ഇന്ന് കുറേക്കാലത്തിന് ശേഷം അയല്‍ക്കാരനെ കണ്ടു. തറ കെട്ടാന്‍ പോവുകയാണ്.കട്ടിലുറപ്പിക്കുമ്പോള്‍ 'മാസ്‌കു കൂടി ' കുഴിച്ചിട്ടു എന്നു പറഞ്ഞു. ഒരു സമാധാനത്തിന്. (വടക്ക് കട്ടില് വെക്കുമ്പോള്‍ സ്വര്‍ണമോ നാണയമോ കുഴിച്ചിടുന്ന പതിവുണ്ട്, ചില ഭാഗങ്ങളില്‍). നല്ല തമാശക്കാരനാണ്. ഭാര്യയ്ക്ക് ഫോണ്‍ വാങ്ങിക്കൊടുത്തു.ഭാര്യ വ്‌ളോഗുകളും പല യു ട്യൂബ് പരിപാടികളും കണ്ടു കണ്ട് രസം കേറി. അത്തരം പരിപാടികള്‍ കൂടുതല്‍ ആളോള് കണ്ട് 'മണി മുട്ടി'യാല്‍ 'മണി 'കിട്ടും എന്ന് 'ആന്റി 'ടെ മോള്‍ പറഞ്ഞു കൊടുത്തു.വീടിന്റെ പറമ്പിന്റെ മൂലക്ക് ഒരു കക്കൂസുണ്ട്.വീട്ടു മുറ്റത്ത് ചെടികള്‍, ഇത്തിരി മുല്ല, ചെമ്പരത്തി, പട്ടുവത്ത് നിന്ന് ബന്ധു കൊടുത്ത രണ്ടു മൂന്ന് പനിനീര്‍ച്ചട്ടികള്‍ ഒക്കെ രാവിലെ എടുത്ത് കക്കൂസില്‍ കൊണ്ടു വെച്ചു.'നാടന്‍ കക്കൂസില്‍ എങ്ങനെ തോട്ടം വളര്‍ത്താം, ' തീട്ടത്തിന് തോട്ടത്തിന്റെ മണം 'എന്നൊക്കെ പറഞ്ഞ് ഷൂട്ട് ചെയ്ത് വെച്ചിട്ടുണ്ടത്രെ. ആന്റീന്റെ മോള്‍ വന്നാല്‍ പോസ്റ്റുമത്രെ.
ഇതില്‍ ഇത്തിരി പരിഹാസമുണ്ടല്ലൊ എന്ന് അയല്‍ക്കാരന്‍ തമാശ പറഞ്ഞതാണെങ്കിലും ഞാന്‍ തര്‍ക്കിച്ചു.അതില്‍ വിരുദ്ധോക്തിയുണ്ട്.
പക്ഷെ, അദ്ദേഹം രാഷ്ട്രീയമാനത്തോടെ പറഞ്ഞതായിരിക്കില്ല.
'കക്കൂസ് 'ഒരു ചിഹ്നകമാണ്. ബാത്ത് അറ്റാച്ച്ഡ് റൂം എന്ന ഏറ്റവും 'മോഡിഫൈ ' ചെയ്ത നിര്‍മ്മിതിയുടെ രൂപ സങ്കല്‍പം 'കക്കൂസ് ' എന്നു പറയുമ്പോള്‍ ബോധത്തില്‍ തെളിയില്ല. വെളുത്ത കാല്‍പാദങ്ങള്‍, ഐസ് ക്രീം പോലെയുള്ള കാലുകള്‍, പിയേഴ്‌സ് കളറുള്ള ദേഹമിനുപ്പ് 'കുളിക്കുന്ന സുന്ദരി' യിലൂടെയാണ് ബാത്ത് റൂം ആക്‌സസറിസ് പരസ്യങ്ങള്‍ പോലും. ശരീരമാണ് വിനിമയം ചെയ്യുന്നത്. മിക്കവാറും നമ്മുടെ പല വ്‌ളോഗുകളിലും മറ്റു പരിപാടികളിലും ശരീരത്തിന്റെ സൗന്ദര്യച്ചാര്‍ത്തുകള്‍ വശീകരണ സ്വഭാവത്തോടെ പ്രദര്‍ശിപ്പിക്കുന്നത് കാണാം. ഉടലഴക് പ്രദര്‍ശിപ്പിക്കാന്‍ കൂടിയുള്ളതാണ്. അതിലെ വാണിജ്യയുക്തിയുടെ സാധ്യതകള്‍ തിരിച്ചറിയപ്പെടുമ്പോള്‍ തന്നെ, ഈ 'വൈറല്‍ വാണിജ്യ യുക്തിയെ 'പരിഹസിക്കുകയായിരുന്നോ അയല്‍ക്കാരന്റെ ഭാര്യ ? എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങള്‍ കാണാതിരിക്കുകയും കൈയൊഴികയും ചെയ്യുകയും സൗന്ദര്യത്തിന്റെ ശരീര ജനാധിപത്യം തിരിച്ചു കൊണ്ടുവന്നത് സൈബര്‍ ഇടങ്ങളാണ്.
ലോകസുന്ദരിയുടെ തീട്ടത്തിനും സുഗന്ധമുണ്ടാവില്ല എന്നുറപ്പാണ്.' എന്നാല്‍ തീട്ടത്തിന് സുഗന്ധം വരും' എന്നത് ഒരു വൈറല്‍ യുക്തിയാണ്. ഇത്തരം വാണിജ്യ യുക്തിയുടെ പ്രകാശനങ്ങള്‍ ധാരാളം സൈബര്‍ ലോകത്ത് നടക്കുന്നുണ്ട്.
ഇപ്പാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന 'ക്ലബ്ബ് ഹൗസ് ' ഉടലിനെ 'പുറത്തു നിര്‍ത്തുന്നു. അവിടെ ശബ്ദമാണ് വിനിമയം ചെയ്യപ്പെടുന്നത്..പഴയ റേഡിയോ കാലങ്ങളുടെ ഓര്‍മകളാണ് അത് ഉണര്‍ത്തുന്നത്.' തെയ്യം ' പോലെ വളരെ അഗാധമായ 'ബോഡി പൊളിറ്റിക്‌സ് ' ദൃശ്യപഥത്തില്‍ തന്നെ അനുഭവിക്കണം. കാഴ്ചയുടെ ശബ്ദാനുഭവം മാത്രമാണ് ' സംസാരം'. സംസാരം കൊണ്ടാണ് ആദിമകാലങ്ങളില്‍ ഉദാത്തമായ ആശയങ്ങളെ അവതരിപ്പിച്ചത്. മതം തന്നെ ' ശബ്ദ കല 'യിലൂടെയാണ് രൂപപ്പെട്ടത്, ' ഗിരി പ്രഭാഷണങ്ങള്‍ '. ശബ്ദം പുതിയ കാലത്ത് 'മൊഡ്യൂളു'കളായി പ്രത്യക്ഷപ്പെടുന്നു. ഉടല്‍ പോലെ തന്നെ ശബ്ദത്തിനും അനുവാചകരെ ഹര്‍ഷോന്മാദത്തിലേക്ക് നയിക്കാനുള്ള കഴിവുണ്ട്.
ആത്മീയമായും ലൈംഗികമായും.
ഒരുപാട് സ്ത്രീകളുമായി ലൈംഗിക ബന്ധം (അവരുടെ അനുവാദത്തോടെ, അത്ര തന്നെ അനുരാഗത്തോടെ) നടത്തിയ ആദരണീയനായ എന്റെ ഒരു മുതിര്‍ന്ന സുഹൃത്ത് പറഞ്ഞത്, ക്‌ളൈമാക്‌സില്‍ വരുന്ന 'സെക്‌സ് സൗണ്ട് ' ഏറെ ആകര്‍ഷമായിരുന്നത്രെ, അത് അത്രയും വ്യത്യസ്തവും ഉദാത്തവുമായിട്ടാണ് ഓരോ സന്ദര്‍ഭത്തിലും അനുഭവിച്ചത്.തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: ശരീരമല്ല, ശബ്ദമാണ് സെക്‌സ്!'
ഉടലിന്റെ അത്ര വരില്ലെങ്കിലും, ശബ്ദത്തിനുമുണ്ട് വാണിജ്യ മൂല്യം.
എനിക്ക് വ്യക്തിപരമായി ഏറെ പ്രിയപ്പെട്ട ഒരെഴുത്തുകാരിയോടു 'ക്ലബ്ബ് ഹൗസി'ല്‍ ചര്‍ച്ചയാക്കാവുന്ന ഒരു വിഷയം പറഞ്ഞു.' ഒരു മലയാളി മറ്റൊരു മലയാളിക്ക് തേങ്ങയെ പരിചയപ്പെടുത്തേണ്ടി വരുന്നതിലും വലിയ നിര്‍ഭാഗ്യമാണോ നരകം?' അതായിരുന്നു വിഷയം. അവര്‍ ചിരിച്ചു. ഇതിനേക്കാള്‍ ഉജ്വലമായ വിഷയങ്ങള്‍ പോലും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നു പറഞ്ഞു. അല്‍പം ശബ്ദം താഴ്ത്തി അവര്‍ ഒന്നു കൂടി പറഞ്ഞു, ' ഒരു മലയാളി മറ്റൊരു മലയാളിക്ക് തേങ്ങയെ പരിചയപ്പെടുത്തേണ്ടി വരുന്നത് നരകം തന്നെയാണ്!'
അപ്പോള്‍, കക്കൂസില്‍ തോട്ടമുണ്ടാക്കുന്ന യുക്തിയുടെ പ്രകാശനവും അതാണ്. തീട്ടത്തിന് ഗന്ധമുണ്ട്, അത് സുഗന്ധമാണോ അല്ലയോ എന്ന് വാദിക്കാം. സംവാദം ഒരു ജനാധിപത്യ കലയാണ്.ഭരണകൂടത്തെ തൊടും വരെ!
ശബ്ദം, ഉയര്‍ന്ന ജനാധിപത്യത്തിന്റെ തലമാണ്. അതു കൊണ്ട്, സംസാരം ഒരു സമയ കലയാണ്.(സംഗീതം ഒരു സമയ കലയാണ് ,മേതില്‍).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates