തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. രണ്ടു ലേഖനങ്ങളിലായാണ് ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി ആഞ്ഞടിച്ചത്. വിലപേശിക്കിട്ടിയ പദവിയില്‍ മതിമറന്ന് ആടുകയാണ് ഗവര്‍ണറെന്ന് ദേശാഭിമാനി ആരോപിച്ചു.
എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും, നിലപാട് വിറ്റാണ് ബിജെപിയിലെത്തിയതെന്നും ലേഖനത്തില്‍ പറയുന്നു. ചൗധരി ചരൺസിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ തുടക്കം. 1977ൽ ആ പാർടി ജനതാ പാർടി ആയപ്പോൾ അവരുടെ സ്ഥാനാർത്ഥിയായി 26-ാം വയസ്സിൽ എംഎൽഎ ആയി.
മൂന്നുവർഷം കഴിഞ്ഞപ്പോൾ കോൺഗ്രസിനാണ് സാധ്യതയെന്ന് വന്നതോടെ അങ്ങോട്ടുമാറി.1980ലും 1984ലും കോൺഗ്രസിന്റെ എംപിയായി. വിവാഹമോചിതരാകുന്ന മുസ്ലിം യുവതികൾക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ൽ രാജീവ് ഗാന്ധി നിയമം കൊണ്ടുവന്നപ്പോൾ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ടു.
തുടർന്ന് വിപി സിങ്ങിന്റെ ജനതാദളിൽ എത്തി. 1989-ൽ ദളിന്റെ എംപിയായി. ജനതാദൾ സർക്കാരിൽ വ്യോമയാനമന്ത്രിയായി. ഇതിനിടെ, ജയിൻ ഡയറി കേസിൽ ആരിഫ് മുഹമ്മദ് ഖാന്റെ പേരുവന്നു. 1988 മെയ് മുതൽ 1991 ഏപ്രിൽവരെ ആരിഫ് മുഹമ്മദ് ഖാന് 7.63 കോടി രൂപ ഹവാല ഇടപാടിലൂടെ ലഭിച്ചെന്നായിരുന്നു സിബിഐ കുറ്റപത്രം. 1998-ൽ ബഹുജൻ സമാജ് വാദി പാർടിയിൽ ചേർന്നു. പിന്നീട് ബിഎസ്‌പി വിട്ട് രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിയിൽ ചേർന്നു. വീണ്ടും മലക്കംമറിഞ്ഞാണ് 2004ൽ ബിജെപിയിൽ എത്തിയത്.
പദവികൾ ഇല്ലാതായതോടെ ആരിഫ് മുഹമ്മദ് ഖാൻ 2007ൽ ബിജെപി വിട്ടു. പിന്നീട് യുപി നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപിയിലെത്തി. എൺപതുകളുടെ അവസാനം തത്വാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ പ്രതിനിധിയായി വാഴ്‌ത്തപ്പെട്ട ഒരു രാഷ്‌ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ് അദ്ദേഹം ആടിത്തീർക്കുന്നതെന്നും ലേഖനം പറയുന്നു.
ജയിൻ ഹവാല കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മറ്റൊരു ലേഖനത്തിൽ ദേശാഭിമാനി വ്യക്തമാക്കുന്നു. ജയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്‌ട്രീയ നേതാവ് ആരിഫ് മുഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. ഉന്നത ഇടപെടലുകളെത്തുടർന്ന് കേസ് അട്ടിമറിക്കപ്പെട്ടു. ഇത്തരത്തിൽ ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉൾപ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
ഗവർണർ മനോനില തെറ്റിയപോലെ പെരുമാറുന്നുവെന്ന് ജനയുഗം
ഗവർണർ മനോനില തെറ്റിയപോലെ പെരുമാറുന്നു എന്ന് സിപിഐ മുഖപത്രമായ ജനയുഗം വിമർശിച്ചു. ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് രാജ്ഭവനെ ഉപയോഗിക്കുന്നു. ഗവർണർ എന്ന വാക്കിനോട് നീതി കാണിക്കാതെ പുലഭ്യം പറയുന്നു. സർക്കാർ ധൂർത്ത് നടത്തുന്നു എന്നാരോപിക്കുന്നു. രാജ്ഭവന്റെയും ഗവർണർ പദവിയുടേയും ധൂർത്ത് അറിയണമെങ്കിൽ വെബ്സൈറ്റിൽ കേരള രാജ്ഭവൻ എന്ന് സെർച്ച് ചെയ്താൽ മതി. ഓരോ മാസവും ഗവർണർ സംവിധാനത്തിനായി കോടികൾ ചെലവാക്കുകയാണെന്നും ജനയുഗം പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates