കണ്ണൂർ: കൊടുവാൾ കൊണ്ട് കവിളത്ത് വെട്ടേറ്റ് അമ്പതുകാരന്റെ താടിയെല്ലും നാല് പല്ലും തകർന്നു. മുടപ്പത്തൂരിലെ കുന്നുമ്മൽ രാമചന്ദ്രനാണ് (50) പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുടപ്പത്തൂരിലെ വാഴയിൽ ധർമനാണ് (50) അറസ്റ്റിലായത്. മാനസികവിഭ്രാന്തിയുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ് രാമചന്ദ്രനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയൽക്കരയിൽ വീണ അടക്ക പെറുക്കുകയായിരുന്നു രാമചന്ദ്രൻ. കൊടുവാളുമായി സമീപത്തു കൂടി നടന്നു പോകുകയായിരുന്ന വാഴയിൽ ധർമൻ പെട്ടെന്നാണ് രാമചന്ദ്രന്റെ തലയ്ക്ക് നേരെ കൊടുവാൾ വീശിയത്. കൊടുവാൾ വീശുന്നത് കണ്ട് തലവെട്ടിച്ച രാമചന്ദ്രന്റെ കവിളത്താണ് വെട്ടേറ്റത്. കവിള് തുളച്ചെത്തിയ കൊടുവാൾ രാമചന്ദ്രന്റെ നാല് പല്ലും താടിയെല്ലും തകർത്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത്.
സംഭവസ്ഥലത്തു വെച്ച് പിടികൂടിയ ധർമനെ നാട്ടുകാർ കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിശോധനാ രേഖകൾ ഇല്ലാത്തതിനാൽ തിരിച്ചയച്ചു. വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ധർമനെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates