ദിയ ബിനു പുളിക്കക്കണ്ടം 
Kerala

'കാലം കാത്തുവച്ച കാവ്യനീതി'; പാലായില്‍ 21കാരി ദിയ നഗരസഭ അധ്യക്ഷ

എല്‍ഡിഎഫിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭാ ചെയര്‍പേഴ്‌സണ്‍. 21 കാരിയായ ദിയ 14 വോട്ടുകള്‍ നേടിയാണ് ജയിച്ചത്. കാലം കാത്തുവച്ച കാവ്യനീതിയാണ് തന്റെ മേയര്‍ സ്ഥാനമെന്ന് ദിയ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നേട്ടവും ദിയ സ്വന്തമാക്കി. പാല എംഎല്‍എ മാണി സി കാപ്പന്‍ തുടങ്ങിയ പ്രമുഖ യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. എല്‍ഡിഎഫിന് പന്ത്രണ്ട് വോട്ടുകള്‍ ലഭിച്ചു.

കാലം കാത്തുവച്ച കാവ്യനീതിയാണെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം ദിയയുടെ പ്രതികരണം. ഒത്തിരി സന്തോഷം തോന്നുന്നു. ജനങ്ങള്‍ നല്‍കിയ വിധിയാണ് ഇതെന്നും അവര്‍ ആഗ്രഹിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ദിയ പറഞ്ഞു. പ്രതിപക്ഷവും തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിയ കൂട്ടിച്ചേര്‍ത്തു

26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പന്ത്രണ്ടു യുഡിഎഫിന് പത്തും അംഗങ്ങളെയുമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച പുളിക്കക്കണ്ടം ബിജു, പുളിക്കക്കണ്ടം, ബിനു, പുളിക്കക്കണ്ടം ദിയ എന്നിവരെ കൂടാതെ മറ്റ് ഒരു സ്വതന്ത്രയായ മായ രാഹുലും വിജയിച്ചിരുന്നു. സ്വതന്ത്രര്‍ പിന്തുണ നല്‍കിയതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇതാദ്യമാണ് പാലാ നഗരസഭ കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമാകുന്നത്. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.

ബിനു പുളിക്കക്കണ്ടം, പാലാ നഗരസഭയുടെ 14-ാം വാര്‍ഡിലും ബിജു പുളിക്കക്കണ്ടം 13-ാം വാര്‍ഡിലും ബിനുവിന്റെ മകള്‍ ദിയ 15-ാം വാര്‍ഡിലുമായിരുന്നു ജനവിധി തേടിയത്. ഈ മൂന്ന് വാര്‍ഡുകളിലും യുഡിഎഫിന് സ്ഥനാര്‍ഥികളുണ്ടായിരുന്നില്ല. ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്മയെ യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാര്‍ഡില്‍ നിന്നാണ് മകള്‍ ദിയ ജയിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തെരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.

മുന്നണികള്‍ മാറിമാറി മത്സരിച്ച ചരിത്രമാണ് ബിനു പുളിക്കക്കണ്ടത്തിന്റേത്. കോണ്‍ഗ്രസ് പ്രതിനിധിയായാണ് ബിനു ആദ്യം നഗരസഭാംഗമായത്. പിന്നീട് സ്വതന്ത്രനായി വിജയിച്ചു. 2015 ല്‍ ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ച് പാലായില്‍ ആദ്യമായി താമര വിരിയിച്ചു. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സഹോദരന്‍ ബിജുവായിരുന്നു എതിരാളി. 2020ല്‍ സിപിഎം സ്ഥാനാര്‍ഥിയായി പാര്‍ട്ടി ചിഹ്നത്തിലായിരുന്നു ബിനുവിന്റെ മത്സരം. സിപിഎമ്മിന്റെ ചിഹ്നത്തില്‍ വിജയിച്ച ഏക ഇടതുപക്ഷ അംഗമായിരുന്നു ബിനു. എന്നാല്‍ ജോസ് കെ മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല. ഇത് ഏറെ ചര്‍ച്ചയായിരുന്നു. ഇത്തവണ ബിനു വീണ്ടും സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ബിജു പുളിക്കക്കണ്ടം ദീര്‍ഘനാള്‍ കേരള കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

Diya Binu Pulikkakandam becomes the Chairperson of Pala Municipality

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 33 lottery result

മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ

തണുപ്പാണ്, കൂടുതൽ ശ്രദ്ധയോടെ ചർമ്മം സംരക്ഷിക്കാം

എൻസിഇആർടിയിൽ നിരവധി ഒഴിവുകൾ, പത്താംക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ളവർക്ക് അവസരം

SCROLL FOR NEXT