V D Satheesan 
Kerala

എസ്‌ഐടിയില്‍ കടന്നുകയറാന്‍ നീക്കം; അന്വേഷണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുന്നു: വിഡി സതീശന്‍

'മൂന്ന് സിപിഎം നേതാക്കള്‍ ജയിലിലാണ്. അതിനേക്കാള്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിലാണ്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടിയുടെ അന്വേഷണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്വേഷണ സംഘത്തിനു മേല്‍ സര്‍ക്കാര്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അവസാനമായി സിപിഎം ബന്ധമുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ എസ്‌ഐടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. സിപിഎം ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, എസ്‌ഐടിയില്‍ കടന്നുകയറി അന്വേഷണ വിവരങ്ങള്‍ സിപിഎമ്മിന് ചോര്‍ത്തിക്കൊടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. ശബരിമലയില്‍ കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മനപ്പൂര്‍വമായി സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എസ്‌ഐടി അന്വേഷിക്കുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി ആര്‍ക്കൊപ്പമൊക്കെ നിന്ന് ചിത്രം എടുത്തു എന്നല്ലല്ലോ? . ശബരിമലയിലെ സ്വര്‍ണം കവര്‍ച്ച ചെയ്തത് ആരാണ്?. എവിടെ കൊണ്ടുപോയി വിറ്റു, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം കൊടുത്തത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

പല ക്രിമിനലുകളും, പല കുഴപ്പക്കാരും പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഫോട്ടോയില്‍ ഉള്ളവരെയെല്ലാം പ്രതികളാക്കാനാകുമോ?. ഏതു കേസിലായാലും പ്രതികളുടെ ഒപ്പം ഫോട്ടോ എടുത്തവരെല്ലാം പ്രതികളാകുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു. മൂന്ന് സിപിഎം നേതാക്കള്‍ ജയിലിലാണ്. അതിനേക്കാള്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിലാണ്. അതില്‍ ബാക്കിയുള്ളവരെക്കൂടി ബന്ധപ്പെടുത്താന്‍ വേണ്ടിയുള്ള വൃഥാശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. അയ്യപ്പന്റെ സ്വര്‍ണം കടന്ന കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ എന്തു കൊണ്ട് പാര്‍ട്ടി നടപടി സ്വീകരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.

കൂടുതല്‍ നേതാക്കളുടെ പേരു വെളിപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് ജയിലിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. വടക്കാഞ്ചേരിയിലെ കേസ് ഇപ്പോള്‍ പുറത്തുവന്നു. യുഡിഎഫിലെ ഒരാളെ സ്വാധീനിക്കാന്‍ 50 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്. 50 ലക്ഷം രൂപ കൊടുത്തപ്പോള്‍ അയാള്‍ എല്‍ഡിഎഫിന് വോട്ടു ചെയ്തു. ഇതു തന്നെയാണ് മറ്റത്തൂരും നടന്നത്. ജനാധിപത്യത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുക, എന്നിട്ട് പണം കൊടുത്ത് ആളെ സ്വാധീനിക്കാന്‍ ബിജെപി രീതിയില്‍ പരിശ്രമിക്കുന്നു. സിപിഎം എത്രമാത്രം അധഃപതിച്ചു എന്നതിന്റെ ഉദാഹരണമാണ് വടക്കാഞ്ചേരിയിലും മറ്റത്തൂരും കണ്ടതെന്ന് വിഡി സതീശന്‍ പറഞ്ഞു.

വടക്കാഞ്ചേരിയില്‍ കണ്ട അതേ കാര്യമാണ് മറ്റത്തൂരിലും നടന്നത്. എന്നിട്ട് 8 കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് തെറ്റായ പ്രചാരണം നടത്തുന്നു. മറ്റത്തൂരില്‍ ഒരു കോണ്‍ഗ്രസ് അംഗവും ബിജെപിക്കൊപ്പം പോയിട്ടില്ല. തൊടുപുഴയില്‍ 16 വയസ്സുള്ള മകന്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് പറഞ്ഞ്, അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ആര്‍എസ്എസിനെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്നാണ് മുഖ്യമന്ത്രി പറയുന്നത് നല്ല തമാശയാണ്. ആര്‍എസ്എസിന്റെ കൂടെ പിന്തുണയോടെ 1977 ല്‍ നിയമസഭയിലേക്ക് ജയിച്ചു വന്നയാളാണ് പിണറായി വിജയന്‍ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

VD Satheesan says the Chief Minister's Office is constantly interfering to obstruct the investigation of the SIT probing the Sabarimala gold robbery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വടക്കാഞ്ചേരി കോഴ: ആരുമായും ഡീല്‍ ഇല്ല, വോട്ട് ചെയ്തത് അബദ്ധത്തിലെന്ന് ജാഫര്‍, അഭയം തേടി പൊലീസ് സ്റ്റേഷനില്‍

'ഒരു തലമുറയെ സ്വാധീനിച്ച നായകൻ, അദ്ദേഹത്തിന്റെ അഭാവം സിനിമാ മേഖലയ്ക്ക് വലിയ മിസ് ആയിരിക്കും'; വിജയ്‌യെക്കുറിച്ച് പ്രീതി

ഓരേ സമയം ടോണറായും മോയ്സ്ചറൈസറായും, റോസ് വാട്ടർ നിസാരക്കാരനല്ല

അപേക്ഷിക്കാൻ മറന്നുപോയോ? വിഷമിക്കേണ്ട, തീയതി നീട്ടി പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിആർഡിഒ

വെള്ളാപ്പള്ളി അല്ല എൽഡിഎഫ്, മുന്നണിക്ക് മാർക്കിടാൻ ആരെയും ഏൽപ്പിച്ചിട്ടില്ല: ബിനോയ് വിശ്വം

SCROLL FOR NEXT