പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ കാലുവാരിയെന്ന മുതിർന്ന നേതാവും മുൻ എംഎൽഎയുമായ കെ സി രാജഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം രംഗത്ത്. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും, കുതികാൽ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. മലർന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാർട്ടിയിൽ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാർട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് വി എസ് അച്യുതാനന്ദൻ്റെ സമ്പൂർണ്ണ ആശിർവാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകൾ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരിൽ ഒരാൾ ഞാനും കൂടെയാണ്. അനർഹർക്ക് താൽക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങൾ നൽകിയതിൻ്റെ അനന്തരഫലം കൂടിയാണ് താങ്കൾ നേരിടുന്നത്.
റിട്ടയർമെൻ്റു കഴിഞ്ഞ നമുക്ക് പാർട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നുവക്കുക. നമുക്ക് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ തൻ്റെ പഴയ കസേരയിൽ പോയിരുന്ന് നിർദേശം കൊടുത്താൽ ആരും കേൾക്കില്ല. പാർട്ടിയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കുറവുകൾ പാർട്ടി പരിഹരിക്കട്ടെ. അതവർക്ക് വിട്ടുകൊടുക്കു. കെ പ്രകാശ് ബാബു കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മുൻ MLA കെ.സി.രാജഗോപാലൻ്റെ പരസ്യപസ്താവന കണ്ടു. പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നൊരു സംശയം. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും , കുതികാൽ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. പാർട്ടിയിൽ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാർട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് vs അച്ചുതാനന്ദൻ്റെ സമ്പൂർണ്ണ ആ ശിർവാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകൾ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരിൽ ഒരാൾ ഞാനും കൂടെയാണ്. അനർഹർക്ക് താൽക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങൾ നൽകിയതിൻ്റെ അനന്തരഫലം കൂടിയാണ് താങ്കൾ നേരിടുന്നത്. എൻ്റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോൾ ഇത്തരം ഉൾപോരാട്ടങ്ങൾക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാൻ 75 വയസ്സാകാൻ കാത്തുനിൽക്കാതെ 60 ലെ സ്വയം റിട്ടയർ ചെയ്തതും. താങ്കളും, മറ്റുള്ളവരും , ഞാനും നടത്തിയ പോരാട്ടങ്ങൾ വ്യക്തിപരമായിരുന്നില്ല. റിട്ടയർമെൻ്റു കഴിഞ്ഞ നമുക്ക് പാർട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നുവക്കുക. നമുക്ക് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ തൻ്റെ പഴയ കസേരയിൽ പോയിരുന്ന് നിർദേശം കൊടുത്താൽ ആരും കേൾക്കില്ല. റിട്ടയർ ചെയ്ത മറ്റു പലരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കുറവുകൾ പാർട്ടി പരിഹരിക്കട്ടെ. അതവർക്ക് വിട്ടുകൊടുക്കു. മലർന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates