തിരുവനന്തപുരം: തെലങ്കാനയിൽ സംഭവിച്ചതു പോലെയൊരു അമ്പരപ്പിക്കുന്ന മുന്നേറ്റം കോൺഗ്രസിനു കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഡികെ ശിവകുമാർ മാജിക്കിലൂടെ ഉണ്ടാകുമോ? കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അടുത്ത ആളും മുൻ മന്ത്രിയും രണ്ട് തവണ കർണാടക സ്പീക്കറുമായ കെആർ രമേശ് കുമാറിന്റെ മകനുമായ ഹർഷ കനാദത്തെ തിരുവനന്തപുരത്തെ സംസ്ഥാന വാർ റൂമിന്റെ ചെയർമാനായി നിയമിച്ചതോടെയാണ് ഈ ചോദ്യം ഉയർന്നത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ആസൂത്രണത്തിൽ ശിവകുമാർ നേരിട്ട് പങ്കാളിയാകുമെന്ന് ഇതിനർഥമില്ല. പക്ഷേ തന്ത്രങ്ങൾ മെനയുന്നതിൽ അദ്ദേഹത്തിന്റെ ആഴത്തിലുള്ള പങ്കാളിത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു സൂചിപ്പിക്കുന്നതാണ് ഹർഷയുടെ വരവ്.
ഡൽഹിയിലെത്തി നേതാക്കളെ കണ്ട ശേഷം ഹർഷ കനാദം ചുമതലയേൽക്കും. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹർഷ എഐസിസി നിരീക്ഷകനായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വാർ റൂമിലും പ്രവർത്തിച്ചു.
'എന്റെ പ്രഥമ പരിഗണന കേരളത്തിൽ കോൺഗ്രസിനെ അധികാരം പിടിച്ചെടുക്കാൻ സഹായിക്കുക എന്നതാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് താഴെത്തട്ടിലുള്ള ജനങ്ങളുമായി ഞങ്ങൾ ബന്ധപ്പെടും. പ്രാദേശിക നേതാക്കളെ വിശ്വാസത്തിലെടുത്തും മുതിർന്ന നേതാക്കളുടെ മാർഗനിർദ്ദേശങ്ങൾ കേട്ടും മുന്നോട്ടു പോകാനാണ് പദ്ധതി. എല്ലാ പ്രവർത്തകരുമായും എനിക്ക് ബന്ധപ്പെടാൻ കഴിയും'- ഹർഷ 'ടിഎൻഐഇ'യോട് വ്യക്തമാക്കി.
'തെലങ്കാനയിൽ പ്രചാരണത്തിലും തുടർന്ന് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നതിലും ശിവകുമാർ നിർണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിച്ചിരുന്നില്ല. പക്ഷേ പ്രചാരണത്തിന് മേൽനോട്ടം വഹിക്കാനും തന്ത്രങ്ങൾ മെനയാനും തെലങ്കാനയിൽ തമ്പടിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം കേരളത്തിലെ കോൺഗ്രസിനെ സഹായിച്ചിരുന്നു'- കർണാടകയിൽ നിന്നുള്ള ഒരു നേതാവ് പറഞ്ഞു.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിൽ (അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി) കേരളത്തിൽ അധികാരം പിടിക്കാമെന്ന വലിയ പ്രതീക്ഷ ഹൈക്കമാൻഡിനുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടു നിൽക്കുന്ന മുതിർന്ന നേതാക്കളുടെ കൂട്ടവും സംസ്ഥാന നേതൃത്വത്തിലെ അനൈക്യവും ഹൈക്കമാൻഡിനു മുന്നിലെ വെല്ലുവിളികളാണ്. പരമാവധി സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ പാർട്ടിയുടെ ഭാവി ഇരുളടഞ്ഞതാകുമെന്നു ഹൈക്കമാൻഡ് കണക്കുകൂട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates