തിരുവനന്തപുരം: ശ്രീകാര്യത്ത് നടുറോഡില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി . കെപിസിസി നിര്‍ദേശത്തെ തുടര്‍ന്ന് തിരവനന്തപുരം ഡിസിസിയാണ് അനിലിനെ പുറത്താക്കിയതായി അറിയിച്ചത്.
മുഖ്യമന്ത്രിയെ തടഞ്ഞ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ള ആളാണെന്നും വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ തടയണമെന്ന ഉദ്ദേശ്യത്തോടെയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാക്കളെ കണ്ട് വാഹനം നിര്‍ത്തി ഇറങ്ങിയ മുഖ്യമന്ത്രിയെ മുന്നോട്ട് പോകാന്‍ സാധിക്കാത്ത തരത്തില്‍ മാര്‍ഗം തടസം സൃഷ്ടിച്ചുകൊണ്ട് 'ഏറ്റ പരിപാടിയല്ലേ എന്താ പങ്കെടുക്കാത്തത്' എന്ന് ഉച്ചത്തില്‍ മുഖ്യമന്ത്രിയോട് സംസാരിച്ചതായും ഈ സമയം നീ എന്തിനാണ് ദേഷ്യപ്പെടുന്നത് മുഖ്യന്ത്രി ചോദിച്ചപ്പോള്‍ 'ചൂടായാല്‍ നീ എന്തു ചെയ്യമെന്ന്' എന്ന് ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ അവഹേളിച്ചതായും മുഖ്യമന്ത്രിയൊടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെയും ഔൗദ്യോഗിക നിര്‍വഹണം തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധിനീക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീഷണിപ്പെടുത്തല്‍, നിയമവിരുദ്ധമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശ്രീകാര്യം പോലീസ് അനിലിനെ അറസ്റ്റ് ചെയ്തത്. ചേന്തിയിലെ ശ്രീനാരായാണ ഗുരു ജയന്തി പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിട്ട്, എത്തിയില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, താന്‍ മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും മറിച്ച് മുഖ്യമന്ത്രിയാണ് പ്രകോപിതനായി സംസാരിച്ചതെന്നും അനില്‍ ആരോപിച്ചു. ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണെന്നുമാണ് സ്റ്റേഷനില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ ചേന്തി അനില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates