തൊടുപുഴ: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് സിപി മാത്യു. ഡീന്‍ മൂക്കാതെ പഴുത്ത നേതാവാണെന്നും എംപി എംപിയുടെ പണി നോക്കിയാല്‍ മതിയെന്നും സിപി മാത്യു വിമര്‍ശിച്ചു. എംപിയുടെ ഒരു സഹായവും ജില്ലാ കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് ആയിരിക്കണം. മെമ്പര്‍ ഓഫ് പഞ്ചായത്ത് ആവരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സതീശന്‍ അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടപടി എടുത്തതില്‍ ഡീന്‍ കുര്യാക്കോസ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡീന്‍ കുര്യാക്കോസിനെതിരെ സിപി മാത്യു രംഗത്തുവന്നത്. 'ഡീന്‍ മൂക്കാതെ പഴുത്ത നേതാവ് ആണ്. എംപി എംപിയുടെ പണി നോക്കിയാല്‍ മതി. സംഘടനാപരമായ കാര്യങ്ങള്‍ നോക്കാന്‍ എനിക്ക് അറിയാം. എംപിയുടെ ഒരു സഹായവും ജില്ലാ കോണ്‍ഗ്രസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരുവര്‍ഷ കാലം കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നതിന് ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ട ആളുകളില്‍ കെ സി വേണുഗോപാലിനൊപ്പം ദീപാ ദാസ് മുന്‍ഷിയും ഉണ്ട്. പ്രകടനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ദീപാ ദാസ് മുന്‍ഷി മുന്നറിയിപ്പ് നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പലതവണ ഇക്കാര്യം പറഞ്ഞിരുന്നു. എന്നിട്ടും പ്രകടനം ഉണ്ടായി. പ്രകടനം ഉണ്ടായപ്പോള്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തോന്നി. നടപടി സ്വീകരിച്ചു. എന്നെ ചോദ്യം ചെയ്യാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും മാത്രമേ ഉള്ളൂ. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് ആയിരിക്കണം. മെമ്പര്‍ ഓഫ് പഞ്ചായത്ത് ആവരുത്. ഈ ജില്ലയില്‍ നിന്ന് ജയിച്ച എംഎല്‍എമാര്‍ എങ്ങനെയാണ് നില്‍ക്കുന്നത്. വെറുതെ ചൊറിഞ്ഞ് കിട്ടിയ സൗഭാഗ്യം കളയരുത് എന്ന് ഞാന്‍ മുന്‍കൂറായി പറയുന്നു.' - സിപി മാത്യു പറഞ്ഞു.
'72ല്‍ ജില്ല ഉണ്ടായത് മുതല്‍ അന്തസായി പാടുപെട്ട് പണിയെടുത്തിട്ടാണ് വന്നിട്ടുള്ളത്. ആരുടെയും പെട്ടി തൂക്കി വന്നതല്ല. ഒരു ഗോഡ്ഫാദറും ഉണ്ടായില്ല. പലര്‍ക്കും ഗോഡ്ഫാദര്‍മാരെ കിട്ടിയിട്ടുണ്ട്. പിടി തോമസ് വീണ്ടും മത്സരിച്ചിരുന്നുവെങ്കില്‍ ഇടുക്കിയുടെ എംപിയായി ജയിക്കുമായിരുന്നു. രാഷ്ട്രീയ സാഹചര്യം അതായിരുന്നു. അന്ന് പിടി തോമസിന് സീറ്റ് കിട്ടാതെ വന്നപ്പോള്‍ ഞാന്‍ മത്സരിക്കാന്‍ ഇല്ല എന്ന ആര്‍ജവം അയാള്‍ കാണിച്ചില്ലല്ലോ. പി ടി തോമസിന്റെ രക്തവും വിയര്‍പ്പും അധ്വാനവും ആണല്ലോ. പ്രത്യേക അധ്വാനം ഒന്നും അവന്‍ ചെയ്തിട്ടില്ലല്ലോ. ഒരു അധ്വാനവും ചെയ്തിട്ടില്ല.'- സിപി മാത്യു ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates