തിരുവനന്തപുരം; ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാക്കി ദ്വീപിനെ മാറ്റുകയാണെന്നും കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംഘപരിവാർ, കോർപ്പറേറ്റ് താൽപ്പര്യങ്ങൾ ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണ്. ദ്വീപ് വാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ജില്ലാ പഞ്ചായത്തിൻ്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൻ്റെ താൽപര്യങ്ങൾ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുന്നു. രണ്ട് കുട്ടികളിൽ അധികം ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നത് കേട്ടു കേൾവി ഇല്ലാത്തതാണെന്നും കൂട്ടിച്ചേർത്തു. പ്രമേയം ഐകകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തോട് പൂർണ്ണമായും യോജിക്കുന്നുണ്ടെന്നും എന്നാൽ കേന്ദ്രത്തെ പേരെടുത്തു വിമർശിക്കണമെന്നും കോൺഗ്രസ്സും ലീഗും ഭേദഗതി നിർദേശിച്ചു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടനയുടെ അവകാശലംഘനമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates