കൊച്ചി: താല്‍ക്കാലിക പ്രകോപനങ്ങളില്‍ റോഡില്‍ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ആളുകളെ പെട്ടെന്ന് 'ഗുണ്ട'കളാക്കി മാറ്റുന്ന പൊലീസ് നടപടിക്കെതിരെ എറണാകുളം കലക്ടര്‍ ജി പ്രിയങ്ക. ചെറിയ അടിപിടി കേസുകളില്‍പോലും 'കാപ്പ' (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) ചുമത്താനുള്ള ശുപാര്‍ശകള്‍ കലക്ടര്‍ മടക്കി. ആറ് ഫയലുകളാണ് കലക്ടര്‍ മടക്കിയത്.
ഈ വര്‍ഷം ജനുവരി മുതല്‍ മേയ് 31 വരെ 42 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് കൊച്ചി സിറ്റി, റൂറല്‍ പൊലീസ് മേധാവിമാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലുള്ള 12 പേരുടെ ഫയലുകളില്‍ സംശയം തോന്നിയ കലക്ടര്‍
ജില്ലാ ലോ ഓഫീസറുടെ പരിശോധനയ്ക്ക് വിട്ടു. ഇതില്‍ ആറുപേര്‍ക്കെതിരെ നിലവില്‍ ഗൗരവമുള്ള കേസുകളില്ലെന്നും അതിനാല്‍ കാപ്പ ചുമത്താന്‍ കഴിയില്ലെന്നും നിയമോപദേശം ലഭിച്ചതോടെയാണ് ഇവ തള്ളിയത്. ബാക്കി 6 ഫയലുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഗുണ്ടാ നിയമം. നിയമപ്രകാരം അറിയപ്പെടുന്ന ഗുണ്ട, അറിയപ്പെടുന്ന റൗഡി എന്നിവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ കലക്ടര്‍ക്ക് അധികാരമുണ്ട്. ഈ വര്‍ഷം ഇതുവരെ കൊച്ചി നഗരത്തില്‍നിന്നും റൂറല്‍ മേഖലയില്‍ നിന്നുമായി 30 പേരെ ജയിലിലടച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates