SFI- KSU Clash in Kannur University വീഡിയോ ദൃശ്യത്തിൽ നിന്ന്
Kerala

യുയുസിയുടെ ബാ​ഗ് തട്ടിപ്പറിച്ച് ഓടി, എസ്എഫ്ഐ സ്ഥാനാർത്ഥിയെ പിടിച്ചുവെച്ച് പൊലീസ്; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉന്തും തള്ളും

പൊലീസും വിദ്യാർത്ഥി സംഘടനാ പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ രജനി, എസ്എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത്, കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗണ്‍ എസ്‌ഐ ദീപ്തി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

ഇന്നുരാവിലെ 10 ന് യൂണിയന്‍ തെരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. കള്ളവോട്ട് ചെയ്യാന്‍ കെഎസ്യു- എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി എസ്എഫ്‌ഐ ആരോപിച്ചു. ഐഡന്റിറ്റികാര്‍ഡ് ഇല്ലാതെ കടത്തിവിടില്ലെന്ന പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് കെഎസ് യു - എംഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം കാസര്‍കോട് എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായ സഫ്വാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടികൊണ്ട് പോയതായി കെഎസ് യു എംഎസ്എഫ് ആരോപിച്ചു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് തുടക്കത്തില്‍ സംഘര്‍ഷത്തിനിടയാക്കിയത്.

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ എംഎസ്എഫ് യുയുസിയുടെ ബാ​ഗും പേപ്പറും എസ്എഫ്ഐ സ്ഥാനാർത്ഥി തട്ടിപ്പറിച്ചുകൊണ്ട് ഓടി. പൊലീസ് ഈ എസ്എഫ്ഐ പ്രവർത്തകയായ സ്ഥാനാർത്ഥിയെ പിടിച്ചുവെച്ചു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെത്തി പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് മോചിപ്പിക്കാൻ തയ്യാറായില്ല. ഇതു പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുന്നതിന് കാരണമായി.

തുടർന്ന് പൊലീസ് പിടിച്ചുവെച്ച സ്ഥാനാര്‍ത്ഥി കൂടിയായ പ്രവര്‍ത്തകയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിക്കുകയായിരുന്നു. പ്രവര്‍ത്തകരെ ഏറെ പാടുപെട്ടാണ് പൊലീസ് പിന്തിരിപ്പിച്ചത്. സംഘര്‍ഷം ഒഴിവാക്കാനായി പൊലീസ് ലാത്തി വീശുകയും ചെയ്തു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇരുവിഭാഗത്തേയും പൊലീസ് പോളിങ് ബൂത്തിനടുത്തു നിന്ന് മാറ്റി. സിറ്റി എസിപി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് യൂണിവേഴ്‌സിറ്റി പരിസരത്ത് ക്യാംപ് ചെയ്തത്. ബാ​ഗും പേപ്പറും തട്ടിപ്പറിച്ച് ഓടിയെന്ന ആരോപണം പിന്നീട് എസ്എഫ്ഐ തള്ളിയിട്ടുണ്ട്.

Clashes between SFI and UDSF activists over union elections at Kannur University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT