VD Satheesan  
Kerala

വിഡി സതീശനെ പൂട്ടാന്‍...!; പറവൂര്‍ - പെരുമ്പാവൂര്‍ മണ്ഡലങ്ങൾ വെച്ചുമാറാൻ സിപിഎം നീക്കം

വിഡി സതീശനെ ഒതുക്കുക ലക്ഷ്യമിട്ടാണ് സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷിയും തമ്മില്‍ അനൗപചാരിക ചര്‍ച്ച നടക്കുന്നത്

കെഎസ് ശ്രീജിത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു. ഇതു സംബന്ധിച്ച് സിപിഎമ്മിലും സിപിഐയിലും അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പറവൂര്‍ മണ്ഡലവും ജില്ലയിലെ മറ്റൊരു മണ്ഡലവുമായി വെച്ചു മാറുന്നതാണ് ആലോചനയിലുള്ളത്.

ഔപചാരിക സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒതുക്കുക ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലയിലെ സീറ്റില്‍, സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷിയും തമ്മില്‍ അനൗപചാരിക ചര്‍ച്ച നടക്കുന്നത്. നിയമസഭയില്‍ പറവൂരിനെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് വിജയങ്ങളാണ് നേടിയത്.

ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതാണ് ആലോചനയിലുള്ളത്. ഫെബ്രുവരി 23 ലെ എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. പറവൂര്‍ മണ്ഡലത്തില്‍ സിപിഐയാണ് മത്സരിച്ചു വരുന്നത്.

വിഡി സതീശനെ പരാജയപ്പെടുത്താന്‍ പറവൂര്‍ മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം സിപിഎമ്മിനുള്ളില്‍ വര്‍ദ്ധിച്ചുവന്നിട്ടുണ്ട്. പറവൂര്‍ മണ്ഡലത്തിന് പകരം പെരുമ്പാവൂര്‍ മണ്ഡലം സിപിഐക്ക് നല്‍കുന്നതാണ് ആലോചനയിലുള്ളത്. എന്നാല്‍ സീറ്റ് കൈമാറ്റം സംബന്ധിച്ച് സിപിഐയിലോ എല്‍ഡിഎഫിലോ ഔദ്യോഗിക ചര്‍ച്ച നടന്നിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

''സംസ്ഥാന എക്‌സിക്യൂട്ടീവിലും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂ.' സിപിഐ നേതാവ് സൂചിപ്പിച്ചു. വെള്ളിയാഴ്ച നടന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍, ഫണ്ട് പിരിവ് വേഗത്തിലാക്കാനും വീടുകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചു. ഇത്തവണത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, വിജയസാധ്യത മാത്രമായിരിക്കണം ഏക മാനദണ്ഡം എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.'' ഒരു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പറഞ്ഞു.

എംഎല്‍എമാര്‍ക്ക് മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കണോയെന്നതില്‍ പാര്‍ട്ടി തീരുമാനമെടുക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ 17 എംഎല്‍എമാരില്‍ ആറ് എംഎല്‍എമാര്‍ മൂന്ന് തവണ എംഎല്‍എമാരായി. ഇ കെ വിജയന്‍ (നാദാപുരം), ഇ ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), വി ശശി (ചിറയിന്‍കീഴ്), പി എസ് സുപാല്‍ (പുനലൂര്‍), ജി എസ് ജയപാല്‍ (ചാത്തന്നൂര്‍) എന്നിവരാണ് മൂന്നു ടേം പൂര്‍ത്തിയാക്കിയത്. ചില എംഎല്‍എമാര്‍ക്ക് മാത്രം ഇളവ് നല്‍കാന്‍ പാര്‍ട്ടിയ്ക്കകത്ത് തര്‍ക്കത്തിന് കാരണമായേക്കുമോയെന്ന ആശങ്കയുമുണ്ട്.

The CPM is considering taking over the Paravur constituency in Ernakulam district with the aim of defeating opposition leader VD Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ 'സുഭാഷ്' വിജയം; മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം; ന​ഗരത്തിലേക്ക് വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; യുവതി ജീവനൊടുക്കി

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിച്ചു; 20 യാത്രക്കാര്‍ക്ക് പരിക്ക്

SCROLL FOR NEXT