തിരുവനന്തപുരം: കേരള പിഎസ് സി നടത്തിയ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിയമന പരീക്ഷയിലെ 45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍ ഹാന്‍ഡ് ബുക്കില്‍ നിന്ന് അതേപടി പകര്‍ത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പിഎസ് സി നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ച് നടന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇത് കണ്ടെത്തിയത്. വിഷയത്തില്‍ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെരുമ്പാവൂര്‍ സ്വദേശിയായ രാഹുല്‍ രാജ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാത്ത പിഎസ് സി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിശ്ചിത ശാരീരിക യോഗ്യതകളില്ലാത്ത ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയതും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് മുമ്പായി, നിയമന വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള യോഗ്യതകള്‍ക്ക് പുറമേ മറ്റു രണ്ടു കോഴ്സുകളെ കൂടി യോഗ്യതയായി കൂട്ടിച്ചേര്‍ത്തതും അടക്കമുള്ള ക്രമക്കേടുകള്‍ നടന്നതായും എഫ്ഐആറില്‍ പറയുന്നു. പരീക്ഷയിലെ 45 ചോദ്യങ്ങള്‍ സ്കാംവേദ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയല്‍സ്, സാന്ഫൗണ്ട്രി ഡോട്ട് കോം തുടങ്ങിയ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമുകളില്‍ നിന്ന് അതേപടി പകര്‍ത്തിയതാണെന്നും എഫ്ഐആറില്‍ പറയുന്നു.
ഈ ക്രമക്കേടുകള്‍ കാരണം 2024 സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടുകയും അതുവഴി അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമായതായും എഫ്ഐആറില്‍ ചൂണ്ടിക്കാണിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെയും അഴിമതി തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പിഎസ്സി ചെയര്‍മാനെ പ്രതി ചേര്‍ത്തു
അതിനിടെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ നിയമന ക്രമക്കേടില്‍ പിഎസ്സി ചെയര്മാന് എംആര്‍ ബൈജുവിനെ പ്രതി ചേര്‍ത്തു. ഒക്ടോബര്‍ 28ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2022 നവംബര്‍ 28ന് പ്രസിദ്ധീകരിച്ചതും 2025 നവംബര്‍ 28 വരെ കാലാവധിയുള്ളതുമായ റാങ്ക് ലിസ്റ്റില്‍ ക്രമക്കേടുകള്‍ നടന്നതായി ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സേവ് യൂണിവേഴ്സിറ്റി പ്രവര്‍ത്തകനായ ശശി കുമാറിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
ചെയര്‍മാന്റെ അറിവോടെ ചില ഉദ്യോഗസ്ഥര്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തി ഫിഷറീസ് സര്‍വകലാശാലയിലെ സിപിഎം അനുഭാവികളായ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നേടാന്‍ സഹായിച്ചുവെന്നാണ് ശശികുമാറിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ചെയര്‍മാനെ പ്രതിചേര്‍ത്തിട്ടുള്ളത്.
പരീക്ഷയില്‍ ആദ്യ നൂറ് റാങ്കില്‍ പെട്ടവരെല്ലാം ഫിഷറീസ് സര്‍വകലാശാലയില്‍ പഠിച്ചവരാണ്. കേരളത്തിനു പുറത്തു നിന്നുള്ള മറ്റ് യൂണിവേഴ്സിറ്റികളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചില്ല. ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്കി അട്ടിമറി നടത്തിയെന്നാണ് പരാതിയിലുള്ളത്. പിഎസ്സിക്കെതിരെ നടക്കുന്ന മൂന്ന് അന്വേഷണങ്ങളില്‍ രണ്ടാമത്തെ കേസിലാണ് ചെയര്‍മാനെതിരെ കേസെടുത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates