ശബരിമല: ശബരിമല സന്നിധാനത്തിലെ അന്നദാനമണ്ഡപത്തിലൂടെ ഏഴ് ലക്ഷത്തിൽ അധികം തീർത്ഥാടകരുടെ വിശപ്പടക്കി ദേവസ്വം ബോർഡ്. ഡിസംബർ 22 വരെയുള്ള കണക്കനുസരിച്ച് 7,07,675 ഭക്തർക്കാണ് ഈ തീർഥാടനകാലത്ത് സന്നിധാനത്തെ അന്നാദനമണ്ഡപത്തിൽ സൗജന്യഭക്ഷണമേകിയത്. അന്നദാനം നടത്താനായി ലോകമെമ്പാടുമുള്ള ഭക്തരിൽനിന്ന് ഓൺലൈനായി 2.18 കോടി രൂപ ലഭിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞവർഷം ഡിസംബർ 22 വരെ ആറരലക്ഷത്തിലേറെപ്പേർക്കാണ് അന്നദാനം നടത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ തീർത്ഥാടകർ എത്തിയ ഈ വർഷത്തിൽ 50,000ത്തിൽ കൂടുതൽ പേർക്കാണ് ഭക്ഷണം നൽകിയത്. എത്ര അയ്യപ്പഭക്തർ വന്നാലും അവർക്കെല്ലാം സൗജന്യമായി ഭക്ഷണം നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയിൽ പണികഴിപ്പിച്ച ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം. 2000 പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടമുണ്ടെങ്കിലും വൃത്തിയാക്കലും മറ്റുസൗകര്യങ്ങളും പരിഗണിച്ച് പകുതിയോളം പേർക്കാണ് ഒരുമിച്ച് ഭക്ഷണം നൽകുന്നത്. രാവിലെ ആറരമണി മുതൽ ഉച്ചയ്ക്ക് 11.30 വരെ പ്രഭാതഭക്ഷണവും, ഉച്ചയ്ക്കു 12 മണി മുതൽ 3.30 വരെ ഉച്ചഭക്ഷണവും വൈകിട്ട് 6.30 മുതൽ രാത്രി 12.00 മണിവരെ രാത്രിഭക്ഷണവും വിതരണം ചെയ്യും. ഭക്ഷണത്തിന്റെ ലഭ്യത അനുസരിച്ച് ചിലപ്പോൾ ഉച്ചഭക്ഷണം വൈകിട്ടു നാലരവരെയും അത്താഴം രാത്രി ഒരുമണിവരെയും നീളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates