എം സ്വരാജ്  
Kerala

പ്രതീഷ് വിശ്വനാഥിനെ പരിചയം ഇല്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗിലെ ജമാഅത്തെ വിഭാഗം; എം സ്വരാജ്

സംഘപരിവാറിന്റെ നേതൃത്വത്തില്‍ എന്നെ ഒരു മുസ്ലിം വര്‍ഗീയതയുടെ ആളാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരുന്നത്.

Author : ലക്ഷ്മി ആതിര

ആര്‍എസ്എസ് നേതാവ് പ്രതീഷ് വിശ്വനാഥുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗിലെ ജമാഅത്തെ വിഭാഗവുമാണെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ ഹിന്ദു വര്‍ഗീയവാദിയായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത വ്യക്തിയുമായി ബന്ധപ്പെടുത്തി ഇത്തരമൊരു നുണപ്രചാരണം നടത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് 'സമകാലിക മലയാളത്തിന്' നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

താങ്കള്‍ ആര്‍.എസ്.എസ് നേതാവ് പ്രതീഷ് വിശ്വനാഥുമായി കൂടിക്കാഴ്ച നടത്തി എന്ന തരത്തിലുള്ള ഒരു വ്യാജവാര്‍ത്ത പുറത്തുവന്നല്ലോ. താങ്കള്‍ക്കുമേല്‍ ആര്‍.എസ്.എസ് ചാപ്പ കുത്താന്‍ ശ്രമം നടക്കുന്നുണ്ടോ?

ഇതാദ്യമായല്ല എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വരുന്നത്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ എന്നെ ഒരു മുസ്ലിം വര്‍ഗീയതയുടെ ആളാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരുന്നത്. കുറച്ചു നാളായി ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗിലെ ജമാഅത്തെ വിഭാഗവും എന്നെ ഹിന്ദു വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നു. രണ്ട് വര്‍ഗീയവാദികളും ഇക്കാര്യത്തില്‍ പരസ്പര ധാരണയോടെയാണ് മുന്നോട്ട് പോകുന്നത്.

ഇപ്പോള്‍ നമ്മള്‍ കാണുന്ന കള്ളം പ്രചരിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. യഥാര്‍ഥത്തില്‍ ഇതൊരു കള്ളം മാത്രമല്ല, മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മിച്ചെടുത്ത കള്ളങ്ങള്‍ ആണിവ. ഒന്ന്, ഞാന്‍ ഒരു വര്‍ഗ്ഗീയ വാദിയുമായി കൂടിക്കാഴ്ച നടത്തി എന്ന പ്രചാരണം അവര്‍ നടത്തി. രണ്ട്, നടക്കാത്ത ഒരു കൂടിക്കാഴ്ചയെ 'സൗഹൃദപരമായ കൂടിക്കാഴ്ചയാണ്, വിവാദമാക്കേണ്ടതില്ല' എന്ന് ഞാന്‍ പറഞ്ഞതായി വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചു. മൂന്ന്, 'ദേശാഭിമാനി'യുടെ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ചാണ് അവര്‍ ഈ കാര്‍ഡ് നിര്‍മ്മിച്ചത്. ഇതിനെല്ലാമെതിരെ കൃത്യമായ നിയമനടപടി സ്വീകരിക്കും.

എന്തുകൊണ്ടാണ് താങ്കള്‍ക്ക് എതിരെ തുടര്‍ച്ചയായി ഇത്തരത്തിലുള്ള അരോപണങ്ങള്‍ വരുന്നത്?

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ സംഘപരിവാറിനെ എതിര്‍ക്കുന്നതുപോലെ തന്നെ ജമാഅത്തെ ഇസ്ലാമിയെയും തുറന്നുകാട്ടേണ്ടത് അനിവാര്യമാണ്. ഇരു വര്‍ഗ്ഗീയതയെയും തുറന്ന് എതിര്‍ക്കുന്നതിന്റെ പ്രതികാരമായാണ് ഇത്തരം നുണപ്രചാരണങ്ങള്‍ നടക്കുന്നത്.

പ്രതീഷ് വിശ്വനാഥിനെ താങ്കള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുണ്ടോ?

എനിക്ക് അയാളെ പരിചയമേയില്ല. ഞാന്‍ ഇതുവരെ അയാളെ കണ്ടിട്ടുമില്ല.

മുസ്ലിം ലീഗിലെ ജമാഅത്തെ വിഭാഗമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് താങ്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ താങ്കളെ സംഘാവ് എന്ന് വിളിച്ചിരുന്നു. തഹ്ലിയയെപ്പോലെയുള്ള ആളുകളെയാണോ ലീഗിലെ ജമാഅത്തെ പ്രതിനിധികളായി താങ്കള്‍ കാണുന്നത്?

അവര്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കാനില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വ്യക്തിഹത്യാ പ്രചാരണത്തിന്റെ ഭാഗമാണിത്. ആ വ്യക്തി തന്നെ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥിയെ മഹത്വവല്‍ക്കരിച്ച് സംസാരിക്കുന്നതായും കേട്ടു. എല്ലാം വ്യക്തമാണ്. കൂടുതലൊന്നും പറയുന്നില്ല.

കുറച്ചു കാലങ്ങളായി കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്ന പ്രചാരണമാണ് കേരളത്തില്‍ ഇപ്പോള്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ ഇല്ല എന്നത്. വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കേരളത്തിലെ അവസാനത്തെ യഥാര്‍ഥ കമ്മ്യൂണിസ്റ്റും മരിച്ചു എന്നായിരുന്നു. എന്താണ് ഇത്തരത്തിലുള്ള പ്രചാരണങ്ങളുടെ മൂലകാരണം?

യഥാര്‍ത്ഥത്തില്‍ ഇതൊരു പുതിയ കാര്യമല്ല. കേള്‍ക്കുമ്പോള്‍ പുതിയതായി തോന്നുന്നതാണ്. സി.പി.എമ്മിന്റെ മഹാരഥന്മാരായ പല നേതാക്കളെയും വ്യക്തിഹത്യ നടത്തിയ ഈ കൂട്ടര്‍, മരണശേഷം മാത്രം അവരെ അംഗീകരിക്കുന്ന അല്ലെങ്കില്‍ മഹത്വവല്‍ക്കരിക്കുന്ന പ്രവണതയാണ് സ്വീകരിച്ചുപോരുന്നത്. പി. കൃഷ്ണപിള്ളയും ഇ.എം.എസും ഇ.കെ. നായനാരും ഒക്കെ മരണശേഷം മാത്രം ഇവര്‍ക്ക് വിശുദ്ധരായി. ഇ എം എസിനെതിരെ വ്യാജ അഴിമതി ആരോപണം വരെ ഉന്നയിച്ചവരാണ് ഇവര്‍. എ.കെ.ജി. മരണശയ്യയില്‍ കിടക്കുമ്പോള്‍ ആശുപത്രിക്ക് മുന്‍പില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം 'കാലന്‍ വിളിച്ചിട്ടും പോകാത്തതെന്താണെടോ ഗോപാലാ' എന്നായിരുന്നു.

ഇപ്പോള്‍ വിശുദ്ധരെന്ന് വലതുപക്ഷം ചൂണ്ടിക്കാണിക്കുന്ന പഴയകാല നേതാക്കളെ, അവര്‍ ജീവിച്ചിരുന്നപ്പോള്‍ ക്രൂരമായാണ് വേട്ടയാടിയത്. മരിച്ച ശേഷം മാത്രമാണ് അവരൊക്കെ വലതുപക്ഷത്തിന് നല്ലവരായത്. ജീവിച്ചിരിക്കുന്നവരെ ഇകഴ്ത്താന്‍ വേണ്ടി മരിച്ച വരെ ഉയര്‍ത്തിക്കാണിക്കുന്നത് ഒരു വലതുപക്ഷ രാഷ്ട്രീയ തന്ത്രമാണ്.

കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഈയിടെയായി തങ്ങള്‍ ഇടതുപക്ഷമാണെന്ന് അവകാശപ്പെടുന്നത്?

നവോത്ഥാന കാലം മുതല്‍ ഒരു ഇടതുപക്ഷ മനസ്സാണ് കേരളത്തിനുള്ളത്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. കേരളത്തിന്റെ ആ ഇടതുപക്ഷ മനസ്സിനെ സ്വാധീനിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ യഥാര്‍ഥ ഇടതുപക്ഷം എപ്പോഴും എല്ലാ കാര്യത്തിലും പുരോഗമന ചിന്താഗതി പുലര്‍ത്തുന്നവരാണ്. കോണ്‍ഗ്രസ് അതിന് നേര്‍വിപരീതവുമാണ്. 2021-ലെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ആചാരലംഘനത്തിന് ജയില്‍ ശിക്ഷ നല്‍കുമെന്ന് പറഞ്ഞവരാണവര്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കൃത്യമായ ശമ്പളമോ പെന്‍ഷനോ നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ലാഭകരമല്ലെന്ന പേരില്‍ അവിടയെല്ലാം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണ്. അവിടെയെല്ലാം നിയമന നിരോധനം നിലനില്‍ക്കുന്നു. ഇങ്ങനെ ഏതു കാര്യം പരിശോധിച്ചാലും കോണ്‍ഗ്രസിന് 'ഇടതുപക്ഷം' എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ല എന്ന് മനസ്സിലാകും.

കേരള രാഷ്ട്രീയത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നതായി തോന്നുന്നുണ്ടോ? പണ്ട് രമേശ് ചെന്നിത്തല ഒരു അഭിമുഖത്തില്‍ 'മറ്റു പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ കോണ്‍ഗ്രസിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് താങ്കളുടെ പേര് പറഞ്ഞത് ഓര്‍ക്കുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ സൗഹൃദങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ടോ?

മറുപടി: പൊതുവില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വളരെ നിര്‍ഭാഗ്യകരമായ മാറ്റമാണിത്. യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കളാണ് വിദ്വേഷത്തിന്റെയും ശത്രുതയുടെയും അക്രമണോത്സുകമായ ഒരു ശൈലി കൊണ്ടുവന്നത്. വ്യക്തിഹത്യകള്‍, വ്യാജപ്രചാരണങ്ങള്‍, കടന്നാക്രമണങ്ങള്‍ എന്നിവയൊക്കെയാണ് ഇന്നുള്ളത്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ സി.പി.എമ്മിന്റെ ഒരു പ്രതിനിധി കോണ്‍ഗ്രസ് പ്രതിനിധിയെ 'സുഹൃത്തേ' എന്ന് അഭിസംബോധന ചെയ്തപ്പോള്‍, 'ഞാന്‍ നിങ്ങളുടെ സുഹൃത്തല്ല' എന്ന് അദ്ദേഹം ആക്രോശിക്കുകയുണ്ടായി. ചരിത്രത്തിലേക്ക് നോക്കുകയാണെങ്കില്‍ ഗാന്ധിജി ഹിറ്റ്ലര്‍ക്ക് അയച്ച കത്തില്‍ പോലും 'സുഹൃത്തേ' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നതെന്നു കാണാം. പരസ്പര ബഹുമാനം തൊട്ടുതീണ്ടാത്ത ഹിംസാത്മക ശൈലി ചാനല്‍ ചര്‍ച്ചകളുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു.

നേരത്തെ പറഞ്ഞതുപോലെ രമേശ് ചെന്നിത്തലയെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ വളരെ സ്‌നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയുമാണ് വളരെ ജൂനിയറായ ഞങ്ങളോടുപോലും പെരുമാറിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ വ്യക്തിഹത്യ രാഷ്ട്രീയത്തിന് തടയിടാന്‍ കഴിഞ്ഞില്ല.

Do not know Pratheesh Viswanath; Jamaat-e-Islami faction within Muslim League behind allegations: M Swaraj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

'നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ'; കണ്ണൂരില്‍ ഫ്‌ലക്‌സ്

ആം ആദ്മിയെ പിളര്‍ത്തി രാഘവ് ഛദ്ദ, ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിക്കുക; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തോമസ് കപ്പ് ബാഡ്മിന്റണ്‍; കാനഡയെ തകര്‍ത്ത് ഗംഭീര തുടക്കമിട്ട് ഇന്ത്യ

എൻ‌ടി‌പി‌സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം, 250 ഒഴിവുകൾ; എൻജിനീയറിങ് ബിരുദമുള്ളവർക്ക് അവസരം

SCROLL FOR NEXT