പഹല്‍ഗാം ആക്രമണവും ഇന്ത്യയുടെ തിരിച്ചടിയും ഇന്ത്യ -പാക് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമ്പോള്‍ യുദ്ധ ഭീകരത ഓര്‍മ്മിപ്പിച്ച് സിപിഎം നേതാവ് എം സ്വരാജ്. എം മുകുന്ദന്റെ ഡല്‍ഹി ഗാഥകള്‍ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇന്നത്തെ സാഹചര്യങ്ങളെ സ്വരാജ് വിശകലനം ചെയ്യുന്നത്.
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണം. കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്. എന്നാല്‍ അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുകയും ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുകയും ചെയ്യുകയാണ്. സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ.
ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ്, സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകള്‍. ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ എന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വരാജിന്റെ പോസ്റ്റ് പൂര്‍ണരൂപം-
യുദ്ധവും സമാധാനവും .
* * * * * *
'അന്നു രാവിലെ സുമാര്‍ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സര്‍ക്കാര്‍ ക്വാര്‍ട്ടറില്‍ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി. '
പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ 'ദല്‍ഹി ഗാഥകള്‍ ' എന്ന നോവലില്‍ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിന്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് . കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ജോലിചെയ്ത് ജീവിക്കുന്നതിനിടയിലാണ്
തന്റെ 39ാം വയസ്സില്‍ ശ്രീധരനുണ്ണി ഹൃദയം തകര്‍ന്നു മരിക്കുന്നത്. മരണകാരണം 'ദല്‍ഹി ഗാഥ'കളില്‍ എം മുകുന്ദന്‍ ഇങ്ങനെ വിശദീകരിക്കുന്നു:
'......ശ്രീധരനുണ്ണി ഉദ്യോഗം കിട്ടി തലസ്ഥാനനഗരിയില്‍ വന്നനാള്‍ തുടങ്ങി പതിവായി വായിക്കുന്ന തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പത്രം തുറന്ന് മുന്‍പേജില്‍ കണ്ണോടിച്ചപ്പോഴാണ് അത് സംഭവിച്ചത്. പൊടുന്നനെ അയാളുടെ ഹൃദയമിടിപ്പു നിലച്ചു ......'
മുപ്പത്തിയൊന്‍പതാമത്തെ വയസ്സില്‍ ഹൃദയം തകര്‍ത്തു കളയാന്‍ മാത്രം എന്തു വാര്‍ത്തയാണ് ആ ഇംഗ്ലീഷ് പത്രം കരുതി വെച്ചിരുന്നത് എന്നല്ലേ ?
അത് മറ്റൊന്നുമായിരുന്നില്ല യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു . യുദ്ധം തുടങ്ങിയെന്ന വാര്‍ത്ത വായിച്ചാണ് ശ്രീധരനുണ്ണി ഹൃദയം തകര്‍ന്ന് മരിച്ചുപോകുന്നത്. യുദ്ധത്തെക്കുറിച്ച് നോവലില്‍ ഒരിടത്ത് ആത്മഗതമെന്നോണം ശ്രീധരനുണ്ണി ഇങ്ങനെ പറയുന്നുമുണ്ട്.
'എല്ലാം സഹിക്കാം. സഹിക്കാന്‍ കഴിയാത്തത് യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. എത്രയെത്ര മനുഷ്യര്‍ ചത്തൊടുങ്ങും'
മരിച്ചു വീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കാന്‍ കെല്‍പ്പുള്ള വാര്‍ത്തയാണ് യുദ്ധം. ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിന്റെ ഭീകരതയും വിനാശവും അത്രമേല്‍ തീവ്രമായി എം മുകുന്ദന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പശ്ചാത്തലം ഇന്ത്യാ - ചൈന യുദ്ധകാലമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് ദല്‍ഹി ഗാഥകളിലൂടെ എം മുകുന്ദന്‍ പങ്കുവെക്കുന്നത്.
തുടങ്ങുന്നതു പോലെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല യുദ്ധമെന്നും അവസാനിച്ചാല്‍ തന്നെ അതിന്റെ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും 'ദല്‍ഹി ഗാഥകള്‍' വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ് :
'കുറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഭൂമിയെ മുറിവേല്പിച്ചിട്ടും മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. എല്ലാ യുദ്ധങ്ങളും അങ്ങനെയാണ്. യുദ്ധം പോയാലും അതു വന്ന വഴിയില്‍ മുറിപ്പാടുകളും വ്രണങ്ങളും അവശേഷി ക്കണം. അല്ലെങ്കില്‍ എന്തു യുദ്ധം?'
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാന്‍ .
നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരര്‍. ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെടേണ്ടതാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണം.
കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്. എന്നാല്‍ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു. യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുന്നുണ്ട് ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുന്നുമുണ്ട്.
സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ. യുദ്ധത്തില്‍ വിജയികളില്ലെന്നതാണു സത്യം.
ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ് , സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട് .
യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ് .
അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകള്‍ . ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates