ലിതാര/ ഫയല്‍ ചിത്രം 
Kerala

25 ലക്ഷം രൂപ വാഗ്ദാനം; മുദ്രപേപ്പറില്‍ ഒപ്പിടാന്‍ ആവശ്യം, മരിച്ച ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്റെ അമ്മയ്ക്ക് ഭീഷണി

ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് ലിതാരയുടെ അമ്മ ലളിതയുടെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബിഹാറില്‍ വെച്ച് മരിച്ച ബാസ്‌ക്കറ്റ് ബോള്‍ താരം പാതിരിപ്പറ്റ കെസി ലിതാരയുടെ അമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് ലിതാരയുടെ അമ്മ ലളിതയുടെ പരാതി.

വീട്ടിലെത്തയവര്‍ കൊണ്ടുവന്ന മുദ്രപ്പേപ്പറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ഒപ്പിടാന്‍ കൂട്ടാക്കാതെവന്നപ്പോള്‍ ബലം പ്രയോഗിച്ച് ഒപ്പിടാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ലളിത ബഹളം വെച്ചതോടെ ഇവര്‍ വീട്ടില്‍നിന്ന് ഓടിപ്പോകുകയായിരുന്നു. ലളിതയുടെ പരാതിയില്‍ കുറ്റിയാടി പൊലീസ് കേസെടുത്തു.

പരാതി പിന്‍വലിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും ലിതാരയുടെ ഡയറി തിരിച്ചുതരാമെന്നും വീട്ടിലെത്തിയവര്‍ പറഞ്ഞതായി ലിതാരയുടെ സഹോദരിയുടെ ഭര്‍ത്താവ് ബിനീഷ് പറഞ്ഞു. മലയാളത്തിലായിരുന്നു മുദ്രപ്പത്രത്തിലെ എഴുത്ത്. ഇത് മലയാളം നന്നായി അറിയുന്നവര്‍ എഴുതിയതല്ലെന്നും അക്ഷര പിശകുകളുണ്ടായിരുന്നെന്നും ബിനീഷ് പറഞ്ഞു.

കാഴ്ചയില്‍ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ആളുകളാണ് വൈകുന്നേരം വീട്ടില്‍ എത്തിയത്. കുടിവെള്ളം ചോദിച്ചാണ് വന്നത്. ശേഷം മുദ്രപത്രം കാണിക്കുകയായിരുന്നു. ലിതാരയുടെ മരണത്തിന് കാരണക്കാരനെന്ന് പറയപ്പെടുന്ന കോച്ച് രവി സിങ്ങിന്റെയും ലിതാരയുടെയും ഫോട്ടോയും അവര്‍ കാണിച്ചിരുന്നെന്നും ബിനീഷ് പറഞ്ഞു. 

ഏപ്രില്‍ 26നാണ് പട്‌ന ദാനാപുരിലെ താമസസ്ഥലത്ത് ലിതാരയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്റെ നിരന്തരമായ മാനസികപീഡനമാണ് ലിതാരയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയും ബിഹാര്‍ പൊലീസില്‍ പരാതിനല്‍കുകയും ചെയ്തിരുന്നു. 

2018ല്‍ ദേശീയചാമ്പ്യന്മാരായ കേരള ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ലിതാര. റെയില്‍വേയില്‍ ധാനാപുരില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്തുവരുന്നതിനിടെ കോച്ച് രവി സിങ്ങില്‍നിന്ന് തുടര്‍ച്ചയായ മാനസിക, ശാരീരിക പീഡനങ്ങളുണ്ടായതായി മാതാപിതാക്കള്‍ മൊഴിനല്‍കിയിരുന്നു. ഒരിക്കല്‍ കൈയില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് ലിതാര കോച്ചിനെ അടിച്ചിരുന്നു.

തുടര്‍ന്ന് പലപ്പോഴും ഒറ്റയ്ക്ക് പരിശീലനത്തിനെത്താന്‍ കോച്ച് നിര്‍ബന്ധിച്ചിരുന്നു. ഇതിന് തയ്യാറാകാതിരുന്നപ്പോള്‍ പരിശീലനത്തിനെത്തുന്നില്ലെന്ന് കാണിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കി ജോലിയില്‍നിന്ന് പുറത്താക്കാനും ശ്രമമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പട്‌ന രാജീവ്‌നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ