T S Syam Kumar facebook
Kerala

കേരളത്തിലെ ദലിതര്‍ ഒരു കാലത്തും രാമായണം വായിച്ചിട്ടില്ല; രാമായണ പാരായണം സമൂഹം ഒന്നാകെ പ്രതിരോധിക്കണം: ടി എസ് ശ്യാംകുമാര്‍

സ്‌കൂള്‍ കലോത്സവത്തില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ സദ്യയാണ് നല്‍കുന്നത്. ഈ വെജിറ്റേറിയന്‍ സദ്യ നല്‍കുന്നത് പഴയിടം നമ്പൂതിരിയാണ്. ഖാദര്‍ വെച്ചാല്‍ എന്താണ് കുഴപ്പം. കോശി വെച്ചാല്‍ എന്താണ് കുഴപ്പം. പക്ഷേ, മലയാളി കഴിക്കില്ല.

ആതിര അഗസ്റ്റിന്‍

കൊച്ചി: കേരളത്തിലെ ദലിത് ഭവനങ്ങളില്‍ ഒരുകാലത്തും രാമായണ പാരായണം നടന്നിട്ടില്ലെന്ന് സാഹൂഹിക ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാം കുമാര്‍. ദലിതര്‍ രാമായണം വായിച്ച ചരിത്രമില്ലെന്നും രാമായണ പാരായണത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്നും എന്നാല്‍ അത് ദലിതരുടെ മാത്രം വിഷയമല്ലെന്നും ശ്യാം കുമാര്‍ പറയുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ അമ്പലങ്ങളില്‍ എന്നുമുതലാണ് രാമായണം വായിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചോദിക്കുന്നു. എട്ടാം നൂറ്റാണ്ടു മുതലുള്ള ഒരു ശിലാ ശാസനങ്ങളിലും കേരളത്തില്‍ രാമായണം വായിച്ചതിന്റെ ഒരു ചരിത്രവുമില്ല. വാഴപ്പിള്ളി ശാസനം മുതലിങ്ങോട്ട് ധാരാളം ശിലാലിഖിതങ്ങളുണ്ട്. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകളെന്ന് പറഞ്ഞ് പുതുശ്ശേരി രാമചന്ദ്രന്‍ അതെല്ലാം സംശോധനം ചെയ്ത് പഠനം പുറത്ത് വന്നിട്ടുണ്ട്. എംജിഎസ് നാരാണയന്‍ പെരുമാള്‍സ് ഓഫ് കേരളയില്‍ ധാരാളം ചരിത്ര ലിഖിതങ്ങളുള്‍പ്പെടുത്തി പഠനം നടത്തിയിട്ടുണ്ട്. 16ാം നൂറ്റാണ്ടു മുതല്‍ 19ാം നൂറ്റാണ്ട് ഉത്തരാര്‍ദ്ധം വരെയുള്ള വ്യത്യസ്ത ഗ്രന്ഥ വരികള്‍ നമുക്ക് ലഭ്യമാണ്. അതിലെ പല ഗ്രന്ഥ വരികളും മഹാത്മാഗാന്ധി സര്‍വകലാശാലയാണ് പ്രസിദ്ധീകരിച്ചത്. പ്രത്യേകിച്ച് രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സലര്‍ ആയിട്ട് വരുന്ന സമയത്താണ് അത് പലതും പുറത്തു വന്നിട്ടുള്ളതെന്നതാണ് രസകരം. ഈ ഗ്രന്ഥ വരികളിലൊന്നും തന്നെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ രാമായണം വായിച്ചുവെന്ന് പറയുന്ന ഒരു വരി പോലും ഇല്ല. മഹാഭാരത പട്ടത്താനം എന്നു പറയുന്ന മഹാഭാരത പാരായണം നടന്നിരുന്നു.

കേരളത്തില്‍ രചിക്കപ്പെട്ട തന്ത്ര ഗ്രന്ഥങ്ങളില്‍ രാമനില്ല. വിഷ്ണുമാത്രമേയുള്ളൂ. 19ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കുഴിക്കാട്ടുപച്ചയിലും രാമനില്ല. രാമായണ പാരായണം പ്രതിരോധിക്കേണ്ടത് ദലിതരുടെ മാത്രം വിഷയമല്ല. സമൂഹം ഒന്നാകെ പ്രതിരോധിക്കേണ്ടതാണ്. മറ്റു സമൂഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാമനെയോ രാമായണത്തേയോ ദലിത് സമൂഹം ഏറ്റെടുത്തിട്ടില്ല. രാമന്‍ ദലിതര്‍ക്ക് ഒന്നും തന്നെ നല്‍കിയിട്ടില്ല. തപസ് ചെയ്ത ശൂദ്രനായ ശംബോഗനെ പോലും വധിച്ച പാരമ്പര്യമാണ് രാമനുള്ളത്. നിഷാദനായ ഗുഹന്‍ ഭക്ഷണം കൊണ്ടുകൊടുത്തപ്പോള്‍ രാമന്‍ സ്വീകരിച്ചില്ല. ചാതുര്‍വര്‍ണ്യത്തിന്റെ സമ്പ്രദായം അനുസരിച്ചാണ് രാമന്‍ തിരസ്‌കരിച്ചതെന്ന് ഭരതന്‍ പറയുന്നുണ്ട്.

ജാതി വ്യവസ്ഥയെക്കുറിച്ചും ആചാരണനുഷ്ഠാനങ്ങളെക്കുറിച്ചും ശ്യാം കുമാര്‍ വിശദീകരിക്കുന്നു, കേരളത്തിലെ തന്ത്രങ്ങളില്‍ ബ്രാഹ്മണര്‍ക്ക് ഒരു പങ്കുമില്ല. ചരിത്ര പണ്ഡിതനായ ആര്‍ എസ് ശര്‍മ പറയുന്നത് ഇന്ത്യയിലേയ്ക്ക് കടന്നു വന്ന ബ്രാഹ്മണര്‍ തദ്ദേശീയ ഗോത്ര ജനവിഭാഗങ്ങളുമായി ഇടകലര്‍ന്ന് താമസിക്കുകയും ആ സമയത്ത് അവരുടെ ആചാര അനുഷ്ഠാനങ്ങളെ ബ്രാഹ്മണര്‍ ഗ്രന്ഥവല്‍ക്കരിക്കുകയാണ് ചെയ്തത്. അപ്പോഴാണ് തന്ത്ര ഗ്രന്ഥങ്ങളുണ്ടാകുന്നത്. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം ശബരരുടെ അമ്പലമായിരുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ ആദി കാലത്ത് ചാമ കൃഷി ചെയ്ത ആദിവാസികളാണ് അവിടെ പന്നിയെയും പൂജിച്ചുകൊണ്ടിരുന്നത്. അവിടെ സ്‌കന്ദ പുരാണത്തില്‍ തന്നെ പരാമര്‍ശമുണ്ട്. കേരളത്തിലെയും ഇന്ത്യയിലേയും താന്ത്രിക പാരമ്പര്യത്തിന്റെ നേരവകാശികള്‍ ദലിതരായിരുന്നു. വൈദികമായി യാഗേജ്ഞാദി കര്‍മങ്ങള്‍ ചെയ്ത ബ്രാഹ്മണര്‍, വൈദികമായ യാഗേജ്ഞാദികള്‍ക്ക് കോട്ടം തട്ടുകയും ഫ്യൂഡല്‍ നാടുവാഴി സമ്പ്രദായങ്ങളുടെ പിന്തുണ നഷ്ടപ്പെട്ട അവസരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ഈ അനുഷ്ഠാനങ്ങളിലേയ്ക്ക് അവര്‍ കടന്നുകയറുകയുമായിരുന്നു. അങ്ങനെയാണ് തന്ത്രം ബ്രാഹ്മണരുടേതായി മാറിയത്. തന്ത്രം ചെയ്തിരുന്ന ബ്രാഹ്മണരെ കുറഞ്ഞ ബ്രാഹ്മണരായിട്ടാണ് കണ്ടിരുന്നത്.

കേരളത്തിലേയ്ക്ക് കൃഷി കൊണ്ടുവന്നത് ബ്രാഹ്മണരാണെന്ന ചരിത്രം എഴുതിയവരാണ് ഇവിടെയുള്ളത്. കേരളത്തില്‍ കൃഷി ചെയ്തത് പുലയരും പറയരുമാണ്. പാടത്തും പറമ്പത്തും കഷ്ടപ്പെട്ട പുലയര്‍ ആരായി മാറി. കുനിഞ്ഞൊരു പുല്ലുപോലും പറിക്കാത്ത ബ്രാഹ്മണര്‍ കൃഷിയുടെ സ്രഷ്ടാക്കളായി മാറി. ഇങ്ങനെയുള്ള ചരിത്ര രചനയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം വളരെ കൃത്യമായ രീതിയില്‍ ജാതി വ്യവസ്ഥ ഭീകരമായി നിലനില്‍ക്കുന്ന സ്ഥലമാണ് കേരളം. ഇപ്പോഴും പ്രസാദം എറിഞ്ഞു കൊടുക്കുന്ന സ്ഥലമാണ് കേരളം. ആ അയിത്തവും തൊട്ടുകൂടായ്മയും ഉണ്ടാക്കിയത് ആരാണ്. വേടന്‍ ജാതിവാദിയാണെന്നാണല്ലോ പറയുന്നത്. വേടനുണ്ടാക്കിയതാണോ ജാതി. കേരളത്തിലെ വിവാഹ സംസ്‌കാരവും സ്വത്ത് കൈമാറ്റവും പരിശോധിച്ചാല്‍ ജാതി എന്താണെന്ന് മനസിലാകും.

സ്‌കൂള്‍ കലോത്സവത്തില്‍ വര്‍ഷങ്ങളായി വെജിറ്റേറിയന്‍ സദ്യയാണ് നല്‍കുന്നത്. ഈ വെജിറ്റേറിയന്‍ സദ്യ നല്‍കുന്നത് പഴയിടം നമ്പൂതിരിയാണ്. ഖാദര്‍ വെച്ചാല്‍ എന്താണ് കുഴപ്പം. കോശിവെച്ചാല്‍ എന്താണ് കുഴപ്പം. പക്ഷേ, മലയാളി കഴിക്കില്ല. ചിക്കന്‍ ബിരിയാണി വിളമ്പിയാല്‍ എന്താണ് തടസം. 2021ലെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ 50ലധികം പൊതുമേഖലാ സ്ഥാപനങ്ങളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകളുടെ പ്രാതിനിധ്യം വട്ടപ്പൂജ്യമാണെന്നാണ്. ഇതെങ്ങനെ സംഭവിക്കുന്നു.

ഇന്ത്യയുടെ ഒരു സാമൂഹ്യ പരിതസ്ഥിതി അനുസരിച്ച് ജാതിയെ പ്രശ്‌നവല്‍ക്കരിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ജാതി പറയുന്നത്. നിരന്തരം ഉള്ള ഒരു ആക്ഷേപമാണ്. കേരളത്തെ സംബന്ധിച്ച് കേരളത്തിന്റെ ഒരു സാമൂഹിക ചരിത്രം പരിശോധിച്ചാലറിയാം സാമുദായിക പ്രാതിനിധ്യമാണ് തന്റെ ദേശീയവാദമെന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പനായിരുന്നു ജാതി വാദി. ഇങ്ങനെ സമൂഹത്തിന്റെ ഒരു മുന്നോട്ടു പോക്കിന് പുരോഗമനാത്മകമായ ഗതിവേഗം കൂട്ടുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ആളുകളെയെല്ലാം കേരള സമൂഹം ജാതിവാദികളാക്കി മാറ്റിയിട്ടുണ്ട്.

ജാതി കൊണ്ടുനടക്കുന്നത് അവര്‍ണ സമൂഹങ്ങളല്ല. ഡോ. ബി ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട് ശ്രേണീകൃത അസമത്വമെന്ന്. ഇന്ത്യയെ സംബന്ധിച്ച് ഈ ജാതി വളരെ കൃത്യമായി കൊണ്ടു നടക്കുന്നത് ഇന്ത്യയിലെ സവര്‍ണ സമൂഹങ്ങളാണ്. നമ്മളെടുത്തു പറയേണ്ടതായിട്ടുണ്ട്. ആരാണ് കേരളത്തിലിപ്പഴും ജാതി വാലുകളുമായിട്ട് നടക്കുന്നത്? ഒരിക്കല്‍ കെഇഎന്റെ നേതൃത്വത്തില്‍ മുമ്പ് ജാതിവാല്‍ ദഹനം എന്ന പേരില്‍ അദ്ദേഹം ലേഖനം എഴുതുകയും വലിയ രീതിയില്‍ അത് കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് കേരളത്തില്‍. പക്ഷേ, ഇപ്പോള്‍ വലിയ പുരോഗമന സിംഹങ്ങളുടെ പേരിന്റെ അറ്റത്തിപ്പോഴും ജാതി വാല്‍ ഉണ്ട്. അവരില്‍ പലരും വലിയ മാര്‍ക്സ്റ്റിസ്റ്റുകളുമാണ്. പക്ഷേ, പേരിന്റെ അറ്റത്ത് നമ്പൂതിരിയെന്നും ഭട്ടതിരിയെന്നും മേനോനെന്നും ഇളയിടമെന്നുമൊക്കെ പേരിന്റെ അറ്റത്ത് ഇപ്പോഴും കാണാം. ഈ വൈരുദ്ധ്യം കേരള സമൂഹം കാണുന്നില്ല. ജാതിവാലെപ്പോഴും സാംസ്‌കാരിക മൂലധനമായിട്ട് കേരളത്തിലെ സവര്‍ണ സമൂഹം കൊണ്ടു നടക്കുന്നു എന്നുള്ളതാണ്.

ജാതി വാലുമായി നടക്കുന്ന ആളുകള്‍ ജാതിയെ വിമര്‍ശിക്കുന്ന ആളുകളെ സ്വത്വ വാദികളെന്നാണ് പറയുന്നത്. ഇത് നമ്മള്‍ കാണുന്നില്ലെന്നുള്ളതാണ്. കേരള സമൂഹം വലിയ രീതിയില്‍ പുരോഗമിച്ചുവെന്ന് പറഞ്ഞിട്ടും ഒരു ദലിതനെ വൈസ് ചാന്‍സലറാക്കാന്‍ എന്താ തടസം. ദലിത്, ആദിവാസി വിഭാഗത്തില്‍ നിന്ന് പ്രൊഫസര്‍മാരായിട്ടുള്ള ആളുകള്‍ ഇല്ലാത്തതുകൊണ്ടാണോ? പ്രൊഫസര്‍മാരായിട്ടുള്ള ആളുകള്‍ ഉണ്ട്. പക്ഷേ, അവരെ പുറം തള്ളുന്ന രീതിയിലുള്ള ഒരു ഹിംസ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ പുറം തള്ളുന്നതിന് വേണ്ടി പോസ്റ്റ്‌ഡോക്ടര്‍ ഫെലോഷിപ്പ് നേടിയ വിദഗ്ധന്‍മാരാണ് നമ്മുടെ സര്‍വകലാശാലകളെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Social thinker and Dalit activist Dr. T S Shyam Kumar said that the Ramayana was not recited in Dalit homes in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT