്ന ഡാൻസ് ഓണവുമായി ബന്ധപ്പെട്ടതാണോ?. ഇങ്ങനെയുള്ളതല്ലേ ചെയ്യുന്നത്. അത് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്, പെണ്ണുങ്ങളുടെ നഗ്നതയെ വിറ്റ് കാശാക്കുന്നത്. ഒരു പെൺകുട്ടി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസിയൊക്കെ ചെയ്യുന്നുവെന്ന് വച്ചോളൂ, അവർ സ്റ്റേജിലേക്ക് വരുമ്പോൾ നമ്മൾ അറിയാതെ കൈ കൂപ്പി പോകും, ദേവിയുടെ ഒരു രൂപം നമ്മുക്ക് കിട്ടും.
മറ്റേ രീതിയിൽ വരുമ്പോൾ എനിക്ക് വേറെ വികാരങ്ങളാണ് വരുന്നത്. അവർ സ്റ്റേജിൽ കയറുമ്പോൾ എനിക്ക് ദേവിയായി കാണാൻ പറ്റില്ല, വേറെയൊരു വികാരമാണ് മനസിൽ വരുന്നത്. എന്റർടെയ്ൻമെന്റിൽ സ്ത്രീകളുടെ നഗ്നത വിൽക്കരുത്. സിനിമാറ്റിക് ഡാൻസ് അതാണ്, താളമോ ശ്രുതിയോ ഒന്നുമില്ല. അവാർഡ് നൈറ്റുകൾ കണ്ടിട്ടില്ലേ. എല്ലാ ഡാൻസും ഒരുപോലെയായിരിക്കും. നമ്മൾ ഇത് പ്രോത്സാഹിപ്പിച്ചാൽ വരും തലമുറയെയും ബാധിക്കും." - അദ്ദേഹം പറഞ്ഞു.
"കൂടിയാട്ടം വച്ചാൽ ഒരു പത്ത് പേരിൽ കൂടുതൽ വരില്ല. എന്ന് വച്ച് അതൊരു നല്ല കലയല്ല എന്ന് പറയാൻ പറ്റുമോ. ആൾക്കാരുടെ എണ്ണം നോക്കിയിട്ടാണ് കലാരൂപത്തിന്റെ മൂല്യമെങ്കിൽ ബിവറേജസ് കോർപ്പറേഷൻ അല്ലേ ഏറ്റവും വലിയ കല. വേദനിപ്പിക്കുന്നതു കൊണ്ടാണ് ഞാനിത് പറയുന്നത്. സ്ത്രീ ബഹുമാനിക്കപ്പെടേണ്ടവളാണ്. ശരീരമല്ല ബുദ്ധിയാണ് ഒരു പെണ്ണിന്റെ ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന ഒരു കലാകാരനാണ് ഞാൻ.
ഒരു സ്ത്രീയുടെ നഗ്നത എനിക്കും ഇഷ്ടമാണ്, ഞാനുമൊരു ആണാണ്. മറ്റൊരു സ്ത്രീയുടെ നഗ്നത എല്ലാവർക്കും ഇഷ്ടപ്പെടും. എന്നാൽ അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഇത് തെറ്റാണ് എന്നാണ് ഞാൻ പറയുന്നത്. പെണ്ണുങ്ങൾ നഗ്നമായി ഡാൻസ് ചെയ്യുന്നതിന്റെ പുറകിൽ പടയണിയും തെയ്യവും കൊണ്ട് വന്ന് നിർത്തുന്നു. അതിനെ നമ്മൾ ചോദ്യം ചെയ്യണ്ടേ.
ഒരു ഘോഷയാത്ര നടക്കുമ്പോൾ, തെയ്യത്തിൻ്റെ കിരീടത്തിന് പിന്നിൽ, സ്പോൺസറുടെ പേര് കാണിക്കും. എന്തു കൊണ്ടാണ് അവർ അത് ചെയ്യുന്നത്? ഗതികേട് കൊണ്ടാണ് അവർ അത് ചെയ്യുന്നതെന്ന് പറഞ്ഞാൽ എനിക്കത് അംഗീകരിക്കാൻ പറ്റില്ല. പട്ടിണി കിടന്ന് മരിച്ചാലും തെയ്യത്തിന്റെ മുടിയിൽ പരസ്യം കൊടുക്കുന്നവൻ കലാകാരനല്ല."- സൂര്യ കൃഷ്ണമൂർത്തി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates