Congress Probable Candidates 
Kerala

ജ്യോതി വിജയകുമാര്‍, സന്ദീപ് വാര്യർ, രമേഷ് പിഷാരടി...; നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കരട് പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാകില്ല. പകരം യുവനേതാവ് മത്സരിക്കും

രാജേഷ് എബ്രഹാം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് കേവലം എട്ടു മാസങ്ങള്‍ മാത്രം അവശേഷിക്കെ, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കോണ്‍ഗ്രസ്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ജില്ലാ നേതൃതലങ്ങളില്‍ സജീവമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക കരടുരൂപമായതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പരിചയസമ്പന്നര്‍, പുതുമുഖങ്ങള്‍, താരപരിവേഷമുള്ളവര്‍ തുടങ്ങിയവര്‍ അടങ്ങിയ ലിസ്റ്റിനാണ് രൂപം നല്‍കിയിട്ടുള്ളത്. ജ്യോതി വിജയകുമാര്‍, രാജു പി നായര്‍, ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍, മാത്യു ആന്റണി തുടങ്ങിയവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യുവനേതാക്കളായ അരിത ബാബു, വീണ നായർ, റിജിൽ മാക്കുറ്റി, സന്ദീപ് വാര്യർ, ജെ എസ് അഖിൽ തുടങ്ങിയവരും സ്ഥാനാർത്ഥിത്വത്തിനായി പരി​ഗണനയിലുണ്ട്. കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ നിരവധി എംപിമാരും മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു രം​ഗത്തു വന്നിരുന്നു.

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 2021 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് പരാജയപ്പെട്ടെങ്കിലും മുതിര്‍ന്ന വനിതാ നേതാവ് എന്ന നിലയില്‍ ഷാനിക്ക് തന്നെയാകും പ്രഥമ പരിഗണന. കായംകുളത്ത് യുവനേതാവ് അരിത ബാബു, നേമത്ത് വീണ നായര്‍ എന്നിവര്‍ ഏതാണ്ട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്. ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍, മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മത്സരിപ്പിച്ചേക്കും.

കോട്ടയത്ത് മുന്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ പരിഗണിക്കുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്ത വിവര്‍ത്തകയും മുന്‍ പത്രപ്രവര്‍ത്തകയുമായ ജ്യോതി വിജയകുമാറിനെ ചെങ്ങന്നൂരിലേക്ക് പരിഗണിക്കുന്നു. പാരമ്പര്യവും യോഗ്യതയും നിറഞ്ഞ സ്ഥാനാര്‍ത്ഥിത്വമാണ് ജ്യോതിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിന്ദു കൃഷ്ണയ്ക്കും സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഷമ മുഹമ്മദിനെയും നിയമസഭ തെരഞ്ഞെടുപ്പില്‍ പരിഗണിച്ചേക്കും. പ്രാദേശിക തലത്തില്‍ എതിര്‍പ്പ് ഉയരാമെങ്കിലും, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലുള്ള സ്വാധീനം ഷമയ്ക്ക് ഗുണകരമായേക്കും.

യുവ സ്ഥാനാര്‍ത്ഥികളില്‍, ഈഴവ ഭൂരിപക്ഷമുള്ള ഒരു സീറ്റിലേക്ക് എം ലിജുവിനെ പരിഗണിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ സീറ്റ്), ജെ എസ് അഖില്‍ (കഴക്കൂട്ടം സീറ്റ്) എന്നിവരും ശക്തമായ പരിഗണനയിലുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ അക്കാമ്മ ചെറിയാന്റെയും കെ ടി തോമസിന്റെയും (മുന്‍ എംഎല്‍എ) ചെറുമകന്റെ പേര് പരിഗണിക്കുന്നു. മൂവാറ്റുപുഴയോ, പൂഞ്ഞാറോ വേണമെന്നാണ് ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെടുന്നത്. വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റ് നല്‍കിയാല്‍, സിറ്റിംഗ് എംഎല്‍എ മാത്യു കുഴല്‍നാടനെ പെരുമ്പാവൂരിലേക്ക് മാറ്റിയേക്കും. അങ്ങനെയെങ്കില്‍ പെരുമ്പാവൂരിലെ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് മറ്റൊരു സീറ്റ് കണ്ടെത്തേണ്ടി വരും.

പാലക്കാട് നിയമസഭ മണ്ഡലത്തില്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ലൈംഗികാരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവായ ധാരണ. സന്ദീപ് വാര്യരുടെ സംഘടനാ വൈദഗ്ധ്യം പാലക്കാട് മണ്ഡലം നിലനിര്‍ത്താന്‍ ഗുണകരമാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാനത്തിലധികം പേരും പുതുമുഖങ്ങളായിരുന്നു. 60 ശതമാനം പേര്‍ 25 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

സ്ഥിരമായി ചിലര്‍ക്ക് സീറ്റു നല്‍കുന്നുവെന്ന വികാരം മറികടക്കുക, യുവജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുക എന്നീ ലക്ഷ്യത്തോടെ, 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെ തന്ത്രം തന്നെ കോണ്‍ഗ്രസ് തുടര്‍ന്നേക്കും. കഴിഞ്ഞ തവണ, സ്ഥാനാര്‍ത്ഥികള്‍ നല്ലവരായിരുന്നെങ്കിലും, അവര്‍ക്കായി തെരഞ്ഞെടുത്ത സീറ്റുകള്‍ ശരിയായിരുന്നില്ല. ഇത്തവണ അത് തിരുത്തുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു.

ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ തുടങ്ങിയ എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ പരിഗണിച്ചേക്കില്ല. തയ്യാറെടുപ്പുകള്‍ എത്ര നേരത്തെ നടത്തിയാലും, പ്രധാന ശത്രുവായ ഉള്‍പ്പാര്‍ട്ടി പോര് മറികടക്കുക എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. പേരുകള്‍ നേരത്തെ തയ്യാറാക്കാം, എന്നാല്‍ എല്ലാവരെയും അംഗീകരിപ്പിക്കുക എന്നതാണ് വലിയ പോരാട്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സൂചിപ്പിച്ചു.

With the assembly elections less than six months away, the Congress in Kerala has quietly drawn up its first draft of probable candidates. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഈ മാസം 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

SCROLL FOR NEXT