കൊച്ചി: "രാജഭരണം അവസാനിച്ചു.. കേരളം ജനാധിപത്യത്തിലേക്ക്" എന്നും "യുഡിഎഫ് അധികാരത്തിലെത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ടാക്സി ഡ്രൈവേഴ്സിന് അഭിവാദ്യങ്ങൾ" എന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ട് ആഘോഷിച്ച കോൺഗ്രസ് സൈബർ അണികൾക്ക് ഇപ്പോൾ സ്വന്തം ഭരണത്തിൽ നിന്ന് തന്നെ 'എട്ടിന്റെ പണി' കിട്ടുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് വഴിവെക്കുന്നത്. വാഹന ഭേദഗതികളിൽ ഇളവുകളൊക്കെ നൽകാമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെയും പുതിയ സർക്കാരിന്റെയും വാഗ്ദാനങ്ങൾ വിശ്വസിച്ച് ടാക്സി കാറിന് പിന്നിൽ അധിക ബമ്പർ ഫിറ്റ് ചെയ്ത ഷമീർ ഖാലിദാണ് ഒടുവിൽ 5,000 രൂപയുടെ പിഴയൊടുക്കി ക്യാമറയ്ക്ക് മുന്നിൽ കദനകഥയുമായി രംഗത്തെത്തിയിരിക്കുന്നത്.തനിക്ക് കിട്ടിയ കനത്ത പിഴയുടെ ചലാൻ തുക കാണിച്ച്, ഒടുവിൽ ഗതികെട്ട് കാറിന്റെ ആഡംബര ബമ്പർ ഇളക്കിമാറ്റി എറിയുന്ന ഷമീറിന്റെ വിഡിയോ ഇതിനകം തന്നെ ട്രോളന്മാർ ഏറ്റെടുത്തുകഴിഞ്ഞു.
സതീശന്റെ വാക്കും 'പൂക്കി ചിരിയും'
വണ്ടികളിൽ ചെറിയ രീതിയിലുള്ള ആൾട്ടറേഷനുകൾ ആകാമെന്ന തരത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ രാഷ്ട്രീയ ഉറപ്പുകൾ വിശ്വസിച്ചാണ് സാധാരണക്കാരായ പല ടാക്സി ഡ്രൈവർമാരും വണ്ടികളിൽ എക്സ്ട്രാ ഫിറ്റിംഗുകൾ നടത്തിയത്.എന്നാൽ, നിയമം നടപ്പിലാക്കാൻ ഇറങ്ങിയ എംവിഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഈ 'രാഷ്ട്രീയ വാഗ്ദാനങ്ങൾ'ക്കൊന്നും യാതൊരു വിലയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഷമീറിന്റെ അനുഭവം. 5,000 രൂപയുടെ ഭീമമായ പിഴ ലഭിച്ചതിന് പിന്നാലെ കാക്കനാട്ടെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ കയറിയിറങ്ങി ഉദ്യോഗസ്ഥരുടെ കാലുപിടിച്ചിട്ടും ഉദ്യോഗസ്ഥർ 'പൂക്കി ചിരി' പാസ്സാക്കി വിട്ടതല്ലാതെ യാതൊരു ഇളവും നൽകാൻ തയ്യാറായില്ല. ഓൺലൈൻ വഴി വന്ന ചലാൻ ആയതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാടെന്ന് വിഡിയോവിൽ ഷമീർ പറയുന്നു.
'പഴയ എൽഡിഎഫ് കാലമായിരുന്നു ഭേദം!'
സ്വന്തം സർക്കാരിന്റെ നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയ കോൺഗ്രസ് അണിയുടെ വീഡിയോയിൽ ഒടുവിൽ മുൻ ഇടത് ഭരണത്തെ പുകഴ്ത്തുന്ന വരികളും. "മുൻപുണ്ടായിരുന്ന ഇടത് സർക്കാരിന്റെ കാലത്ത് മോഡിഫിക്കേഷൻ വാഗ്ദാനങ്ങൾ ഒന്നും അധികൃതർ നൽകിയിരുന്നില്ല എങ്കിൽ പോലും, ഇതൊന്നും വലിയ കാര്യമായി എടുത്തിരുന്നില്ല. ഒളിച്ചിരുന്ന് പിന്നാലെ കൂടി ഇത്ര കനത്ത പിഴകൾ നമ്മുടെ മേൽ അടിച്ചേൽപ്പിക്കുമായിരുന്നില്ല," എന്നാണ് ഷമീർ ഖാലിദ് സങ്കടത്തോടെ വീഡിയോയിൽ പറയുന്നത്.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് ഇങ്ങനെ പിഴിഞ്ഞ് തങ്ങളിൽ നിന്നും ഫൈൻ ഈടാക്കുന്നതെന്നും, ഇനി ആരും ഇത്തരം കെണികളിൽ വീഴരുതെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നു. വോട്ട് ചെയ്താൽ അനുഭവിക്കണം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ അണികൾ ഷമീറിനെ ട്രോളുന്നുണ്ടെങ്കിലും, താൻ വോട്ട് ചെയ്ത പാർട്ടി ഇതാണെന്ന് ഉറക്കെ പറയാൻ മടിയില്ലെന്നും എന്നാൽ ഈ വന്യമായ ഫൈൻ ഭീകരത അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് ഇയാളുടെ നിലപാട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates