കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, എറണാകുളം ജില്ലയിലെ മേധാവിത്വം നിലനിർത്താൻ മുന്നൊരുക്കങ്ങൾ ആരംഭിച്ച് കോണ്‍ഗ്രസ് നേതൃത്വം. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാ നേതൃതലങ്ങളില്‍ സജീവമായി. വിവിധ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക കരടുരൂപമായതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിചയസമ്പന്നര്‍, പുതുമുഖങ്ങള്‍, താരപരിവേഷമുള്ളവര്‍ തുടങ്ങിയവര്‍ അടങ്ങിയ ലിസ്റ്റിനാണ് എറണാകുളം ജില്ലയില്‍ രൂപം നല്‍കിയിട്ടുള്ളത്.
രാജു പി നായര്‍, ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍, മാത്യു ആന്റണി തുടങ്ങിയവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും നയതന്ത്ര വിദഗ്ധനുമായ ഹെന്റി ഓസ്റ്റിന്റെ ചെറുമകനാണ് ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍. നിലവില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും എഐസിസി ന്യൂനപക്ഷ വിഭാഗം ദേശീയ കോര്‍ഡിനേറ്ററുമായ ഹെന്റി ഓസ്റ്റിന്‍ ജൂനിയറിനെ കൊച്ചി നിയമസഭ മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്.
നിലവില്‍ സിപിഎമ്മിന്റെ കെ ജെ മാക്‌സിയാണ് കൊച്ചി എംഎല്‍എ. ഇതു തിരികെ പിടിക്കാനായി, കൊച്ചി- ആലപ്പുഴ അതിരൂപതകളിലായി പടര്‍ന്നു കിടക്കുന്ന ഹെന്റി ഓസ്റ്റിന്റെ കുടുംബവേരുകളും ബന്ധങ്ങളും ഉപകാരപ്രദമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മണ്ഡല പുനര്‍ നിര്‍ണയത്തോടെ ക്രൈസ്തവ മേധാവിത്വമുള്ള മണ്ഡലമായി കൊച്ചി മാറിയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊച്ചി മേയറായിരുന്ന കോണ്‍ഗ്രസിലെ ടോണി ചമ്മണിയെയാണ് സിപിഎമ്മിലെ കെ ജെ മാക്‌സി പരാജയപ്പെടുത്തിയത്. മണ്ഡലം ഹെന്റി ഓസ്റ്റിനിലൂടെ തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആരോഗ്യകാരണങ്ങളാല്‍ നിലവിലെ എംഎല്‍എ കെ ബാബു ഇനി മത്സരിച്ചേക്കില്ല. പകരം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായരെയാണ് പരിഗണിക്കുന്നത്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലൂടെ സുപരിചിതനാണ് രാജു പി നായര്‍. അദ്ദേഹത്തിന്റെ ലാളിത്യത്തോടെയുള്ള പെരുമാറ്റം തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നടനും സംവിധായകനും കോമഡിയനുമായ രമേഷ് പിഷാരടിയുടെ പേരും ഒരു വിഭാഗം മുന്നോട്ടു വെക്കുന്നുണ്ട്. പിഷാരടിയുടെ താരപരിവേഷവും ജനപിന്തുണയുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
തന്റെ വിശ്വസ്തനും എറണാകുളം ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസിന് സുരക്ഷിത മണ്ഡലം നല്‍കുകയെന്നതാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിടുന്ന കടുത്ത വെല്ലുവിളി. സിപിഎമ്മിന്റെ ശക്തനായ പി രാജീവില്‍ നിന്ന് മുഹമ്മദ് ഷിയാസിലൂടെ കളമശ്ശേരി പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്നാണ് സൂചന. അതേസമയം ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ നിറസാന്നിധ്യമായ പി രാജീവിനെ അട്ടിമറിക്കുക ശ്രമകരമായ ദൗത്യമാണെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. മുസ്ലിം ലീഗുമായി കൊച്ചി, കളമശ്ശേരി സീറ്റുകള്‍ വെച്ചുമാറുന്നതും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
മധ്യ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റായ തൃക്കാക്കരയില്‍ ഉമ തോമസും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസുമാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പിടി തോമസിന്റെ പത്‌നിയായ ഉമ തോമസാണ് നിലവില്‍ തൃക്കാക്കരയിലെ എംഎല്‍എ. ഭര്‍ത്താവ് പി ടി തോമസിന്റെ മരണശേഷം ഉമയെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമ്പോള്‍, അവര്‍ ഒരു തവണ മാത്രമേ മത്സരിക്കൂ എന്ന 'അലിഖിത ധാരണ' ഉണ്ടായിരുന്നുവെന്നാണ് മറുവിഭാഗം പറയുന്നത്.
എറണാകുളം ജില്ലയിലെ വൈപ്പിനില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിലും സ്ഥാനാര്‍ത്ഥിത്വത്തിനായി കണ്ണുവയ്ക്കുന്നു. മുനമ്പം വഖഫ് ഭൂമി പ്രശ്‌നം എല്‍ഡിഎഫ് വിരുദ്ധ വികാരം സൃഷ്ടിച്ച സീറ്റാണിത്. ഈ അതൃപ്തി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 'വൈപ്പിനില്‍ മത്സരിക്കാന്‍ ഒരു പേര് വി ഡി സതീശന്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ടെന്നും, മിക്കവാറും ഈഴവ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത' എന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates