ma baby 
Kerala

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

നേരത്തെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന തീരുമാനം സിപിഎമ്മിന് ഇല്ല. പിബിയില്‍ നിന്ന് ആരൊക്കെ മത്സരിക്കണമെന്നതും എംഎല്‍എമാരുടെ ടേം വ്യവസ്ഥയും ആര്‍ക്കൊക്കെ ഇളവും നല്‍കണമെന്നതും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബേബി

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് യോഗം കൂടി തീരുമാനിക്കും. അത് എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമായിരിക്കുമെന്നും എംഎ ബേബി പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നേരത്തെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന തീരുമാനം സിപിഎമ്മിന് ഇല്ല. പിബിയില്‍ നിന്ന് ആരൊക്കെ മത്സരിക്കണമെന്നതും എംഎല്‍എമാരുടെ ടേം വ്യവസ്ഥയും ആര്‍ക്കൊക്കെ ഇളവും നല്‍കണമെന്നതും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബേബി പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ ചരിത്രപരമായ മൂന്നാമൂഴത്തിലേക്ക് തെരഞ്ഞെടുക്കും എന്നും എംഎ ബേബി പറഞ്ഞു.

കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, അസ്സം, പുതുച്ചേരി - നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പാര്‍ട്ടിയുടെ തയ്യാറെടുപ്പിനെ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേരളത്തില്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വിജയത്തിനായി നേട്ടങ്ങളിലൂന്നിയ പ്രചാരണത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തിക്കും. ബിജെപി നയിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ കേരളത്തിനര്‍ഹതപ്പെട്ട വിഭവങ്ങള്‍ നിഷേധിക്കുന്നതിനേയും, അങ്ങനെ സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളേയും, ഫെഡറലിസത്തിനെതിരായ നീക്കങ്ങളേയും തുറന്നുകാട്ടും.

പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ ഫെഡറലിസത്തെ അട്ടിമറിക്കാന്‍ നടത്തപ്പെടുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് വരുത്തുന്ന വീഴ്ചയേയും പാര്‍ട്ടി തുറന്നുകാട്ടും. പ്രത്യേകിച്ച് കേരളത്തില്‍ ആര്‍എസ്എസ് - ബിജെപിക്കെതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന പോരായ്മയേയും ജനങ്ങള്‍ക്ക് മുമ്പാകെ തുറന്നുകാട്ടും. ബംഗാളില്‍, സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പരാജയത്തിനായി പാര്‍ട്ടി പ്രവര്‍ത്തിക്കും. അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ എല്ലാ ശക്തികളേയും ഒന്നിച്ചു ചേര്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കും.

തമിഴ്നാട്ടില്‍, ബിജെപിയേയും സഖ്യകക്ഷികളേയും പരാജയപ്പെടുത്താന്‍ ഡിഎംകെയുടേയും സഖ്യകക്ഷികളുടേയും ഒപ്പം പാര്‍ട്ടി മത്സരിക്കും.അസമില്‍, രൂക്ഷമായ വര്‍ഗ്ഗീയ വിഭജനം നടത്തുന്ന ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിനായി എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളെയും, ശക്തികളേയും സംഘടിപ്പിക്കും. പുതുച്ചേരിയില്‍ ബിജെപി മുന്നണി സര്‍ക്കാരിനെ പരാജയപ്പെടുത്താനായി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും എം എ ബേബി പറഞ്ഞു.

CM Pinarayi Vijayan to lead LDF in Assembly polls, says M.A. Baby

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

കോഹ്ലിയുടെ സെഞ്ച്വറിയും രക്ഷിച്ചില്ല; തോറ്റത് 41 റണ്‍സിന്; ഇന്ത്യയില്‍ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസിലന്‍ഡ്

യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍- വിഡിയോ

ഒറ്റയാള്‍ പോരാട്ടം; ന്യൂസിലന്‍ഡിനെതിരെ പുതുചരിത്രം; കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം 85 ആയി

പരിഷ്‌കരിച്ച ഫ്രണ്ട് ഫാസിയ, എല്‍ഇഡി ഹെഡ്ലാമ്പ്; വരുന്നു പുതിയ പള്‍സര്‍ 125

SCROLL FOR NEXT